പോക്കറ്റില്‍നിന്ന് 50 രൂപയെടുത്തു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ബെംഗളൂരു- കര്‍ണാടകയിലെ  ബസവേശ്വരനഗറില്‍  50 രൂപയ്ക്ക് വേണ്ടി 24 കാരനായ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി.
ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നും പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (വെസ്റ്റ്) ഡോ. സഞ്ജീവ് എം. പാട്ടീല്‍  പറഞ്ഞു.
ലഗ്ഗെരെ സ്വദേശിയായ ശിവമാഡുവാണ് മരിച്ചത്. മരിച്ചയാളും പ്രതി ശാന്തകുമാറും ബാല്യകാല സുഹൃത്തുക്കളാണ്. വീടുകള്‍ വെവ്വേറെ സ്ഥലങ്ങളിലേക്ക് മാറിയെങ്കിലും ഇവര്‍ നേരത്തെ കണ്ടുമുട്ടാറുള്ള കുറുബറഹള്ളി സര്‍ക്കിളിന് സമീപം വരാറുണ്ട്. മരിച്ച യുവാവ് ഓട്ടോ െ്രെഡവര്‍ പ്രതി ഭക്ഷണ വിതരണക്കാരനുമാണ്.
ചൊവ്വാഴ്ച വൈകിട്ട് ഇവര്‍ മറ്റു സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നു.  ക്രിക്കറ്റ് കളിച്ചു കഴിഞ്ഞ് ഏകദേശം എട്ടരയോടെ ബസവേശ്വരനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സൈബര്‍ സെന്ററിലെത്തി.
ഈ സമയത്ത് പ്രതി ശിവമാഡുവിന്റെ പോക്കറ്റില്‍ നിന്ന് 50 രൂപ എടത്തുവെന്നും  ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച യുവാവ് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്കിനിടയില്‍ പ്രതിയായ ശാന്തകുമാര്‍ തന്റെ പക്കലുണ്ടായിരുന്ന കത്തി പുറത്തെടുത്ത് യുവാവിന്റെ നെഞ്ചില്‍ രണ്ട് തവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തു കുഴഞ്ഞുവീണു യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും  മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Latest News