Sorry, you need to enable JavaScript to visit this website.

കേന്ദ്രമന്ത്രിയുമായി നടത്തിയ ഫോണ്‍കോള്‍ വിവാദമായി, അധ്യാപകന് സസ്‌പെന്‍ഷന്‍

ഭഗവന്ത് ഖുബ

ബിദാര്‍- കേന്ദ്ര രാസവള സഹമന്ത്രി ഭഗവന്ത് ഖുബയെ ടെലിഫോണില്‍ ചോദ്യം ചെയ്ത് വിവാദത്തിലായ അധ്യാപകന് സസ്‌പെന്‍ഷന്‍. മന്ത്രിയുമായി അധ്യാപകന്‍ നടത്തിയ സംസാരത്തിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ബിദാര്‍ ജില്ലയിലെ ഔറാദ് താലൂക്കില്‍ ഹെദാപുര ഗ്രാമത്തില്‍നിന്നുള്ള അധ്യാപകന്‍ കൗശല്‍ പാട്ടീലിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്തതിനാണ് സസ്‌പെന്‍ഷനെന്നാണ് വിശദീകരണം.


സംസ്ഥാനത്ത് വളം ലഭ്യമല്ലാതായ വിഷയമാണ് അധ്യാപകന്‍ മന്ത്രിയോട് ഉന്നയിക്കുന്നത്. എന്നാല്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും വിതരണത്തിന്റെ കാര്യം നോക്കാന്‍ ആയിരക്കണക്കിനു പ്രവര്‍ത്തകരുണ്ടെന്നും കര്‍ഷകര്‍ അവരെ സമീപിക്കുകയാണ് വേണ്ടതെന്നും മന്ത്രി അധ്യാപകന് മറുപടി നല്‍കുന്നു.

വളം സംസ്ഥാനങ്ങള്‍ക്ക് അയക്കുകയാണ് തന്റെ ജോലിയെന്നും കര്‍ഷകന്‍ പ്രാദേശിക എം.എല്‍.എയെയോ ജീവനക്കാരെയോ ആണ് സമീപിക്കേണ്ടതെന്നും മന്ത്രി പറയുന്നു. തനിക്ക് വേറെ ജോലിയുണ്ടെന്ന് പറഞ്ഞ മന്ത്രിയോട് മണ്ഡലത്തില്‍നിന്ന് ഇനി ജയിക്കാമെന്ന് കരുതേണ്ടെന്ന് അധ്യാപകന്‍ മുന്നറിയിപ്പ് നല്‍കുന്നു.

എങ്ങനെ ജയിക്കണമെന്ന് തനിക്ക് അറിയാമെന്നും തനിക്ക് പറ്റുന്നത് ചെയ്‌തോളൂ എന്നാണ് ഇതിനു മന്ത്രി നല്‍കുന്ന മറുപടി.


ധിക്കാരത്തോടെയുള്ള മന്ത്രിയുടെ മറുപടിക്കെതിരെ സോഷ്യല്‍ മീഡിയ രൂക്ഷമായാണ് പ്രതികരിച്ചത്.
തന്നെ ഫോണില്‍ വിളിച്ചത് ഒരു കര്‍ഷകനല്ലെന്നും അധ്യാപകനാണെന്നും താനുമായി ബന്ധപ്പെടാന്‍ മൂന്നോ നാലോ തവണ ശ്രമിച്ചിരുന്നുവെന്നും മന്ത്രി തന്റെ വിശദീകരണത്തില്‍ അവകാശപ്പെടുന്നു. വിളിച്ചയാള്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചിരുന്നുവെന്നും ഇപ്പോള്‍ അത് എഡിറ്റ് ചെയ്ത പാര്‍ട്ടിയേയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി ഖുബ ആരോപിച്ചു.

 

Latest News