Sorry, you need to enable JavaScript to visit this website.

ചന്ദ്രനിലേക്കുള്ള റോക്കറ്റ് ഒരുക്കം 90 ശതമാനം പൂർത്തിയാക്കി നാസ

ചന്ദ്രനിലേക്കുള്ള റോക്കറ്റ് പരീക്ഷണത്തിൽ 90 ശതമാനം ലക്ഷ്യങ്ങളും കൈവരിച്ചതായി നാസ. നിർണായക പരീക്ഷണം പൂർത്തിയാക്കാനുള്ള നാലാമത്തെ ശ്രമത്തിലാണ് ലക്ഷ്യങ്ങളുടെ 90 ശതമാനവും കൈവരിക്കാനായത്. എന്നാൽ  ആദ്യ പറക്കലിനുള്ള തീയതി ഇനിയും കുറിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 
ഈ വേനൽക്കാലത്ത് നിശ്ചയിച്ചിരിക്കുന്ന ആർട്ടെമിസ്1 ദൗത്യത്തിന് മുമ്പായുള്ള റിഹേഴ്‌സലിൽ അവസാനത്തെ ഇനമാണിത്.  ലിക്വിഡ് പ്രൊപ്പല്ലന്റ് കൂടി കയറ്റുന്നതിനാൽ  'വെറ്റ് ഡ്രസ് റിഹേഴ്‌സൽ' എന്നാണ് റോക്കറ്റ് പരീക്ഷണത്തെ വിളിക്കുന്നത്.  
ജോലിക്കാരില്ലാത്ത ചാന്ദ്ര വിമാനം അയക്കുന്നതാണ് ആർട്ടിമെസ്-1 ദൗത്യം. ഇത് വിജയകരമായാൽ ആളുകളുമായി പോകുന്ന യഥാർഥ ചാന്ദ്ര ദൗത്യം നടക്കും. എന്തായാലും ഇതിന് 2026 വരെ കാത്തിരിക്കേണ്ടി വരും.
അഭ്യാസം പൂർത്തിയാക്കാനുള്ള ഏറ്റവും പുതിയ ശ്രമം കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് വിവിധ സംഘങ്ങൾ ആരംഭിച്ചിരുന്നത്.  
റോക്കറ്റിന്റെ ടാങ്കുകളിലേക്ക് പ്രൊപ്പല്ലന്റ് കയറ്റുക,  ലോഞ്ച് കൗണ്ട്ഡൗൺ നടത്തുക, മറ്റു സാഹചര്യങ്ങൾ പരിശോധിക്കുക, തുടർന്ന് ടാങ്കുകൾ വറ്റിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.
മാർച്ചിലാണ് ഈ പരീക്ഷണത്തിനു തുടക്കമിട്ടിരുന്നത്. ഇതിനു മുമ്പ് നടത്തിയ മൂന്ന് പരീക്ഷണങ്ങളിലും തകരാറുകൾ സംഭവിച്ചിരുന്നു.  ലക്ഷക്കണക്കിന് ഗാലൻ സൂപ്പർ കൂൾഡ് ലിക്വിഡ് ഹൈഡ്രജനും ലിക്വിഡ് ഓക്‌സിജനും ഉപയോഗിച്ച് റോക്കറ്റിൽ ഇന്ധനം നിറക്കുന്നതിലായിരുന്നു പരാജയം. എന്നാൽ  തിങ്കളാഴ്ച, ടാങ്കുകളിൽ പൂർണമായും  കയറ്റുന്നതിൽ എൻജിനീയർമാർ വിജയിച്ചു. എന്നാൽ അവർക്ക് പരിഹരിക്കാൻ കഴിയാത്ത  പുതിയ ഹൈഡ്രജൻ ചോർച്ച പ്രശ്‌നവും നേരിട്ടു.
അതേസമയം, മൊത്തത്തിൽ കൈവരിക്കേണ്ട ലക്ഷ്യങ്ങളുടെ  90 ശതമാനവും നേടിയെന്ന്  ആർട്ടെമിസ് മിഷൻ മാനേജർ മൈക്ക് സരഫിൻ  മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മറ്റൊരു റിഹേഴ്‌സൽ ആവശ്യമുണ്ടോ, അതോ വിക്ഷേപണത്തിലേക്ക് നേരിട്ട് പോകാമോ എന്ന് നാസ തീരുമാനിക്കാനിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർട്ടെമിസ് 1  ദൗത്യം ഓഗസ്റ്റിൽ പൂർത്തിയക്കാൻ സാധിക്കുമെന്ന് ഏജൻസി മുമ്പ് പറഞ്ഞിരുന്നു.
പുതിയ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിലെ കാലതാമസം അപ്പോളോ, സ്‌പേസ് ഷട്ടിൽ കാലത്തും സാധാരണമായിരുന്നുവെന്നും സ്‌പേസ് ലോഞ്ച് സിസ്റ്റത്തെ (എസ്.എൽ.എസ്) ബാധിക്കുന്ന പ്രശ്‌നങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നില്ലെന്നും നാസ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറയുന്നു.
ഈ വേനൽക്കാലത്ത് എപ്പോഴെങ്കിലും പരീക്ഷണ പറക്കൽ നടത്താനും ചന്ദ്രന്റെ വിദൂര ഭാഗത്ത് ചുറ്റി സഞ്ചരിക്കാനുമാണ് ആർട്ടെമിസ്1  ഒരുങ്ങുന്നത്. ഇത് പ്രവർത്തിക്കാൻ തുടങ്ങുന്ന സമയത്ത് ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആർട്ടെമിസ്2 ചന്ദ്രനു ചുറ്റും പറക്കുമെങ്കിലും ചന്ദ്രോപരിതലത്തിൽ  ഇറങ്ങില്ല. അതേസമയം ആർട്ടെമിസ്3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ തൊടും. 
ചന്ദ്രനിൽ സ്ഥിര സാന്നിധ്യം ഉണ്ടാക്കാനാണ് നാസയുടെ ശ്രമം. 2030 കളിൽ പദ്ധതിയിടുന്ന ചൊവ്വ ദൗത്യത്തിന് ആവശ്യമായ സാങ്കേതിക വിദ്യകൾക്കായി  ചന്ദ്രനിലെ ഈ കേന്ദ്രം  ഉപയോഗിക്കാനും നാസ ലക്ഷ്യമിടുന്നു.

Latest News