ആശുപത്രിയിലേക്കുള്ള യാത്രയില്‍ ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

പാലക്കാട്- അട്ടപ്പാടിയില്‍ ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. അടിയക്കണ്ടിയൂര്‍ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ പ്രസവിച്ചത്. രണ്ടരക്കിലോ തൂക്കമുള്ള പെണ്‍കുഞ്ഞിനാണ് ദീപ ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞിനേയും അഗളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ മാസം 27നാണ് ദീപയ്ക്ക് പ്രസവത്തിനു തിയ്യതി പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി വേദന ആരംഭിച്ചതോടെ ഭര്‍ത്താവ് കൃഷ്ണന്‍ ദീപയുമായി ഓട്ടോറിക്ഷയില്‍ അഗളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടട്ടെങ്കിലും യാത്രാമധ്യേ ഗൂളിക്കടവില്‍ വച്ച് ദീപ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Latest News