ലോക കേരള സഭ:പ്രവാസ ഭൂമികയുടെ പരിഛേദം

നിരവധി നിർദേശങ്ങൾ ലോക കേരള സഭയുടെ മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളിൽ ഉയർന്നു വന്നിട്ടുണ്ട്. ഇത്തരം നിർദേശങ്ങളിൽ സർക്കാരിൽ സമ്മർദം നടത്തി അത് നേടിയെടുക്കുന്നതിലും പ്രവാസി മലയാളികളുടെ പ്രതിനിധികളായി ലോക കേരള സഭയിൽ അംഗങ്ങളായവരുടെ സാമൂഹിക ഉത്തരവാദിത്തങ്ങളും വലിയ തോതിൽ വർധിച്ചുവെന്നതും വ്യക്തമാണ്. പ്രവാസികളോട് മുഖം തിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനത്തിനെതിരെയും ലോക കേരള സഭയിൽ ശബ്ദം ഉയർന്നു. സമഗ്ര കുടിയേറ്റ നിയമ നിർമാണത്തിന് കേന്ദ്രം കാലതാമസം വരുത്തുന്നതാണ് പ്രധാനമായും വിമർശിക്കപ്പെട്ടത്. 

പ്രവാസികളോടുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെയും കരുതലിന്റെയും മികച്ച ഉദാഹരണമാണ് ലോക കേരള സഭ എന്ന ആശയം. പതിറ്റാണ്ടുകളുടെ മലയാളി പ്രവാസാനുഭവം ലോകത്തിലെ തന്നെ ഏറ്റവും വിലമതിക്കാനാകാത്ത സമ്പത്താണ്. കഴിവും വൈദഗ്ധ്യവും സാംസ്‌കാരിക തനിമയും എല്ലാം സമന്വയിക്കുന്ന ആ വിഭവ ശേഷിയെ വേണ്ടവണ്ണം ഈ മണ്ണിലേക്ക് ആവാഹിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. ഇത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് ഇതിന്റെ ഉപജ്ഞാതാക്കൾ ലോക കേരള സഭയെന്ന ഈ സാഹസികതക്കു തുനിഞ്ഞത്. 
രണ്ടു കോടിയോളം ഇന്ത്യക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിയാവശ്യാർത്ഥം കുടിയേറിയിട്ടുണ്ട്. ഇതിൽ ഏറിയ ഭാഗവും മലയാളികളാണ്. ഇവരുടെ അധ്വാനത്തിന്റെ ഫലം നാട്ടിലേക്കയക്കുന്നതിലൂടെ കേരളത്തിന്റെ ഇന്ന് കാണുന്ന വളർച്ചയിൽ മുഖ്യ പങ്കു വഹിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കേരളത്തിന്റെ സാമ്പത്തിക ഭദ്രത പ്രവാസികളിൽ നിക്ഷിപ്തമാണ് എന്നർത്ഥം. 
ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരള നിയമ സഭയിൽ സമ്മേളിച്ച ലോക കേരള സഭയുടെ പ്രസക്തി. കേരളത്തിൽ നിന്ന് മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറ്റം നടത്തി അവിടങ്ങളിൽ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന മലയാളി സമൂഹത്തിന്റെ കേരളത്തോടുള്ള  സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുക, കേരളത്തിന്റെ പൊതുമണ്ഡലത്തിലെ നയരൂപീകരണത്തിലും കേരളീയ സമൂഹത്തിന്റെ അധികാര ഘടനയിലും പ്രവാസി മലയാളികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്നീ സുപ്രധാന ലക്ഷ്യങ്ങളോടെയാണ് ലോക കേരള സഭ രൂപീകൃതമായത്. കൂടാതെ നവകേരളം സൃഷ്ടിച്ചെടുക്കുന്നതിൽ പ്രവാസികളുടെ കൂടി പങ്കു ഉറപ്പു വരുത്തുകയും അതിലൂടെ കേരളക്കരയുടെ വികസന പ്രക്രിയയിൽ പ്രവാസികളെ കൂടി അടയാളപ്പെടുത്തുകയും മറ്റു രാജ്യങ്ങളിൽ അവർ നടത്തിയിട്ടുള്ള അധ്വാനവും അതിലൂടെ ആ രാജ്യങ്ങൾ നേടിയ നേട്ടങ്ങൾ നമുക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിൽ പങ്കാളികളാക്കാനും ഈ സഭയിലൂടെ ലക്ഷ്യമിടുന്നു.
 സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി നാടും വീടും കുടുംബത്തെയും  വിട്ട് ചുട്ടുപഴുക്കുന്ന മണലാരണ്യങ്ങളിലും മറ്റു പ്രതികൂല കാലാവസ്ഥയിലും കഠിനാധ്വാനം ചെയ്യുന്ന പ്രവാസികൾ അനുഭവിക്കുന്ന ദുരിതകഥകൾ ദിനേന പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് എന്തു ചെയ്യാൻ കഴിയുമെന്ന ചിന്തയുടെ കൂടി ഭാഗമായാണ് ലോക കേരള സഭക്ക് ഒന്നാം പിണറായി സർക്കാർ തുടക്കമിട്ടത്. പ്രവാസികളെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുപ്പിക്കുന്ന ഈ സാഹസിക മുന്നേറ്റത്തിനു വൻ സ്വീകാര്യതയാണ്  പ്രവാസി സമൂഹത്തിൽനിന്നും ലഭിച്ചത്.
വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയുടെ രൂപീകരണത്തിൽ പ്രവാസി ഇടപെടലിന്റെ സാധ്യതകൾ, നവകേരള നിർമാണത്തിന് സഹായകമാകുന്ന പ്രവാസി നിക്ഷേപ സാധ്യതകൾ, ഭാവി പ്രവാസം, നൈപുണ്യ വികസനവും പുതിയ തൊഴിലിടങ്ങളും, ആഗോള തൊഴിൽ വിപണിയുടെ പുതിയ പ്രവണതകൾ, വിവിധ രാജ്യങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇങ്ങനെ മേഖലകൾ തിരിച്ചുള്ള സമ്മേളനങ്ങൾ ഇത്തവണ ലോക കേരള സഭയിൽ അരങ്ങേറി. വിദേശത്ത് പ്രവാസികൾ നേരിടുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളും ചർച്ചയായിരുന്നു. കേന്ദ്ര സർക്കാരും അന്താരാഷ്ട്ര സംഘടനകളുമായി സഹകരണ സാധ്യതകൾ എന്ന വിഷയവും സ്ത്രീ കുടിയേറ്റത്തിന്റെ ഭാവിസാധ്യത എന്നിവയും വിഷയ മേഖലകളിൽ ഉൾപ്പെട്ടിരുന്നു.
പ്രവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നിരവധി വിഷയങ്ങളാണ് അവിടെ ചർച്ച ചെയ്തത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുപ്രധാനമായ ഘടകം  അവരെ സംബന്ധിച്ച കൃത്യമായ ഡാറ്റാബാങ്കാണ്. അതിനായി ഈ വർഷം തന്നെ കേരള മൈഗ്രേഷൻ സർവേ നടത്തി പ്രവാസി മലയാളികളുടെ വിവര ശേഖരണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി മലയാളി പ്രവാസി ഡാറ്റാപോർട്ടൽ വികസിപ്പിക്കുമെന്നും ലോക കേരള സഭയിൽ പ്രഖ്യാപനമുണ്ടായി. പ്രവാസികൾക്ക് അതത് രാജ്യങ്ങളിൽ നിയമ സഹായം ഉറപ്പാക്കുന്നതിനുള്ള സംവിധാനം, വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കുന്നതിന് ഓൺലൈൻ അദാലത്ത് തുടങ്ങി നിരവധി നിർദേശങ്ങളും തീരുമാനങ്ങളും ലോക കേരള സഭയിൽ ഉണ്ടായി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം നിലവിൽ നേരിടുന്ന പരിമിതികളെ മറികടക്കാൻ നിലവിൽ സർവകലാശാലകൾ പിന്തുടരുന്ന പഠന രീതികളെയും ഗവേഷണങ്ങളെയും കാലോചിതമായി പരിഷ്‌കരിക്കുകയും അതോടൊപ്പം ഗവേഷണങ്ങളെയും അറിവുൽപാദനത്തെയും പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്. കേരള സർക്കാർ തുടക്കമിട്ട കേരള സ്റ്റാർട്ട് അപ് മിഷൻ ഈയൊരു കാഴ്ചപ്പാടിന്റെ സഫലീകരണമാണന്നാണ് വിലയിരുത്തൽ.
 നിരവധി നിർദേശങ്ങൾ ലോക കേരള സഭയുടെ മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളിൽ ഉയർന്നു വന്നിട്ടുണ്ട്. ഇത്തരം നിർദേശങ്ങളിൽ സർക്കാരിൽ സമ്മർദം നടത്തി അത് നേടിയെടുക്കുന്നതിലും പ്രവാസി മലയാളികളുടെ പ്രതിനിധികളായി ലോക കേരള സഭയിൽ അംഗങ്ങളായവരുടെ സാമൂഹിക ഉത്തരവാദിത്തങ്ങളും വലിയ തോതിൽ വർധിച്ചുവെന്നതും വ്യക്തമാണ്. പ്രവാസികളോട് മുഖം തിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനത്തിനെതിരെയും ലോക കേരള സഭയിൽ ശബ്ദം ഉയർന്നു. സമഗ്ര കുടിയേറ്റ നിയമ നിർമാണത്തിന് കേന്ദ്രം കാലതാമസം വരുത്തുന്നതാണ് പ്രധാനമായും വിമർശിക്കപ്പെട്ടത്. ലോക കേരള സഭയിൽ ഏറ്റവും ശക്തമായ പ്രതിഷേധം ഉയർന്നത് പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാടിനെതിരെയാണ്. 

Latest News