വൃദ്ധയെ ആക്രമിച്ച് കവര്‍ച്ച: മകന്റെ സുഹൃത്തിന് 20 വര്‍ഷം തടവ്

തൊടുപുഴ- മോഷണത്തിനിടെ വൃദ്ധയെ ആക്രമിച്ച സംഭവത്തില്‍ മകന്റെ സുഹൃത്തിന് 20 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. മുക്കുടം അഞ്ചാംമൈല്‍ വലിയമുറിക്കല്‍ ഒട്ടകം എന്ന് വിളിക്കുന്ന പ്രസന്നനെയാണ് (47) തൊടുപുഴ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2021 ഏപ്രില്‍ ആറിന് വൈകിട്ട് നാലിനായിരുന്നു കേസിനാസ്പദ സംഭവം.
ഭര്‍ത്താവ് മരിച്ച തേക്കിന്‍കാനം ചകിരിയാംകുന്നേല്‍ ചിന്നമ്മ (59) തൊടുപുഴയിലെ വിവിധ വീടുകളില്‍ ജോലി ചെയ്താണ് ജീവിച്ചിരുന്നത്. ഇവരുടെ മകന്‍ വിന്‍സെന്റ് അടിമാലി മന്നാംകാലയിലാണ് താമസം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചിന്നമ്മ സംഭവത്തിന് ഒരു ദിവസം മുമ്പ് രാവിലെ തേക്കിന്‍കാനത്തെ വീട്ടിലെത്തി. തൊട്ടു പിന്നാലെ മകനും ഭാര്യ ലീലയ്ക്കുമൊപ്പം പ്രസന്നനും ഇവിടെയെത്തി. എല്ലാവരും അന്ന് അവിടെ കഴിഞ്ഞു. പിറ്റേന്ന് ചിന്നമ്മ വോട്ട് ചെയ്ത ശേഷം ഉച്ചകഴിഞ്ഞ് ഉപ്പാറിലെ ബന്ധു വീട്ടിലേക്ക് പോകാന്‍ തയ്യാറെടുത്തു. ഈ സമയം വിന്‍സെന്റും കുടുംബവും പ്രസന്നനും അടിമാലി മന്നാംകാലയിലേക്ക് തിരിച്ചു പോയി. ആനച്ചാലില്‍ എത്തിയപ്പോള്‍ ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് പ്രസന്നന്‍ അവിടെ ഇറങ്ങി. തുടര്‍ന്ന് ആനച്ചാലില്‍ നിന്ന് ഓട്ടോറിക്ഷ വിളിച്ച് പ്രസന്നന്‍ തിരിച്ച് ചിന്നമ്മയുടെ വീട്ടിലെത്തി. വിന്‍സെന്റിനെയും ഭാര്യയെയും പോലീസ് പിടിച്ചെന്നും ജാമ്യത്തിലിറക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച ചിന്നമ്മയെ വീടിനുള്ളിലേക്ക് തള്ളിയിട്ട ശേഷം കൈയും കാലും തുണികൊണ്ട് കെട്ടുകയും വായില്‍ തുണി തിരുകുകയും ചെയ്തു. തുടര്‍ന്ന് ചിന്നമ്മയുടെ ദേഹത്തും ബാഗിലും അലമാരയിലുമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ഒരു വിധത്തില്‍ കാലിലെ കെട്ടഴിച്ച ചിന്നമ്മ ഇഴഞ്ഞ് സമീപത്തെ വീട്ടിലെത്തി. രാജാക്കാട് എസ്.ഐയായിരുന്ന എം.എസ്. ഉണ്ണിക്കൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മനോജ് കുര്യന്‍ ഹാജരായി.

 

Latest News