അഗ്നിപരീക്ഷണം ആർക്ക്?

ഇന്ത്യയുടെ സൈനിക സേവന മേഖലയെയാകെ തകിടം മറിക്കുംവിധം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെമ്പാടും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധാഗ്നി ഇനിയും കെട്ടടങ്ങിയിട്ടില്ല. ബിഹാർ, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ പ്രതിഷേധം തുടരുക തന്നെയാണ്. ട്രെയിനുകൾ കത്തിക്കുന്നതിനും പൊതുമുതൽ നശിപ്പിക്കുന്നതിനും അൽപം കുറവുണ്ടായിട്ടുണ്ടെങ്കിലും അവരുടെ രോഷം തണുത്തിട്ടില്ല. എന്നിട്ടും പദ്ധതിയിൽനിന്ന് പിന്നോട്ടു പോകുന്ന പ്രശ്‌നമില്ലെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. കര, വ്യോമ, നാവിക സേന വിഭാഗങ്ങൾ അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു.
നോട്ട് നിരോധം, കാർഷിക നിയമങ്ങൾ തുടങ്ങിയവ പോലെ പെട്ടെന്നൊരു ദിവസം പൊടുന്നനെ സർക്കാർ നടത്തിയ പ്രഖ്യാപനമായിരുന്നു അഗ്നിപഥ്. ഇന്ത്യൻ സൈന്യത്തെ കൂടുതൽ യുവത്വവും കർമശേഷിയുമുള്ളതാക്കാൻ നടപ്പാക്കുന്ന വിപ്ലവകരമായ പദ്ധതി എന്ന നിലയിലാണ് സർക്കാരിനെ അനുകൂലിക്കുന്ന ദേശീയ മാധ്യമങ്ങൾ ഇതിനെ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധം പ്രഖ്യാപിച്ചപ്പോൾ ദേശീയ ചാനലുകൾ കാട്ടിയതുപോലുള്ള ആവേശമായിരുന്നു ഈ കാര്യത്തിലും. എന്നാൽ സംഗതിയിലെ അപകടം മനസ്സിലാക്കാൻ ഉത്തരേന്ത്യയിലെ ജനങ്ങൾക്ക് അധിക സമയം വേണ്ടിവന്നില്ല. പദ്ധതി പ്രകാരം സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന യുവാക്കളിൽ മുക്കാൽ പങ്കിനും നാല് വർഷം കഴിയുമ്പോൾ യൂനിഫോം അഴിച്ചുവെച്ച് വേറെ പണി നോക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ യുവാക്കൾ ക്ഷുഭിതരായി തെരുവിലിറങ്ങി കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർക്കുകയും ട്രെയിനുകളും മറ്റും കത്തിക്കുകയും ചെയ്തു. ദിവസങ്ങൾ നീണ്ട അക്രമങ്ങളിൽ നൂറുകണക്കിന് കോടി രൂപയുടെ പൊതുമുതലുകളാണ് നശിപ്പിക്കപ്പെട്ടത്.
ജനങ്ങളുടെ ആശങ്ക ബലപ്പെടുത്തുന്നതാണ് അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് കരസേന പുറപ്പെടുവിച്ച വിജ്ഞാപനം. അതനുസരിച്ച് റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ നാലിൽ മൂന്ന് ശതമാനം പേർക്കും നാല് വർഷത്തേക്ക് മാത്രമേ ജോലി ഉണ്ടാവുകയുള്ളൂ. അവർക്ക് പെൻഷനോ ഗ്രാറ്റുവിറ്റിയോ ഉണ്ടാകില്ല. വിരമിച്ച ശേഷം സാധാരണ സൈനികർക്ക് ലഭിക്കുന്ന റേഷൻ ആനുകൂല്യങ്ങളും അവർക്ക് കിട്ടില്ല. അതുപോലെ അഗ്നിവീർ സൈനികന് ഡി.എ, മിലിട്ടറി സർവീസ് പേ എന്നിവ ഉണ്ടായിരിക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. അതായത് നിലവിൽ സൈനികർക്ക് ലഭിക്കുന്ന ശമ്പളം അഗ്നിവീറുകൾക്ക് ലഭിക്കില്ല. പിരിഞ്ഞുപോകുമ്പോൾ ഏതാണ്ട് 11 ലക്ഷം രൂപ ഒരുമിച്ച് ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ആകർഷണമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. ഇതു പക്ഷേ അവരുടെ സേവന കാലത്തെ ശമ്പളത്തിൽനിന്ന് പിടിക്കുന്ന തുക കൂടി ഉൾപ്പെടുന്നതാണ്. സേവന കാലത്ത് യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്നതും സർക്കാർ വലിയ കാര്യമായി എടുത്തുപറയുന്നുണ്ട്. 
സൈന്യത്തിൽ മറ്റു റാങ്കുകൾക്ക് പുറമെ അഗ്നിവീർ എന്നത് ഒരു പ്രത്യേക റാങ്ക് ആയിരിക്കും. സാങ്കേതിക കാഡറിലേക്കും മെഡിക്കൽ വിഭാഗത്തിലേക്കും മാത്രമായിരിക്കും വേറെ റിക്രൂട്ട്‌മെന്റ് നടക്കുക. ജൂലൈ ഒന്നു മുതൽ ഇന്ത്യൻ ആർമിയുടെ ഔദ്യോ ഗിക വെബ്‌സൈറ്റിൽ അഗ്നിപഥ് രജിസ്‌ട്രേഷനായി പ്രത്യേക വിഭാഗം ആരംഭിക്കും. 17.5 വയസ്സ് മുതൽ 23 വയസ്സ് വരെയാണ് പ്രായപരിധി.
ചുരുക്കത്തിൽ ചെറു പ്രായത്തിൽ സൈനിക സേവനത്തിന് ചേരുന്ന ഒരാൾക്ക് ചെറുപ്രായത്തിൽ തന്നെ വിരമിക്കേണ്ടിവരുന്നു. അവർക്ക് വിമുക്ത ഭടന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നുമില്ല. റിക്രൂട്ട് ചെയ്യുന്നവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് 15 വർഷത്തെ സേവനത്തിന് അവസരമുള്ളത്. 
നാല് വർഷത്തെ സേവനം കഴിഞ്ഞ് പിരിയേണ്ടിവരുന്നവർക്ക് അർധസൈനിക വിഭാഗങ്ങളിലും പോലീസിലും മറ്റു സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലും നിയമനത്തിന് സംവരണം ഏർപ്പെടുത്തുമെന്നാണ് സർക്കാർ പറയുന്നത്. അതൊക്കെ ഇപ്പോൾ നിലവിലുള്ള കാര്യങ്ങളാണ്. ചില കോർപറേറ്റ് കമ്പനികളും അഗ്നിവീറുകൾക്ക് ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിമുക്ത ഭടന്മാർക്ക് ഇപ്പോഴും സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി നിയമനങ്ങളിൽ മുൻഗണന ലഭിക്കാറുണ്ട് എന്നതിനാൽ അതും പുതിയ കാര്യമല്ല.
സൈന്യത്തിൽ ചുറുചുറുക്കുള്ള യുവാക്കളുടെ എണ്ണം കൂട്ടുകയും അതുവഴി യുദ്ധസജ്ജത വർധിപ്പിക്കുകയുമാണ് അഗ്നിപഥിന്റെ പ്രധാന ലക്ഷ്യമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. നിലവിൽ ഇന്ത്യൻ സൈനികരുടെ ശരാശരി പ്രായം 32 ആണെന്നും അത് 25 ലേക്ക് കുറച്ചുകൊണ്ടുവരാൻ അഗ്നിപഥിലൂടെ കഴിയുമെന്നുമാണ് പറയുന്നത്. മാത്രമല്ല, അത്യാധുനിക യുദ്ധോപകരണങ്ങൾ കൃത്യമായി ഉപയോഗിക്കാൻ ചെറുപ്രായത്തിലുള്ള സൈനികർക്ക് കഴിയുമെന്നതിനാൽ അത് യുദ്ധരംഗത്ത് സേനയുടെ മികവ് വർധിപ്പിക്കുമെന്നും പറയുന്നു. ചൈന, ഇസ്രായിൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഇതാണ് ചെയ്യുന്നതെന്നും പറയുന്നു.
സർക്കാരിന്റെ കണക്കുകൾ പ്രകാരം തന്നെ നിലവിലുള്ള സൈന്യം യുവത്വമുള്ളതാണ്. പാക്കിസ്ഥാനുമായും ചൈനയുമായുമെല്ലാം യുദ്ധമുണ്ടായപ്പോൾ ഇന്ത്യൻ സൈന്യം വീറോടെ തന്നെയാണ് പൊരുതിയിരുന്നത്. ഇപ്പോഴും അവർ അങ്ങനെ തന്നെ. 
കൂടുതൽ കാലത്തെ സേവനമുള്ളതിനാൽ അവർക്ക് കൂടുതൽ പരിശീലനവും യുദ്ധോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ കൂടുതൽ പരിചയ സമ്പത്തും ലഭിക്കുന്നു. വേണ്ടത്ര പരിശീലനമില്ലാതെ കുറച്ചു കാലത്തേക്ക് സൈനികരെ കൂലിപ്പട്ടാളമെന്നപോലെ നിയമിക്കുന്നത് രാജ്യരക്ഷക്ക് എത്രത്തോളം ഗുണകരമായിരിക്കുമെന്ന് ആഴത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. 
സൈനികരുടെ ശമ്പളം, പെൻഷൻ തുടങ്ങിയ വകയിൽ ചെലവഴിക്കുന്ന വൻതുക പടിപടിയായി കുറച്ചുകൊണ്ടുവരിക എന്നതാണ് അഗ്നിവീർ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ മുഖ്യമായും ലക്ഷ്യമിടുന്നതെന്നാണ് വിമർശകരുടെ പ്രധാന ആക്ഷേപം. ഇപ്പോൾ തന്നെ കായിക പരിശീലനം നൽകുന്ന ആർ.എസ്.എസിന്റെ ഭാവിയിലെ കാഡറുകൾ സൈനിക പരിശീലനം കൂടി ലഭിച്ചവരാകാൻ വേണ്ടിയുള്ള അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്നും വിമർശനമുണ്ട്.
എന്നാൽ ഇതൊന്നുമല്ല, അഗ്നിപഥ് പദ്ധതിക്കെതിരെ ഉയർന്ന പ്രതിഷേധാഗ്നിയുടെ മൂലകാരണം. അത് യുവാക്കളുടെ തൊഴിൽ സുരക്ഷിതത്വം ഇല്ലാതാകുന്നതു മൂലമുള്ളതാണ്. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സുരക്ഷിത ജോലിയായി സാധാരണക്കാർ ഏറ്റവുമധികം കാണുന്നത് സൈനിക സേവനമാണ്. നിയമനം ലഭിച്ചാൽ 15 വർഷത്തെ സേവനം ഉറപ്പായിരുന്ന സ്ഥാനത്ത് അത് വെറും നാല് വർഷമായി കുറയുന്നതും സേവന കാലത്ത് നിലവിലെ ശമ്പളം പോലും കിട്ടില്ല എന്നതും പെൻഷൻ, ഗ്രാറ്റുവിറ്റി, റേഷൻ തുടങ്ങിയവ ലഭിക്കാത്തതുമെല്ലാം യുവാക്കളിൽ വലിയൊരു മോഹഭംഗം തന്നെയാണ് ഉണ്ടാക്കിയത്. കോവിഡ് മഹാമാരി മൂലം രണ്ട് വർഷമായി മുടങ്ങിയിരുന്ന സൈനിക റിക്രൂട്ട്‌മെന്റ് ഈ വർഷം ഉണ്ടാകുമെന്നും ലക്ഷത്തിലേറെ പേർക്ക് നിയമനം ലഭിക്കുമെന്നും കരുതിയിരിക്കുമ്പോഴാണ് ഇരുട്ടടി പോലെ സർക്കാരിന്റെ അഗ്നിപഥ് പ്രഖ്യാപനം. അതാണ് അക്രമ സമരത്തിലേക്ക് വഴിവെച്ചത്. അപ്പോഴും തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകാരാണ് സമരത്തിന് പിന്നിലെന്ന് പറഞ്ഞ് കാരണക്കാരെ തിരയുകയാണ് സർക്കാർ. ഫ്രാൻസിനെയും ഇസ്രായിലിനെയുമൊക്കെ നോക്കി ഇന്ത്യയിൽ സൈനിക നിയമനം ഉടച്ചുവാർക്കാൻ ശ്രമിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം. ജനസംഖ്യ കുറവും സൈനിക സേവനം ഒട്ടും ആകർഷകമല്ലാത്തതുമായ രാജ്യങ്ങളാണ് അവയൊക്കെ. ആ രാജ്യങ്ങളിൽ എല്ലാ യുവാക്കളും നിശ്ചിത കാലം നിർബന്ധിത സൈനിക സേവനം ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ അതല്ല 130 കോടി ജനങ്ങളുള്ള ഇന്ത്യയിലെ അവസ്ഥ. ജനസംഖ്യയിൽ പകുതിയിലേറെ യുവാക്കളുള്ള നമ്മുടെ രാജ്യത്ത് തൊഴിലന്വേഷകരുടെ എണ്ണം സർവകാല റെക്കോഡിലെത്തിയിരിക്കുകയാണ് ഇപ്പോൾ. അവർ ഒരു തൊഴിലിനായി ഏറ്റവും പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ഒരു മേഖല സൈനിക സേവനമാണ്. സൈനിക നിയമനത്തിന് മുൻഗണന കിട്ടുമെന്നതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എൻ.സി.സിയിൽ ചേരാൻ വിദ്യാർഥികൾ മത്സരിക്കുകയാണ്. എന്തിന്റെ പേരിലായാലും അവരുടെ പ്രതീക്ഷകളെ തകർക്കുന്ന ഒരു നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ പ്രതിഷേധം രൂക്ഷമായിരിക്കും. 
ചില നടപടികൾ ഇപ്പോൾ പ്രയാസമുണ്ടാക്കുമെങ്കിലും ഭാവിയിൽ രാഷ്ട്ര നിർമാണത്തിന് ഏറെ ഗുണകരമാണെന്ന് തെളിയുമെന്നാണ് അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. നോട്ട് നിരോധിച്ചപ്പോഴും കർഷക നിയമം നടപ്പാക്കിയപ്പോഴുമെല്ലാം അദ്ദേഹം ഇതുപോലുള്ള ന്യായങ്ങൾ നിരത്തിയിരുന്നു. പക്ഷേ എന്താണ് നടന്നതെന്ന് രാജ്യം കണ്ടതാണ്. സർക്കാരിനെ തിരുത്താൻ അക്രമ സമരങ്ങളല്ല രാജ്യത്തെ യുവാക്കൾ ചെയ്യേണ്ടത്. തങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കുകയാണ്.
 

Latest News