ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ അടുത്തിടെ വീടുകള്‍ തകര്‍ത്തതിനെതിരായ ഹരജി പ്രാദേശിക വികസന അധികൃതര്‍ കൈക്കൊണ്ട നിയമാനുസൃതമായ നടപടിക്ക് കളങ്കം ചാര്‍ത്താനുള്ള ശ്രമമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
പ്രാദേശിക വികസന അധികൃതര്‍ നിയമാനുസൃതമായി സ്വീകരിച്ച നടപടികളാണിതെന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ചില സംഭവങ്ങളുടെ ഏകപക്ഷീയമായ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുസ്ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കയാണെന്ന് സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. 1972 ലെ യു.പി നഗരാസൂത്രണ വികസന നിയമം അനുസരിച്ച് അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും എതിരായ നടപടികളാണ് സ്വയംഭരണ സ്ഥാപനങ്ങളായ പ്രാദേശിക വികസന അധികാരികള്‍ നടപ്പിലാക്കുന്നുത്.
മുഹമ്മദ് നബിയെക്കുറിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രയാഗ്രാജിലും കാണ്‍പൂരിലും നടത്തിയ പൊളിക്കലിനെ സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിച്ചിരിക്കയാണ്.
ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു, നിയമാനുസൃതമായ പൊളിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥത്തില്‍ അത് ബാധിച്ച ഒരു കക്ഷിയും സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല. ഹരജിക്കാര്‍ യഥാര്‍ത്ഥ വസ്തുതകള്‍ മനഃപൂര്‍വം മറച്ചുവെച്ചിരിക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കാണ്‍പൂരില്‍ നടന്ന പൊളിക്കലുമായി ബന്ധപ്പെട്ട് നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് അവിടെയുള്ള രണ്ട് നിര്‍മ്മാതാക്കളും സമ്മതിച്ചിട്ടുണ്ട്. പ്രയാഗ് രാജില്‍ ജാവേദ് മുഹമ്മദിന്റെ വീട് തകര്‍ത്ത സംഭവത്തില്‍, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഓഫീസിനായാണ് ഉപയോഗിച്ചിരുന്നതെന്നും അനധികൃത നിര്‍മ്മാണത്തിനും റെസിഡന്‍ഷ്യല്‍ സ്വത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനുമെതിരെ പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നതായും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
കലാപത്തില്‍ കുറ്റാരോപിതരായ വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റു ചട്ടങ്ങള്‍ക്കനുസൃതമായാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടു. ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ ശിക്ഷാ നിയമം ഗ്യാങ്സ്റ്റര്‍ ആന്‍ഡ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്, പൊതു സ്വത്ത് നാശം തടയല്‍ നിയമം, പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്കുള്ള നാശനഷ്ടങ്ങള്‍ വീണ്ടെടുക്കല്‍ നിയമം, തുടങ്ങിയ നിയമങ്ങള്‍ അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നത്.
കാണ്‍പൂരിലും പ്രയാഗ്രാജിലും സംസ്ഥാന ഭരണകൂടം അടുത്തിടെ നടത്തിയ പൊളിക്കലുകള്‍ക്കെതിരെ മുസ്ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദാണ് സുപ്രീം കോടതിയെ സമീപിച്ചത.
വീടുകള്‍ പൊളിക്കുന്നത് നിയമപ്രകാരമാണ് ചെയ്യേണ്ടതെന്നും പ്രതികാര നടപടിയായിട്ടല്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ജൂണ്‍ 16 ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.






