Sorry, you need to enable JavaScript to visit this website.

ബന്ധങ്ങളിൽ മഞ്ഞുരുക്കം, മുഹമ്മദ് ബിൻ സൽമാൻ തുർക്കിയിൽ

അങ്കാറ- പരസ്പര ബന്ധങ്ങളിൽ നിർണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന സന്ദർശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുർക്കിയിലെത്തി. ഇസ്താംബൂളിലെ സൗദി എംബസിയിൽ മാധ്യമ പ്രവർത്തകനായ ജമാൽ ഖശോഗി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായെങ്കിലും ഈയിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സൗദി സന്ദർശിച്ചതോടെ അതിൽ മഞ്ഞുരുക്കമുണ്ടായിരുന്നു. 
ഈജിപ്ത്, ജോർദാൻ സന്ദർശനത്തിന് ശേഷമാണ് കിരീടാവകാശി അങ്കാറയിലെത്തിയത്. ത്രിരാഷ്ട്ര പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തി.  മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള ചർച്ചകൾ തുർക്കി-സൗദി ബന്ധം വളരെ ഉയർന്ന തലത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉർദുഗാൻ പറഞ്ഞു. 
തുർക്കിയുമായുള്ള ബന്ധം വഷളായ സമയത്ത്, സൗദി അറേബ്യ തുർക്കി കയറ്റുമതിക്ക് ഉപരോധം ഏർപ്പെടുത്തിയതടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഏകദേശം 5 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് തടസ്സപ്പെട്ടത്. അതെല്ലാം പൂർണമായും പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾക്ക് ഈ സന്ദർശനത്തോടെ അന്തിമ രൂപമാകും.
രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന തുർക്കിക്ക് ഗൾഫ് അറബ് രാജ്യങ്ങളിൽനിന്ന് നിക്ഷേപം ആവശ്യമാണ്. 
ഇതിന്റെ ഭാഗമായാണ് ബന്ധങ്ങൾ മെച്ചപ്പെടുത്താൻ തുർക്കി തന്നെ മുൻകൈയെടുത്തത്. യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത്, ഇസ്രായിൽ എന്നിവയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളും തുർക്കി സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അവസാനം യു.എ.ഇയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചകൾ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ ഇടപാടുകളിലേക്ക് നയിച്ചു. വർഷങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു ഈ നിക്ഷേപം.
റിയാദും വാഷിംഗ്ടണും തമ്മിലുള്ള ബന്ധവും പുതിയ തലങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്ന വേളയിൽ തുർക്കിക്ക് സൗദിയുമായുള്ള ഊഷ്മള ബന്ധം വളരെ ആവശ്യമാണെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു. അടുത്ത മാസം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മധ്യപൗരസ്ത്യദേശ സന്ദർശനത്തിന് തീരുമാനിച്ചിട്ടുണ്ട്. റിയാദിലും അദ്ദേഹം എത്തുന്നുണ്ട്. ജൂലൈ 13-16 തീയതികളിൽ ഇസ്രായിലും അധിനിവേശ വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന യാത്രയുടെ അവസാനത്തിലാണ് ബൈഡൻ സൗദി അറേബ്യ സന്ദർശിക്കുക.
ബൈഡന്റെ സൗദി അറേബ്യ സന്ദർശനത്തിന് മുന്നോടിയായി റിയാദിന്റെ പ്രാദേശിക പങ്ക് ഉറപ്പിക്കുന്നതിനും അനുരഞ്ജന ശ്രമങ്ങൾ വിപുലീകരിക്കുന്നതിനുമായാണ് രാജകുമാരന്റെ ത്രിരാഷ്ട്ര  സന്ദർശനമെന്ന് യൂറേഷ്യ ഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റ് റിസർച്ച് ടീം മേധാവി അയ്ഹാം കമാൽ പറഞ്ഞു.
മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പുറത്താക്കിയതിനെതിരായ തുർക്കിയുടെ നിലപാടിനെത്തുടർന്ന് വഷളായ ഈജിപ്ത്-തുർക്കി ബന്ധം സാധാരണ നിലയിലാക്കാനും ഈ സന്ദർശനം ഉപകരിച്ചേക്കും. 
സൗദി-തുർക്കി ഉഭയകക്ഷി വ്യാപാരം വർധിക്കാനും തുർക്കിയിലേക്ക് സൗദി ടൂറിസ്റ്റുകളുടെ പ്രവാഹം പുനരാരംഭിക്കുന്നതിനും ഇത് നല്ല അവസരമാണെന്നും കമാൽ ചൂണ്ടിക്കാട്ടി. 

Tags

Latest News