അവധിക്കാല വേളയിൽ ടിക്കറ്റിൻമേൽ ഉണ്ടാകുന്ന അമിത നിരക്കിനെ വിമാനങ്ങൾ ചാർട്ടർ ചെയ്തുകൊണ്ട് ഒരു പരിധി വരെ പിടിച്ചുനിർത്താനാവും. അവധിക്കാലത്ത് ഒരേ സമയം അധികം പേർ യാത്ര ചെയ്യാനുണ്ടാവുമെന്നതിനാൽ സംഘടനകളോ എതെങ്കിലും ഏജൻസികളോ വിമാനം ചാർട്ടർ ചെയ്താൽ ആവശ്യത്തിന് ആളെ കിട്ടുമെന്ന കാര്യം ഉറപ്പാണ്.
വേനലവധി ആരംഭിച്ചതോടെ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്കുള്ള യാത്രയുടെ തിരക്കിലാണ്. വിമാന ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. കിട്ടണമെങ്കിലോ അമിത നിരക്ക് കൊടുക്കുകയും വേണം. മുമ്പൊന്നുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക പ്രയാസത്തിലൂടെയാണ് പ്രവാസികൾ കടന്നു പോകുന്നത്. കോവിഡ് തീർത്ത ദുരിതങ്ങൾക്കും തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കങ്ങൾക്കും പുറമെ വിലക്കയറ്റം, ഓരോ രാജ്യത്തും അനുദിനം മാറുന്ന നിയമങ്ങൾക്കനുസരിച്ച സാമ്പത്തിക ബാധ്യത, കുട്ടികളുടെ വർധിച്ചുവരുന്ന പഠനച്ചെലവ്, ഇതിനു പുറമെ ജോലി നഷ്ടവും ആനുകൂല്യങ്ങളുടെ വെട്ടിക്കുറക്കലുമെല്ലാമായി സാമ്പത്തിക ഞെരുക്കത്തിലാണ് അധികം പേരും. ഇതിനിടെയാണ് അമിത വിമാന ടിക്കറ്റ് നിരക്ക് ബാധ്യത കൂടി ഉണ്ടായിട്ടുള്ളത്.
കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷവും നാട്ടിൽ പോകാൻ കഴിയാതിരുന്നവരെല്ലാം ഈ അവധിക്ക് നാട്ടിൽ പോകാനുള്ള തീരുമാനത്തിലാണ്. ഇത് ടിക്കറ്റ് നിരക്കിൽ വൻ വർധനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ടിക്കറ്റിന് ആവശ്യക്കാർ ഏറുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന വർധനക്കൊപ്പം ഇന്ധന വിലയുടെയും രൂപയുടെ മൂല്യത്തകർച്ചയുടെയുമെല്ലാം പേരിൽ ബജറ്റ് എയർലൈനുകൾ വരെ വൻ തുകയാണ് ടിക്കറ്റിന് ഈടാക്കുന്നത്.
പ്രവാസികളുടെ മടിശ്ശീല കാലിയാക്കുന്ന എല്ലായ്പോഴുമുള്ള വിമാന ടിക്കറ്റ് വർധനക്കെതിരെ ഇന്നു വരേക്കും ഒരു പരിഹാരം ഉണ്ടാക്കാൻ ഭരണകർത്താക്കൾക്ക് ആർക്കും കഴിഞ്ഞിട്ടില്ല. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട പാർലമെന്റും നിയമസഭകളും ഈ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നൽകാറില്ല. എന്തിനേറെ, ഇക്കഴിഞ്ഞ ദിവസം സമാപിച്ച മൂന്നാം ലോക കേരള സഭയിലും ഈ വിഷയം കാര്യമായ ചർച്ചക്കു വന്നില്ലെന്നു വേണം പറയാൻ.
സമ്മേളനം അംഗീകരിച്ച 11 പ്രമേയങ്ങളിലും ഇത്തരമൊരു വിഷയം കടന്നു വന്നതായി കാണുന്നില്ല. പ്രവാസികളുടെ വിവര ശേഖരണം കാര്യക്ഷമമാക്കൽ, മക്കളുടെ വിദ്യാഭ്യാസ സംരക്ഷണം, സ്ത്രീകളുടെ കുടിയേറ്റ നിയമങ്ങളുടെ സുതാര്യത, പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കൽ, പുതിയ പ്രവാസി നയം, തൊഴിലാളികൾക്കും അവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുമായി ഐക്യരാഷ്ട്ര സഭ രൂപീകരിച്ച കൗൺസിലിൽ ഇന്ത്യയുടെ അംഗത്വം, എംബസികളുടെ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കൽ, പ്രവാസി നിക്ഷേപ സാധ്യതകൾ, നോൺ റെസിഡന്റ് കേരള യൂനിവേഴ്സിറ്റി സ്ഥാപനം തുടങ്ങിയ വിഷയങ്ങളൊക്കെയും പ്രമേയങ്ങളായി വന്നുവെങ്കിലും ടിക്കറ്റ് നിരക്ക് ഇത്രയേറെ കൂടിനിൽക്കുന്ന വേളയിലും ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടായില്ല. പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനായി കൂടിയ കേരള സഭയിൽ പങ്കെടുത്തവർ പോലും ഇത്തരമൊരു വിഷയം ചർച്ച ചെയ്യുകയോ പരിഹാര നിർദേശങ്ങൾ മുന്നോട്ടു വെക്കുകയോ ഉണ്ടായില്ലെന്നു വേണം പറയാൻ. എല്ലാ പ്രവാസികളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമായിരുന്നിട്ടും എല്ലായ്പോഴും പോലെ ഇപ്പോഴും ഇക്കാര്യത്തിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ എല്ലാ വർഷത്തെയും പോലെ ഇക്കുറിയും വൻ തുക യാത്രക്കായി പ്രവാസികൾക്ക് മുടക്കേണ്ടി വന്നിരിക്കുകയാണ്.
സൗദിയിൽനിന്ന് കേരളത്തിലേക്ക് 3000-4000 റിയാലാണ് അവധിക്കാല ടിക്കറ്റ് നിരക്ക്. ചില എയർലൈനുകളുടെ നിരക്ക് അതിലും മേലെയാണ്. ദുബായ്-കൊച്ചി സെക്ടറിൽ എമിറേറ്റ്സിന് ജൂലൈ ഒന്നിന് മൂവായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. ബജറ്റ് എയർലൈനായ എയർ അറേബ്യയുടെ നിരക്കു പോലും രണ്ടായിരത്തിന് മുകളിലാണ്. മറ്റു ബജറ്റ് എയർലൈനുകളിലും ഇതേ തോതിലാണ് ടിക്കറ്റ് നിരക്ക്.
എയർ ഇന്ത്യ എക്സ്പ്രസിൽ 2500 നു മുകളിലാണ് നിരക്ക്. ചില വേളകളിൽ ആയിരത്തിൽ താഴെ വരെ ടിക്കറ്റ് ലഭിച്ചിരുന്നിടത്താണ് ഇത്രയേറെ നിരക്ക് കൂടിയിട്ടുള്ളത്. ഇതുപോലെ മറ്റെല്ലാ രാജ്യങ്ങളിൽനിന്നും ടിക്കറ്റ് നിരക്കിൽ വൻ വർധനയുണ്ടായിട്ടുണ്ട്. വേനൽക്കാല അവധി മാത്രമല്ല, കോവിഡാനന്തരം വിനോദ യാത്രകളിലും ബിസിനസ് യാത്രകളിലുമൊക്കെ ഉണ്ടായിട്ടുള്ള വർധനയും ടിക്കറ്റ് വില കൂടാൻ കാരണമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ഇക്കാലയളവിൽ 35 ശതമാനത്തിലേറെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്. എത്ര നേരത്തെ ടിക്കറ്റ് എടുത്താലും കാര്യമായ കുറവ് ഇപ്പോൾ ലഭ്യമല്ല. ഓരോ സീസണിലെയും തിരക്ക് മുൻകൂട്ടി കണ്ടുകൊണ്ട് വിമാന കമ്പനികൾ നേരത്തെ തന്നെ ടിക്കറ്റ് നിരക്കിലും വർധന വരുത്തിയിട്ടുണ്ടാവുമെന്നതിനാൽ പഴയതു പോലുള്ള മിച്ചം മാസങ്ങൾക്കു മുമ്പേ ടിക്കറ്റ് എടുത്താലും ലഭിക്കാറില്ല.
ടിക്കറ്റിന് ഡിമാന്റ് ഉയർന്നതിനൊപ്പം കോവിഡ് മഹാമാരി സൃഷ്ടിച്ച വൻ സാമ്പത്തിക ബാധ്യതയും ഇന്ധന വിലയിലെ വർധനയും രൂപയുടെ മൂല്യത്തകർച്ചയും വിമാന കമ്പനികളെ വൻതോതിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്.
പ്രവാസികളോട് അനുഭാവപൂർവമായ പരിഗണന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല. ഏതു കാര്യത്തിലും പ്രവാസികൾക്ക് പ്രത്യേക നിരക്കാണ് ഈടാക്കുന്നത്. പാസ്പോർട്ട് പുതുക്കുന്നതിൽ വരെ ഇത് കാണാം. അവരുടെ അവകാശങ്ങൾക്കോ ആവശ്യങ്ങൾക്കോ അർഹിക്കുന്ന പരിഗണന ഒരിടത്തുനിന്നും ലഭിക്കാറില്ല. ഇത്തരമൊരു സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ കഴിയുന്നവർ അതാതിടങ്ങളിൽ ഒത്തൊരുമിച്ച് കൂടിയിരുന്ന് ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ശ്രമമാണ് ഉണ്ടാക്കേണ്ടത്. ഇക്കാര്യത്തിൽ പ്രവാസി സംഘടനകൾക്ക് നിർണായക പങ്കുവഹിക്കാനാവും. അവധിക്കാല വേളയിൽ ടിക്കറ്റിൻമേൽ ഉണ്ടാകുന്ന അമിത നിരക്കിനെ വിമാനങ്ങൾ ചാർട്ടർ ചെയ്തുകൊണ്ട് ഒരു പരിധി വരെ പിടിച്ചുനിർത്താനാവും. അവധിക്കാലത്ത് ഒരേ സമയം അധികം പേർ യാത്ര ചെയ്യാനുണ്ടാവുമെന്നതിനാൽ സംഘടനകളോ എതെങ്കിലും ഏജൻസികളോ വിമാനം ചാർട്ടർ ചെയ്താൽ ആവശ്യത്തിന് ആളെ കിട്ടുമെന്ന കാര്യം ഉറപ്പാണ്. കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ഇതു കാണിച്ചു കൊടുത്തതുമാണ്. അതേ നിലപാട് അവധിക്കാല വേളയിലും ചെയ്താൽ അതു സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമാകും. യു.എ.ഇയിലെ റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽനിന്ന് ചില ഏജൻസികൾ ഇതിനകം വിമാനം ചാർട്ടർ ചെയ്തിട്ടുണ്ട്.
റാസൽഖൈമയിൽനിന്ന് കേരളത്തിലേക്ക് പതിവു സർവീസുകാർ രണ്ടായിരം ദിർഹത്തിനു മേൽ ചാർജ് ഈടാക്കുമ്പോൾ ചാർട്ടേർഡ് വിമാനത്തിൽ 1090 ദിർഹത്തിന് ടിക്കറ്റ് വാഗ്ദാനമാണ് നൽകിയിരിക്കുന്നത്. ഇതു പ്രശംസാർഹമായ നടപടിയാണ്. ഇത്തരം സർവീസുകൾ സൗദി അറേബ്യ അടക്കം മറ്റു രാജ്യങ്ങളിൽനിന്നുമുണ്ടായാൽ പ്രവാസികൾ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാനാവും.






