യൂസഫലിയുടെ ഇടപെടല്‍; സൗദിയില്‍നിന്ന് ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

തിരുവനന്തപുരം-സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ വെച്ച് കെട്ടിടത്തില്‍നിന്ന് വീണു മരിച്ച  തിരുവനന്തപുരം സ്വദേശി ബാബുവിന്റെ മൃതദേഹം കേരളത്തിലെത്തിച്ച് സംസ്‌കരിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായത്.
ബുധനാഴ്ച രാത്രി പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ എത്തിച്ച  മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയവരില്‍ ലുലുവിനെ പ്രതിനിധികരിച്ച് പിആര്‍ഒ ജോയ് എബ്രാഹം , മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍. ബി. സ്വരാജ് എന്നിവരുമുണ്ടായിരുന്നു.  മകന്‍ എബിന്‍ മൃതദേഹം ഏറ്റുവാങ്ങി.
ലോക കേരള സഭ ഓപ്പണ്‍ ഫോറത്തിനിടെ നെടുമങ്ങാട് സ്വദേശിയായ എബിന്‍ സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച തന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യൂസഫലിയോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. വൈകാതെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് യൂസഫലി വേദിയില്‍ വെച്ച് തന്നെ എബിന് ഉറപ്പു നല്‍കുകയായിരുന്നു.
സ്‌പോണ്‍സറില്‍ നിന്ന് മാറി മതിയായ രേഖകള്‍ ഇല്ലാതെ ജോലി ചെയ്യുകയായിരുന്ന ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരവധി കടമ്പകളുണ്ടായിരുന്നു. ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിമാനമാര്‍ഗ്ഗം ചൊവ്വാഴ്ച രാത്രി റിയാദില്‍ നിന്ന് പുറപ്പെട്ടത്. ഇതിനാവശ്യമായ എല്ലാ ചെലവുകളും എം.എ.യൂസഫലിയാണ് വഹിച്ചത്.

 

Latest News