ജിദ്ദ- ഇന്ത്യയോട് അടങ്ങാത്ത അഭിനിവേശം പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകനായിരുന്നു മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫായിരുന്ന അന്തരിച്ച ഫാറൂഖ് ലുഖ്മാനെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഖാലിദ് അല്‍മഈന. ഫാറൂഖ് ലുഖ്മാനൊപ്പം അറബ് ന്യൂസില്‍ പ്രവര്‍ത്തിച്ച കാലം ഓര്‍ത്തെടുക്കുകയായിരുന്നു തന്റെ യുട്യൂബ് ചാനലില്‍ ഖാലിദ് അല്‍മഈന. 1982 മുതല്‍ ഫാറൂഖ് ലുഖ്മാനുമായി പരിചയമുണ്ടെന്ന് അദ്ദേഹവുമായുള്ള ദീര്‍ഘകാല ബന്ധം സ്മരിച്ചു കൊണ്ട് ഖാലിദ് അല്‍മഈന പറഞ്ഞു.
യെമന്‍ സ്വദേശിയായ ഫാറൂഖ് ലുഖ്മാന്‍ കൊളംബിയ യൂനിവേഴ്‌സിറ്റി ഗ്രാജ്വേറ്റ് സ്‌കൂളില്‍ നിന്നാണ് ജേണലിസം പഠിച്ചത്. മിഡില്‍ഈസ്റ്റും ഏഷ്യയും മുതല്‍ ഏത് പ്രദേശത്തെയും വിഷയത്തെയും കുറിച്ച് സംസാരിക്കാന്‍ സാധിക്കുന്ന വ്യക്തിയായിരുന്നു ഫാറൂഖ്. ആരുമില്ലാത്ത മരുഭൂമിയില്‍ പെട്ടുപോവുകയാണെങ്കില്‍ ആരെയാണ് കൂടെ വേണ്ടത് എന്ന് ഒരിക്കല്‍ ഒരു ചടങ്ങില്‍ എന്നോട് ചോദിക്കുകയുണ്ടായി. നിസ്സംശയം ഫാറൂഖ് എന്ന് ഞാന്‍ മറുപടി നല്‍കി. അസാധാരണ സംഭാഷണ ചാതുര്യമുണ്ടായിരുന്നു ഫാറൂഖിന്. ഇംഗ്ലിഷില്‍ അസാധാരണപാടവമുള്ള ഫാറൂഖിന് മിനിറ്റുകള്‍ കൊണ്ട് തന്റെ ടൈപ്പ്‌റൈറ്ററില്‍ എഡിറ്റോറില്‍ തയാറാക്കാന്‍ സാധിച്ചിരുന്നു. വാര്‍ത്തകള്‍ക്ക് വേണ്ടി അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. ഇന്റര്‍നെറ്റ് ഇല്ലാത്ത അക്കാലത്ത് ഒരു ഇന്ത്യന്‍ ഫോട്ടോക്കു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഖാലിദ് അല്‍മഈന വിവരിച്ചു. അദ്ദേഹം കാറെടുത്ത് ജിദ്ദ വിമാനത്താവളത്തിലേക്ക് പോയി. ഇന്ത്യയില്‍ നിന്ന് എത്തിയ വിമാനത്തില്‍ നിന്ന് ഇറങ്ങി വന്നവരോട് ടൈംസ് ഓഫ് ഇന്ത്യ പത്രം കൈയിലുണ്ടോയെന്ന് ചോദിച്ചു. പത്രം സംഘടിപ്പിച്ചു കൊണ്ടുവരികയും പിറ്റേന്നത്തെ അറബ് ന്യൂസില്‍ ആ പടം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ക്രിക്കറ്റും ടെന്നിസുമുള്‍പ്പെടെ ഏതു വിഷയവും സംസാരിക്കാന്‍ കഴിയുമെങ്കിലും ഇന്ത്യയോടുള്ള അസാധാരണമായ താല്‍പര്യമാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയത്. അന്നത്തെ ഇന്ത്യ നിറപ്പകിട്ടാര്‍ന്നതായിരുന്നു. ബോളിവുഡും ക്രിക്കറ്റും ഇന്ത്യന്‍ ഭക്ഷണവും വര്‍ണശബളമായ സംസ്‌കാരവും അദ്ദേഹത്തെ ആകര്‍ഷിച്ചു. ഏതു സംഭാഷണവും അദ്ദേഹം ഇന്ത്യയില്‍ കൊണ്ടെത്തിക്കുമായിരുന്നു. സംഭാഷണങ്ങളില്‍ പങ്കെടുക്കുന്ന ചില സൗദികളിലെങ്കിലും അത് നീരസം സൃഷ്ടിക്കുമായിരുന്നു. ഇന്ത്യന്‍ സംഗീതമായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് നിറയെ. കിഷോര്‍കുമാറിന്റെയും മുഹമ്മദ് റഫിയുടെയും പാട്ടുകള്‍ മൂളുമായിരുന്നു അദ്ദേഹം. മധുബാലയുള്‍പ്പെടെ പഴയകാല ഹിന്ദി നടീനടന്മാരുടെ പേരുകള്‍ പോലും അദ്ദേഹത്തിന് സുപരിചിതമായിരുന്നു. ഇന്ത്യയുടെ മാസ്മരികതയില്‍ അലിഞ്ഞു ചേര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അവസരം കിട്ടുമ്പോഴൊക്കെ അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര ചെയ്തു.
പലകാര്യങ്ങളിലും ഞങ്ങള്‍ അഭിപ്രായവ്യത്യാസം പുലര്‍ത്തിയവരായിരുന്നു. അദ്ദേഹം ഇന്ത്യയെ അഗാധമായി സ്‌നേഹിച്ചു. എനിക്ക് സിയാവുല്‍ ഹഖ് ഉള്‍പ്പെടെ പാക്കിസ്ഥാനി നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യന്‍ പക്ഷപാതിയും ഞാന്‍ പാക്കിസ്ഥാന്‍ പക്ഷപാതിയുമാണെന്ന് പലരും തെറ്റായി വിലയിരുത്തി. ഇന്ത്യന്‍ അംബാസഡറാണോ താങ്കളെന്ന് ചോദിക്കുമ്പോള്‍ അങ്ങനെയാവാന്‍ സാധിച്ചെങ്കില്‍ എന്ന് അദ്ദേഹം ചിരിച്ചു കൊണ്ട് മറുപടി പറയുമായിരുന്നു. എല്ലാ അഭിപ്രായഭിന്നതകള്‍ക്കിടയിലും ഞങ്ങള്‍ തമ്മില്‍ ഊഷ്മളമായ സ്‌നേഹബന്ധമുണ്ടായിരുന്നു.
ക്ഷിപ്രകോപിയായിരുന്നു ഫാറൂഖ്. ജോലിയില്‍ വീഴ്ച കാട്ടിയവരോട് അദ്ദേഹം കയര്‍ക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നന്മ മാത്രമായിരുന്നു. ആളുകളെ സഹായിക്കാന്‍ വല്ലാത്ത താല്‍പര്യം കാട്ടിയിരുന്നു- ഖാലിദ് അല്‍മഈന പറഞ്ഞു.