പാക് നയതന്ത്ര ഉദ്യോഗസ്ഥനെ എന്‍ഐഎ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു

ന്യൂദല്‍ഹി- ശ്രീലങ്കയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ വീസ കൗണ്‍സലര്‍ അമിര്‍ സുബൈര്‍ സിദ്ധീഖിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. 2014-ല്‍ ദക്ഷിണേന്ത്യയിലെ യുഎസ്, ഇസ്രായില്‍ കോണ്‍സുലേറ്റുകള്‍ക്കും കരസേന, നാവിക സേനാ കേന്ദ്രങ്ങള്‍ക്കും നേരെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് അമീര്‍ സുബൈറിനും മറ്റു രണ്ടു പാക്കിസ്ഥാനി ഉദ്യോഗസ്ഥര്‍ക്കുമെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. ശ്രീലങ്കയിലെ പാക് ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനും ഈ ഗുഢാലോചനയില്‍ പങ്കുണ്ടെന്നും എന്‍ഐഎ പറയുന്നു.

ഈ നയതന്ത്ര ഉദ്യോഗസ്ഥനടക്കമുള്ള പാക്കിസ്ഥാനി ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കാനിരിക്കുകയാണ് എന്‍ഐഎ. ഇവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്നാവശ്യപ്പെട്ട് ഇന്റര്‍പോളിന് എന്‍ഐഎ ഉടന്‍ എഴുതും. 

എന്‍ഐഎ കുറ്റപത്രത്തില്‍ അമീര്‍ സുബൈറിന്റെ പേരു മാത്രമെ വെളിപ്പെടുത്തിയിട്ടുള്ളൂ. പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു പേര്‍ പാക്കിസ്ഥാനി ഇന്റലിജന്‍സ് ഓഫീസര്‍മാരാണ്. ബോസ് എന്ന ഷാ, വിനീത് എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഇന്ത്യ ഒരു പാക്കിസ്ഥാനി നയന്ത്ര ഉദ്യോഗസ്ഥനെ പിടികിട്ടാപുള്ളി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. 

ഈ ഉദ്യോഗസ്ഥര്‍ കൊളംബോയിലെ പാക് ഹൈക്കമ്മീഷനില്‍ ജോലി ചെയത് 2009-2016 കാലയളവില്‍ ദക്ഷിണേന്ത്യയിലെ ചെന്നൈ അടക്കമുള്ള സുപ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഗുഢാലോചന നടത്തിയെന്ന് എന്‍ഐഎ പറയുന്നു. ഇതിനായി ഇവര്‍ ശ്രീലങ്കക്കാരായ മുഹമ്മദ് സാക്കിര്‍ ഹുസൈന്‍, അരുണ്‍ സെല്‍വരാജ്, ശിവബാലന്‍, തമീം അന്‍സാരി എന്നിവരെ വാടകയ്‌ക്കെടുക്കുകയും ചെയ്തു. എന്നാല്‍ ഇവരെല്ലാം വിവിധ ഏജന്‍സികളുടെ പിടിയിലായിരുന്നു. ദക്ഷിണേന്ത്യയിലെ സൈനിക കേന്ദ്രങ്ങളുടേയും ആണവ നിലയങ്ങളുടേയും വിവരം ശേഖരിക്കാനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കാനും വ്യാജ ഇന്ത്യന്‍ കറന്‍സി വിതരണം ചെയ്യാനുമാണ് ഇവരെ ചുമതലപ്പെടുത്തിയിരുന്നതെന്നും എന്‍ഐഎ പറയുന്നു.
 

Latest News