കേരള യൂനിവേഴ്്‌സിറ്റിക്ക് വിജയ തിലകം

പതിറ്റാണ്ടുകളായി കേരള സർവകലാശാല തലസ്ഥാന നഗരിയുടെ തിലകക്കുറിയായി കേരളത്തിനാകെ അഭിമാനമായി തല ഉയർത്തിനിൽക്കുന്നു. സർവകലാശാലക്ക് കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോൾ നാഷനൽ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് കൂടി നേടിയതോടെ സർവകലാശാലയുടെ ഗരിമ ദേശീയ തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. 
തീർച്ചയായും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇതഭിമാനകരമാണ്. നമ്മുടെ കുട്ടികൾ നിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിന് പുറത്തേക്കും വിദേശത്തേക്കും പോകേണ്ടിവരുന്നത് ഒഴിവാക്കാൻ ഇതുപകാരപ്പെടുമോ എന്നാണറിയേണ്ടത്. 
കഴിഞ്ഞ 20 കൊല്ലമായുള്ള പരിശ്രമങ്ങളുടെ ഫലമായാണ് കേരള സർവകലാശാലക്ക് ഈ നേട്ടം ഉണ്ടായത്. 2003 ൽ ബി പ്ലസ് പ്ലസ് നേടി. 2015 ൽ എ ഗ്രേഡിലേക്ക് ഉയർന്നു. കഴിഞ്ഞ വർഷങ്ങളിൽ വലിയ തോതിൽ നിലവാരം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങളുണ്ടായി. 
ഇപ്പോൾ രാജ്യത്തെ പത്ത് സർവകലാശാലകളിലൊന്നായിത് ഉയർന്നു. കേരളത്തിൽ നിന്നൊരു സർവകലാശാല ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. 16 ഫാക്കൽറ്റികളും 43 പഠന ഗവേഷണ വകുപ്പുകളും മികച്ച പാഠ്യപദ്ധതികളുമൊക്കെ സർവകലാശാലക്കുണ്ട്. എങ്കിലും എല്ലാം തികഞ്ഞുവെന്ന് ആരും ധരിക്കുമെന്ന് തോന്നുന്നില്ല.
അഞ്ചു വർഷത്തേക്ക് എ പ്ലസ് പ്ലസ് ഗ്രേഡ് തുടരാമെന്നൊരു മെച്ചം ഈ നേട്ടത്തിനുണ്ട്. പാഠ്യപദ്ധതിക്ക് 3.08, ബോധനം, അധ്യാപനം, മൂല്യനിർണയം എന്നിവക്ക് 3.47, ഗവേഷണം, കണ്ടുപിടിത്തം, അനുബന്ധ പ്രവർത്തനം എന്നിവക്ക് 3.52, അടിസ്ഥാന സൗകര്യ മേഖല, പഠന സൗകര്യങ്ങളുടെ പര്യാപ്തത എന്നിവക്ക് 3.75 എന്നിങ്ങനെ 3.67 ലഭിച്ചതോടെയാണ് വലിയ നേട്ടമുണ്ടാക്കാനായത്. ഉസ്മാനിയ സർവകലാശാലയിലെ മുൻ വൈസ് ചാൻസലർ ഡോ. രാമചന്ദ്രൻ സുരൺദാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് കേരള സർവകലാശാലക്ക് എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിക്കാനിടയാക്കിയത്. 
പാലക്കാട് ഐ.ഐ.ടിയുടെ സഹായത്തോടെ നിർമിച്ച ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് സംവിധാനം വന്നതോടെ കുത്തഴിഞ്ഞു കിടന്ന പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും നന്നാക്കാനായി. 
സർവകലാശാലയുടെ ലൈബ്രറി സംവിധാനവും ആധുനികവൽക്കരിക്കപ്പെട്ടു. ഈ അടുത്ത കാലത്ത് സർവകലാശാലക്ക് നാല് പേറ്റന്റുകൾ നേടിയെടുക്കാൻ കഴിഞ്ഞു. ഇങ്ങനെ നിലവാരം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങളുടെ പരിണത ഫലമാണ് ഈ നേട്ടം.
എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചതോടെ യു.ജി.സിയിൽ നിന്നുള്ള ധനസഹായം വർധിക്കുമെന്ന കാര്യം ഉറപ്പാണ്. അക്കാദമിക, ഗവേഷണ സഹായധനം വലിയ തോതിൽ ഉയരും. പുതിയ കോഴ്‌സുകൾ ആരംഭിക്കാൻ കഴിയും. കേന്ദ്ര സർക്കാരിന്റെ പ്രോജക്ട് ഫണ്ടിംഗിന് അപേക്ഷിക്കാമെന്നൊരു മെച്ചവുമുണ്ട്. 
ഇതത്ര ചില്ലറ കാര്യമല്ല.  ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എമിനൻസ്, സെന്റർ ഓഫ് എക്‌സലൻസ് എന്നിവക്ക് അപേക്ഷിക്കാമെന്നത് വലിയ സാമ്പത്തികം ലഭിക്കാൻ സഹായിക്കും.  
1000 കോടിരൂപയുടെ സഹായം വരെ ലഭ്യമാകും. പണത്തിന്റെ ദാരിദ്ര്യം ഇങ്ങനെ ഒഴിവായി കിട്ടുമെന്നത് സർവകലാശാലയെ സംബന്ധിച്ച് വലിയ കാര്യമാണ്. 
ഇനി അൽപം സർവകലാശാല ചരിത്രം നോക്കാം. രാജ്യത്തെ പതിനാറാം സർവകലാശാലയായി 1937 ലാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. അക്കാലത്ത് കേരളം ഉണ്ടായിരുന്നില്ല. 
തിരുവിതാംകൂർ സംസ്ഥാനത്തെ സർവകലാശാലയായിരുന്നു. ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്തെ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ ഈ സർവകലാശാലക്ക് ഒരു ചാൻസലറെ കണ്ടെത്തേണ്ടതായി വന്നപ്പോൾ ലോകപ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ആൽബർട്ട് ഐൻസ്റ്റീനെ അതിനായി ക്ഷണിച്ചുകൊണ്ട് കത്തയച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 
ലോകനിലവാരത്തിലുള്ള ഒരു സർവകലാശാല സ്ഥാപിക്കുകയെന്നതായിരുന്നു അന്നത്തെ ഭരണാധികാരികളുടെ ലക്ഷ്യം. എന്നാൽ അവരുടെ സ്വപ്‌നം സാക്ഷാൽക്കരിക്കാൻ നമുക്ക് കഴിഞ്ഞുവോയെന്ന് ആത്മപരിശോധന നടത്തേണ്ട സമയം കൂടിയാണിത്.
ഉന്നതരായ വൈസ് ചാൻസലർമാരെയും പ്രൊഫസർമാരെയും വാർത്തെടുക്കുന്നതിൽ നമ്മൾ വിജയിച്ചുവോ. നിരവധി സർവകലാശാലകൾ ഇന്ന് കേരളത്തിലുണ്ടെങ്കിലും അതിന്റെ തലപ്പത്ത് സർഗശേഷിയുള്ള എത്ര ഭരണാധികാരികളുണ്ട്.  വിജ്ഞാന മേഖലയിൽ മൗലിക സംഭാവനചെയ്ത എത്ര പേരുണ്ട്. സെനറ്റിലേക്കും സിണ്ടിക്കേറ്റിലേക്കും തെരഞ്ഞെടുക്കപ്പെടുന്നർ യഥാർത്ഥത്തിൽ അതിന് യോഗ്യതയുള്ളവരാണോ. 
രാഷ്ട്രീയ അതിപ്രസരം ഭരണ തലത്തെയും വിദ്യാഭ്യാസ രംഗത്തെയും പ്രതികൂലമായി ബാധിച്ചില്ലെന്ന് നമുക്ക് പറയാനാകുമോ. 
അക്കാദമിക രംഗത്ത് മികവ് തേടി നമ്മുടെ കുട്ടികൾ ലോകമെമ്പാടുമുള്ള സർവകലാശാലകളിലേക്ക് പോകുകയാണ്. ഉത്തരേന്ത്യയിലെ സർവകലാശാലകളിലേക്കും കുട്ടികൾ പോകുന്നു. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗതി പരിതാപകരമാണെന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറ്റസമ്മതം നടത്തിയിട്ട് ഏറെ നാളുകളായിട്ടില്ല. എന്തായാലും കേരള സർവകലാശാലക്ക് ലഭിച്ച ഈ നേട്ടം നമുക്ക് നിലനിർത്താൻ കഴിയണം.
 പുതിയൊരു തുടക്കത്തിന് ഇത് വഴി തുറക്കണം. മറ്റു സർവകലാശാലകൾ കേരളയുടെ വഴിയിലേക്കെത്താനും ശ്രമിക്കണം. കേരളം ഒരു ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി മാറാൻ എന്തുകൊണ്ടും യോഗ്യതയുള്ള സംസ്ഥാനമാണ്. 
പ്രവാസികളുടെ സഹകരണത്തോടെ ലോകനിലവാരമുള്ളൊരു സർവകലാശാല നമുക്ക് സൃഷ്ടിച്ചെടുക്കാവുന്നതേയുള്ളൂ. നമ്മുടെ വിദ്യാഭ്യാസ മേഖലക്ക് പുത്തനുണവർവ് പകരാൻ ഈ നേട്ടം വഴിതുറക്കണം.

Latest News