Sorry, you need to enable JavaScript to visit this website.

സൗദിയിൽ കാണാതായ ഫാത്തിമയെ കണ്ടെത്തി നവയുഗം നാട്ടിലെത്തിച്ചു

ദമാം- സൗദി അറേബ്യയിൽ ജോലിക്ക് എത്തിയിട്ട് യുവതിയെ കാണാതായി എന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ നവയുഗം സാംസ്‌കാരിക വേദിയുടെ പരിശ്രമം ഫലം കണ്ടു. കണ്ടെത്തുക മാത്രമല്ല, നിയമക്കുരുക്കുകൾ അഴിച്ച് ഫാത്തിമയെ നാട്ടിലേയ്ക്ക് മടക്കി അയക്കാനും നവയുഗം ജീവകാരുണ്യ വിഭാഗത്തിന് കഴിഞ്ഞു.
തൃശൂർ മതിലകം സ്വദേശിനി ഫാത്തിമ ഹനീഫ മൂന്നര വർഷം മുമ്പാണ് നാട്ടിൽ നിന്നും റിയാദിനടുത്തുള്ള അൽഖർജിൽ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. എന്നാൽ ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ മോശമായിരുന്നു. രാപകൽ വിശ്രമമില്ലാതെ പണി എടുപ്പിച്ചെങ്കിലും, ആറു മാസം കഴിഞ്ഞിട്ടും രണ്ടു മാസത്തെ ശമ്പളം മാത്രമാണ് ആ വീട്ടുകാർ കൊടുത്തത്. സ്‌പോൺസറോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവിൽ സഹികെട്ട് അവിടെ നിന്നും പുറത്തിറങ്ങിയ  ഫാത്തിമയെക്കുറിച്ച് പിന്നീട് ഒരു വിവരവും അവരുടെ ബന്ധുക്കൾക്ക് ലഭിച്ചില്ല.  അവർ പല വഴിയ്ക്കും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നാട്ടിലുള്ള ഫാത്തിമയുടെ മകൻ കൈരളി ചാനലിലെ 'പ്രവാസലോകം' പ്രതിനിധി  റഫീഖ് റാവുത്തറുമായി ബന്ധപ്പെടുകയും, മൂന്ന് വർഷത്തോളമായി ഉമ്മയെ കുറിച്ച്  അറിവില്ലെന്നും അവരെ കണ്ടെത്തി നാട്ടിൽ എത്തിക്കാൻ സഹായിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പല വിധത്തിലും ശ്രമിച്ചിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന്, നാലു മാസം മുമ്പ് റഫീഖ് റാവുത്തർ നവയുഗം ജീവകാരുണ്യ വിഭാഗവുമായി ബന്ധപ്പെട്ട് ഈ വിഷയം പറയുകയും ഫാത്തിമയെക്കുറിച്ച് അന്വേഷിക്കാൻ അഭ്യർഥിക്കുകയുമായിരുന്നു. 
നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ, നവയുഗം ജീവകാരുണ്യ പ്രവർത്തകൻ പദ്മനാഭൻ മണിക്കുട്ടന്റെ നേതൃത്വത്തിൽ ജീവകാരുണ്യ വിഭാഗം നടത്തിയ ദീർഘമായ അന്വേഷണത്തിന് ഒടുവിൽ, ഫാത്തിമ ജിദ്ദയിൽ ഒരു വീട്ടിൽ ജോലി ചെയ്യുന്നതായി കണ്ടെത്താൻ കഴിഞ്ഞു. നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ഫാത്തിമ തന്റെ അനുഭവകഥ പറഞ്ഞു.
അൽഖർജിലെ ജോലിസ്ഥലത്തു നിന്ന് പുറത്തിറങ്ങിയ ഫാത്തിമയെ, സാമൂഹ്യ പ്രവർത്തകൻ എന്ന് നടിച്ച ഒരാൾ ജിദ്ദയിൽ ചെന്നാൽ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഫൈനൽ എക്‌സിറ്റ് അടിച്ചു കൊടുക്കാമെന്നു പറഞ്ഞ് രണ്ടായിരം റിയാൽ വാങ്ങി, ജിദ്ദയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജിദ്ദയിൽ എത്തിയപ്പോൾ അവരെ ഒരു സ്വദേശിയുടെ വീട്ടിൽ കൊണ്ടാക്കിയിട്ട് അയാൾ കടന്നുകളഞ്ഞു. പിന്നീട് മറ്റു വഴിയൊന്നുമില്ലാതെ, ഇത്രയും കാലം അവർ ആ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. പഴയ ഫോൺ നഷ്ടമായതിനാൽ നാട്ടിലെ നമ്പറോ മറ്റോ ഇല്ലാതെ, വീട്ടുകാരുമായി ബന്ധപ്പെടാനും അവർക്ക് കഴിഞ്ഞില്ല.
ഫാത്തിമ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഞ്ജു മണിക്കുട്ടൻ വിവരങ്ങൾ ഇന്ത്യൻ എംബസിയെ അറിയിക്കുകയും, ഫാത്തിമയ്ക്ക് എംബസിയിൽ നിന്നും ഔട്ട്പാസ് ഇഷ്യൂ ചെയ്യുകയും ചെയ്തു. 
മഞ്ജു മണിക്കുട്ടൻ ദമാം വനിതാ അഭയകേന്ദ്രം മാനേജറുമായി സംസാരിക്കുകയും, അദ്ദേഹത്തിന്റെ സഹായത്തോടെ ഫാത്തിമയ്ക്ക് ഫൈനൽ എക്‌സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് ഫാത്തിമ ജിദ്ദയിൽ നിന്നും ദമാമിൽ എത്തി. മഞ്ജു മണിക്കുട്ടന്റെ വീട്ടിൽ ഫാത്തിമയ്ക്ക് താത്കാലിക താമസ സൗകര്യവും നൽകി.
മഞ്ജു മണിക്കുട്ടന്റെ അഭ്യർഥന മാനിച്ച് തൃശൂർ നാട്ടുകൂട്ടം ഫാത്തിമയ്ക്ക് വിമാന ടിക്കറ്റ് നൽകി. നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധനങ്ങളും ബാഗും വാങ്ങി നൽകുകയും നിയമ നടപടികൾ പൂർത്തിയാക്കി അവരെ എയർപോർട്ടിൽ യാത്രയാക്കുകയും ചെയ്തു. തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് അവർ നാട്ടിലേക്ക് യാത്രയായി.

Tags

Latest News