ന്യൂദല്‍ഹി- കോവിഡിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ച വാക്‌സിനുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 42 ലക്ഷത്തിലധികം മരണങ്ങള്‍ തടയാന്‍ സഹായിച്ചതെന്ന് ദ ലാന്‍സെറ്റ് ഇന്‍ഫെക്്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച മാത്തമറ്റിക്കല്‍ മോഡലിംഗ് പഠനം വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ സംഭവിക്കേണ്ടിയിരുന്ന 31.4 ദശലക്ഷം കോവിഡ് മരണങ്ങളില്‍ 19.8 ദശലക്ഷവും തടയാന്‍ വാക്‌സിനേഷന്‍ ആദ്യ വര്‍ഷത്തില്‍ സഹായകമായതായി പഠനം പറയുന്നു. 185 രാജ്യങ്ങളില്‍ നിന്നുള്ള അധിക മരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കണക്കുകള്‍.
2021 അവസാനത്തോടെ ഓരോ രാജ്യത്തെയും ജനസംഖ്യയുടെ 40 ശതമാനം പേര്‍ക്ക് രണ്ടോ അതിലധികമോ ഡോസുകള്‍ വാക്‌സിനേഷന്‍ നല്‍കുകയെന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം നേടിയിരുന്നെങ്കില്‍ 5,99,300 ജീവന്‍ കൂടി രക്ഷിക്കാമായിരുന്നു.
എല്ലായിടത്തും സാമ്പത്തിക ശേഷിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വാക്‌സിനുകള്‍ ലഭ്യമാക്കിയതിലൂടെ ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നാണ് തങ്ങളുടെ കണ്ടെത്തലുകള്‍ കാണിക്കുന്നതെന്നും അതേസമയം ഇതിലും കൂടുതല്‍ ചെയ്യാമായിരുന്നുവെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഡോ ഒലിവര്‍ വാട്‌സണ്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ നേടിയെടുത്തിരുന്നുവെങ്കില്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ കോവിഡ് മൂലം നഷ്ടമായതായി കണക്കാക്കുന്ന അഞ്ചിലൊരു ജീവന്‍ രക്ഷിക്കാമായിരുന്നു.
ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കി 2020 ഡിസംബര്‍ എട്ടിന് ആദ്യത്തെ കോവിഡ് വാക്‌സിന്‍ നല്‍കിയതു മുതല്‍ ലോക ജനസംഖ്യയുടെ ഏകദേശം മൂന്നില്‍ രണ്ട് പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ലോകമെമ്പാടും വാക്‌സിന്‍ ദൗത്യത്തിന്റെ വേഗത വര്‍ധിപ്പിച്ചിട്ടും 35 ലക്ഷത്തിലധികം കോവിഡ് മരണങ്ങള്‍ സംഭവിച്ചു.
അതേസമയം, ഔദ്യോഗികമായി രേഖപ്പെടുത്തിയ കോവിഡ് മരണങ്ങളുടെ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ നടപ്പിലാക്കിയിരുന്നില്ലെങ്കില്‍ പഠന കാലയളവില്‍ ഏകദേശം 18.1 ദശലക്ഷം മരണങ്ങള്‍ സംഭവിക്കുമായിരുന്നുവെന്ന് സംഘം കണ്ടെത്തി.