ദല്‍ഹി/ലഖ്‌നൗ- ദുബായില്‍ നിന്ന് ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ജെറ്റ എയര്‍വേയ്‌സ് വിമാനത്തിന്റെ ചിറക് കാറ്ററിങ് വാനിലിടിച്ച് അപകടമുണ്ടായി. സാരമായ കേടുപാടുകളോ ആളപായമോ ഉണ്ടായില്ല. ലഖ്‌നൗവില്‍ നിന്നും ദല്‍ഹിയിലേക്ക് പറന്നുയര്‍ന്ന മറ്റൊരു ജെറ്റ് എയര്‍വേയ്‌സ് വിമാനം പറന്നുയര്‍ന്ന ഉടന്‍ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കി.
133 യാത്രക്കാരുമായി ദുബായില്‍ നിന്നെത്തിയ വിമാനം ദല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ശേഷം പാര്‍ക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് വലതു വശത്തെ ചിറക് പാക്കിങ് ബേക്കടുത്ത് പാര്‍ക്ക ചെയ്തിരുന്ന താജ് സാറ്റ്‌സിന്റെ കാറ്ററിങ് വാനില്‍ ഇടിച്ചത്. ബേയിലേക്ക് പ്രവേശിക്കാനായി വലത്തോട്ട് തിരിക്കുന്നതിനിടയാണ് സംഭവം. വന്‍ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ ഇന്ധന ടാങ്ക് ചിറകിലാണെന്നതും വേഗതയുടെ ആഘാതവും തീപ്പിടുത്ത സാധ്യത വര്‍ധിപ്പിക്കുന്നതാണ്. 133 യാത്രക്കാരേയും സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
71 യാത്രക്കാരുടമായി ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് ദല്‍ഹിയിലേക്ക് ഞായറാഴ്ച പറന്നുയര്‍ന്ന മറ്റൊരു ജെറ്റ് വിമാനം ലാന്‍ഡിങ് ഗിയറിലെ തകരാറു മൂലം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. പക്കുന്നതിനിടെ ആകാശത്തു വച്ചാണ് തകരാറ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചക്രങ്ങള്‍ ഉള്‍പ്പെടുന്ന ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വന്‍ ദുരന്തത്തിനിടയാകും. തകരാറ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ വിമാനം ലഖ്‌നൗവില്‍ നിന്ന് തന്നെ തിരിച്ചിറക്കുകയാണെന്ന് പൈലറ്റ് അടിയന്തിര സന്ദേശം കൈമാറുകയായിരുന്നു. ദുരന്ത സാഹചര്യം മുന്‍കൂട്ടി കണ്ട് എല്ലാ സന്നാഹങ്ങളും അഗ്നിശമന യൂണിറ്റുകളും രക്ഷാപ്രവര്‍ത്തകരേയും തയാറാക്കി നിര്‍ത്തിയാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി നിലത്തിറങ്ങി.