അയോധ്യയിൽ ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ  യുവാവിനെതിരെ സദാചാര ആക്രമണം

അയോധ്യ-ഉത്തർപ്രദേശിലെ അയോധ്യയിലെ സരയൂ നദിയിൽ ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെതിരെ സദാചാര ആക്രമണം. ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാം കി പൗഡി ഘട്ടിലാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ കൃത്യമായ തീയതി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിഡിയോ ഇൻസ്റ്റഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. അയോധ്യയിലെ നദിയിലാണ് ദമ്പതികൾ കുളിക്കുന്നത്. അതിനിടെ പരസ്പരം ഇവർ ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവർ അടുത്തുകൂടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
ഇതിന് പിന്നാലെ യുവാവിനെ ആൾക്കൂട്ടം മർദിക്കാൻ തുടങ്ങി. ഇതിൽ നിന്ന് ഭാര്യ ഭർത്താവിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് പരാജയപ്പെടുന്നു. ക്രൂരമർദനത്തിന് ഒടുവിൽ ജനക്കൂട്ടം തന്നെ ഭർത്താവിനെ വലിച്ച് കരയിലും കയറ്റുന്നുണ്ട്.
ഇതു സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 'എന്നിരുന്നാലും, ഞങ്ങൾ വിഷയം അന്വേഷിക്കുകയും ദമ്പതികളെയും അവരെ ആക്രമിച്ച അക്രമികളെയും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു,' ഉദ്യോഗസ്ഥൻ പറഞ്ഞു. വിഷയം അന്വേഷിക്കുകയാണെന്ന് അയോധ്യ എസ്എസ്പി ശൈലേഷ് പാണ്ഡെ പറഞ്ഞു.
 

Latest News