റാഞ്ചി- ജാര്‍ഖണ്ഡിലെ പലമു ജില്ലയിലെ ലൊയെങ്കയില് വാക്സിന് നല്കിയ നാല് നവജാത ശിശുക്കള്‍ മരിച്ചു. അസ്വസ്ഥതബാധിച്ച മറ്റു നാലു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജാപ്പാന്‍ ജ്വരം, മീസില്‍സ് എന്നീ രോഗങ്ങള്‍ക്കുള്ള വാക്സിന് നല്കിയ ഉടന്‍ കുട്ടികളുടെ ആരോഗ്യ നില വഷളായതായി രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ഗ്രാമീണര്‍ ആരോഗ്യ പ്രവര്‍ത്തകരെ തടഞ്ഞു വച്ചു. ആരോഗ്യ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ കാരണം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡോക്ടര്‍ അനില്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഒരു ലക്ഷം രൂപ വീതം സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശം സന്ദര്‍ശിക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പിഴവ് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.