ന്യൂദൽഹി- നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നാളെ ചോദ്യം ചെയ്യലിന് എത്തണമെന്ന നിർദ്ദേശം നൽകിയിട്ടില്ല. പന്ത്രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിനിടയിൽ അര മണിക്കൂർ ഇടവേള അനുവദിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാത്രി വൈകിയാണ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്.
12 മണിക്കൂർ നേരം ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുൽ ഗാന്ധി ദൽഹിയിലെ എ.പി.ജെ അബ്ദുൾ കലാം റോഡിലുള്ള ഇ.ഡി ആസ്ഥാനത്തുനിന്ന് മടങ്ങിയത്. തുടർച്ചയായ ഒമ്പത് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം അരമണിക്കൂർ മാത്രമാണ് വിശ്രമം അനുവദിച്ചത്. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിൽ എത്തിയത്.
അതിനിടെ, നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചാം ദിവസവും രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ദൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ. കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധിയെ പീഡിപ്പിക്കുകയാണെന്നും ആരോപിച്ചാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം.
കോൺഗ്രസ് നേതാക്കൾ ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ച് അനുമതി ഇല്ലാത്തതിനാൽ പോലീസ് തടഞ്ഞു. നിരവധി കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. കോൺഗ്രസ് നേതാക്കൾക്ക് ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും മാർച്ച് നടത്താൻ അനുമതി നൽകിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ബി.ജെ.പി നേതാക്കളെ ഫാസിസ്റ്റുകൾ എന്ന് വിശേഷിപ്പിച്ച അശോക് ഗെലോട്ട്, ജനങ്ങളെ വിഡ്ഢികളാക്കാൻ ജനാധിപത്യത്തിന്റെ വിശ്വാസികളായി ബി.ജെ.പി നേതാക്കൾ വേഷമിടുകയാണെന്നും ആരോപിച്ചു. ബി.ജെ.പി ഒരു സമുദായത്തെ മറ്റൊന്നിനെതിരെ അണിനിരത്താൻ ശ്രമിക്കുകയാണെന്നും സാമൂഹിക ഘടനയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഗെലോട്ട് പറഞ്ഞു.
അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് ചുറ്റും പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു. സർക്കാരിന്റെ പിഴവുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണ് അഗ്നിപഥ് പദ്ധതിയെന്നും ഇത് യുവാക്കളെ ഇരുട്ടിലേക്ക് തള്ളിവിടുമെന്നും കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. പാർട്ടി എം.പിമാരെ പോലീസ് പീഡിപ്പിക്കുന്നുവെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപിച്ച് കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പരാതി നൽകിയിരുന്നു.
സോണിയ കൂടുതൽ സമയം തേടും
ന്യൂദൽഹി- നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടുതൽ സമയം ആവശ്യപ്പെടും. ജൂൺ 23 ന് ഹാജരാകണം എന്നാവശ്യപ്പെട്ടായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണിയക്ക് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കോവിഡിന് ശേഷം ശ്വാസകോശത്തിൽ അണുബാധയുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സോണിയ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. രണ്ടാഴ്ചത്തെ പൂർണ വിശ്രമം ആണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്്. അതിനാൽ ചോദ്യം ചെയ്യാൻ സോണിയ ഹാജരാകില്ലെന്നാണ് വിവരം.






