ദേശീയ രാഷ്ട്രീയത്തിലെ പരിവർത്തനങ്ങളുടെ മണ്ണാണ് ബിഹാർ. അതു കൊണ്ടു തന്നെ ബിഹാർ കേന്ദീകരിച്ചു തുടങ്ങുന്ന പ്രക്ഷോഭങ്ങളെ അധികാരികൾ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഹരിയാന മുതൽ ഏറ്റവും തെക്ക് കേരളം വരെ പല സംസ്ഥാനങ്ങളിലും സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ സമരമുണ്ടെങ്കിലും ബിഹാറിലാണ് ഏറ്റവുമേറെ നാശനഷ്ടമുണ്ടായത്. ഏകദേശം അര നൂറ്റാണ്ടിനപ്പുറം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ റെയിൽവേ സമരത്തിന് ജോർജ് ഫെർണാണ്ടസ് ചുക്കാൻ പിടിച്ചതും ബിഹാറിൽ നിന്നായിരുന്നു. ഇന്ത്യയൊട്ടാകെ 17 ലക്ഷം റെയിൽവേ ജീവനക്കാരാണ് അന്ന് സമരം ചെയ്തത്. ജോലി സ്ഥിരത, മാന്യമായ വേതനം, ബോണസ് എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം.
ചെന്നൈയിലും മുംബൈയിലും ആയിരങ്ങൾ സമരത്തിൽ അണി നിരന്നു. 1974 മെയ് എട്ടിന് തുടങ്ങിയ സമരം ഇരുപത് ദിവസം കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നു. ശക്തയായ ഇന്ദിരാഗാന്ധിയുടെ ഭരണ കാലമായിരുന്നു ഇന്ത്യയിലെ റെയിൽവേ സമരം പാളം തെറ്റിയെന്ന് ന്യൂയോർക്ക്് ടൈംസ് ഹെഡിംഗ് കൊടുത്ത കാലം. ഇന്ദിര ഭരണത്തിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചതും ഫെർണാണ്ടസിന്റെ റെയിൽവേ സമരമായിരുന്നുവെന്ന്് പറയാം.
ബറോഡ ഡയനാമിറ്റ് കേസിൽ ഫെർണാണ്ടസ് ജയിലിൽ കിടക്കേണ്ടി വന്നതൊക്കെ കഥയുടെ തുടർച്ച. ഇന്ദിരാഗാന്ധി തോറ്റ തെരഞ്ഞെടുപ്പിൽ ജയിലിൽ കിടന്ന് മത്സരിച്ചാണ് സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസ് ജയിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർന്ന് ദേശീയ രാഷ്ട്രീയത്തിലുണ്ടായ മാറ്റവുമെല്ലാം ചരിത്രം. ബിഹാറിലെ മുസഫർപുർ സീറ്റിൽ നിന്ന്് മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലം കാണാതെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
റെയിൽവേ സമരം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷമാണ് 1979 ൽ ചരൺ സിംഗ് പ്രധാനമന്ത്രിയാവുന്നത്. അപ്പോൾ ആദ്യം പരിഗണിച്ചത് റെയിൽവേ ജീവനക്കാർക്ക് ബോണസ് നൽകുകയെന്ന കാര്യമായിരുന്നു. ഇതെല്ലാം കഴിഞ്ഞ് 90 കളിൽ സാമുദായിക ധ്രുവീകരണത്തിലൂടെ ബി.ജെ.പിക്ക് വേരുറപ്പിക്കാനായി പ്രമുഖ നേതാവ് എൽ.കെ. അദ്വാനി ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്തി. ബിഹാറിലെത്തിയപ്പോൾ അവിടത്തെ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് രഥത്തെ പിടിച്ചുകെട്ടി. യു.പി മുഖ്യമന്ത്രി മുലായം സിംഗ് യാദവിന് അവസരം നൽകാതെയാണ് ലാലു പെട്ടെന്ന് നടപടിയെടുത്തത്. എത്രയോ കഷ്ടപ്പെട്ടാണ് സംസ്ഥാനത്ത് വിവിധ സമുദായങ്ങൾ തമ്മിൽ ഐക്യമുണ്ടാക്കിയത്. അതിന് ഇനിയും വിള്ളൽ വീഴത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ലാലു രഥത്തെ പിടിച്ചുകെട്ടിയത്.
ബി.ജെ.പി തുടർച്ചയായി കേന്ദ്രത്തിൽ അധികാരത്തിലെത്തിയെങ്കിലും ഉരുക്കു മനുഷ്യനായ അദ്വാനിക്ക് ഒട്ടും ശോഭിക്കാനായില്ല. ബിഹാറിലെ തിരിച്ചടിയാവാം അദ്ദേഹത്തിനും വിനയായത്. ഇപ്പോഴത്തെ സാഹചര്യത്തിലും ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ ബിഹാർ സംഭവങ്ങൾ കാരണമായേക്കാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ബിഹാർ. 38.84 ലക്ഷമാണ് ഇവിടത്തെ തൊഴിൽ രഹിതർ.
അതിനിടയ്ക്ക്് അഗ്നിപഥ് പ്രതിഷേധത്തെ ചൊല്ലി ബിഹാറിലെ ഭരണകക്ഷികളായ ജെ. ഡി. യുവും ബി. ജെ.പിയും തമ്മിലടിക്കുകയാണ്. പ്രതിഷേധക്കാർ ബി. ജെ. പി ഓഫീസുകൾ ആക്രമിച്ചപ്പോൾ പോലീസ് നോക്കി നിൽക്കുകയായിരുന്നു എന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബിഹാർ ബി. ജെ. പി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപിച്ചു. എന്നാൽ ബി. ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധം തടയാൻ വെടിയുതിർക്കാൻ പോലീസിനോട് ഉത്തരവിടുന്നതിൽ നിന്ന് ബി.ജെ.പിയെ തടഞ്ഞത് എന്താണെന്നായിരുന്നു ജെ.ഡി.യു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗിന്റെ മറുചോദ്യം. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധക്കാർ നവാഡ, മധുബനി, മധേപുര എന്നിവിടങ്ങളിലെ ബി. ജെ. പി ഓഫീസുകൾ ആക്രമിക്കുകയും പാർട്ടി നേതാക്കളായ ജയ്സ്വാൾ, ഉപമുഖ്യമന്ത്രി രേണു ദേവി, എം. എൽ. എ സി.എൻ ഗുപ്ത തുടങ്ങിയവരുടെ വീടുകൾ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് ജയ്സ്വാൾ പോലീസിനെതിരെ ആഞ്ഞടിച്ചത്.
മധേപുരയിലെ ബി. ജെ. പി ഓഫീസിന് സമീപം 300 പോലീസുകാരെ വിന്യസിച്ചിരുന്നു. എന്നിട്ടും പാർട്ടി ഓഫീസ് തകർത്തപ്പോൾ അവർ നിശ്ശബ്ദ കാഴ്ചക്കാരായി തുടർന്നു എന്നാണ് സഞ്ജയ് ജയ്സ്വാൾ പറഞ്ഞത്. ബി. ജെ. പിയുടെ നവാഡ ഓഫീസ് അടിച്ചു തകർത്തപ്പോൾ അവിടെയും പോലീസുകാരുണ്ടായിരുന്നു. ഞങ്ങൾ ചില ഗൂഢാലോചന കാണുന്നു, അത് തുറന്നുകാട്ടേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ജെ. ഡി. യു തലവനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ആഭ്യന്തര വകുപ്പിന്റെ തലവൻ. ജയ്സ്വാളിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ചാണ് ലാലൻ സിംഗ് മറുപടി പറഞ്ഞത്. അവർ ഒരു നിസ്സാര കാര്യം മനസ്സിലാക്കുന്നില്ല, കേന്ദ്ര സർക്കാരിന് പാർട്ടി നേതൃത്വം നൽകുന്നതിനാലാണ് ബി. ജെ. പി നേതാക്കളെ ലക്ഷ്യമിടുന്നതെന്ന്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് പ്രതിഷേധം തടയാൻ പോലീസിനോട് വെടിവെക്കാൻ പറഞ്ഞില്ല. ജയ്സ്വാളിന്റെ മാനസിക സമനില നഷ്ടപ്പെട്ടതായി തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ബി. ജെ. പി, ജെ. ഡി. യുവുമായി കൂടിയാലോചിച്ചില്ലെന്നും ലാലൻ സിംഗ് കുറ്റപ്പെടുത്തി. അഗ്നിപഥിനെക്കുറിച്ചുള്ള അവരുടെ തീരുമാനത്തിൽ ഞങ്ങൾ കക്ഷിയല്ല. അഗ്നിപഥിനെ കുറിച്ച് ഒരു പുനർവിചിന്തനം നടത്തണമെന്ന് കേന്ദ്രത്തോട് ജെ ഡി യു ആവശ്യപ്പെട്ടിരുന്നു.
സൈന്യത്തിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്താനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു വരുന്നത് ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും വലിയ വെല്ലുവിളിയാണ്. ഉത്തരേന്ത്യൻ നഗരങ്ങളിൽ തീവണ്ടി കോച്ചുകൾ അഗ്നിക്കിരയാക്കുകയും ബി.ജെ.പി ഓഫീസുകൾ ആക്രമിച്ചുകൊണ്ടും ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യവ്യാപകമായി പടരുകയായിരുന്നു. പ്രതിഷേധങ്ങൾ ശക്തമായപ്പോൾ ചില ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സർക്കാർ രംഗത്ത് വരികയും ചെയ്തു. ഈ വർഷം ഉയർന്ന പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
ഖജനാവിന് പ്രതിവർഷം 54,000 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന പ്രഖ്യാപനം 2024 ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണ്. അടുത്ത 18 മാസത്തിനുള്ളിൽ 10 ലക്ഷം പേരെ മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടൊപ്പമാണ് അഗ്നിപഥിന്റെ നീക്കം. തൊഴിലില്ലായ്മ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ നിർവീര്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലില്ലായ്മയെച്ചൊല്ലി യുവാക്കൾക്കിടയിൽ അസ്വാരസ്യം പ്രകടമായിരുന്നു. എന്നിരുന്നാലും മതധ്രുവീകരണത്തിന്റെയും ക്ഷേമ രാഷ്ട്രീയത്തിന്റെയും സമർത്ഥമായ ഉപയോഗത്തിലൂടെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള അതൃപ്തി പാർട്ടിക്കെതിരായ വോട്ടുകളായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. പ്രതിപക്ഷ പാർട്ടികളിൽ യുവാക്കൾക്ക് വിശ്വാസം ഇല്ലാതെ പോയതും സഹായകമായി മാറി. എന്നാൽ നിരാശരായ യുവാക്കൾ തെരുവിൽ അധിക കാലം തുടരുന്നത് നല്ലതിനല്ല. മുൻ റെയിൽവേ മന്ത്രി കൂടിയായ നിതീഷ് കുമാർ മുഖ്യമന്ത്രിയായ സംസ്ഥാനത്ത് മാത്രം പ്രക്ഷോഭത്തിന്റെ മാത്രമായി ട്രെയിൻ കത്തിച്ചതിലൂടെയുണ്ടായ നഷ്ടം 200 കോടി രൂപയാണ്. യു.പി, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും പ്രതിഷേധ ചൂടിൽ വെന്തുരുകുകയാണ്. ബി.ജെ.പിയുടെ വോട്ട് ബാങ്കുകളായ വിഭാഗങ്ങളിലെ ചെറുപ്പക്കാരാണ് പ്രക്ഷോഭത്തിൽ സജീവമാവുന്നുവെന്നത് പാർട്ടി നേതൃത്വത്തെ ആശങ്കാകുലരാക്കുന്നു.
ബിഹാറിൽ നിതീഷ് കുമാറും ബി.ജെ.പിയും സഖ്യത്തിലാണ്. വളരെ വിചിത്രമായ സൗഹൃദമാണിത്. അഞ്ചാം തവണയാണ് നിതീഷ് കുമാർ സംസ്ഥാന മുഖ്യമന്ത്രിയാവുന്നത്. ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത പഴയ ജനതാ പാർട്ടിയുടെ കഷ്ണത്തിന്റെ നേതാവാണ്. ഗുജറാത്ത് മുഖ്യമന്ത്രി മോഡിയുടെ ഒരു സഹായവും വേണ്ടെന്ന് പറഞ്ഞ് സെക്യുലറായി ഭാവിച്ച് പത്രപരസ്യമൊക്കെ ചെയ്തിട്ടുണ്ട്. ഒട്ടും വൈകാതെ മോഡിക്കൊപ്പം തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും.
മോഡിയേയും അമിത് ഷായേയും ആശ്രയിക്കാതെ നിൽക്കാനാവുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചരിത്രം തിരുത്താനുള്ളതാണെന്നും അങ്ങനെ ചെയ്യുമെന്നും പ്രസ്താവനയിറക്കിയപ്പോൾ അതിനെതിരെ ആദ്യ പ്രതികരണമുണ്ടായത് നിതീഷിൽ നിന്നാണ്. പ്രാണഭയത്തോടെ ബി.ജെ.പി സംസ്ഥാന നേതാക്കൾ ദൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയക്കുന്ന എസ്.ഒ.എസുകൾ സഖ്യത്തിന്റെ ആയുസ്സിനെ കുറിച്ചുള്ള ചൂണ്ടുപലക കൂടിയാണ്.
അതിന് അഗ്നിപഥ് പ്രക്ഷോഭം നിമിത്തമാവുമോയെന്ന് കണ്ടറിയാം.






