മുംബൈ- സംസ്ഥാന മന്ത്രിസഭകളെ മറിച്ചിടുന്ന താമര ഓപറേഷന്‍ ഇടവേളക്ക് ശേഷം വീണ്ടും ആരംഭിച്ച ബി.ജെ.പി ഇത്തവണ ലക്ഷ്യമിട്ടത് മഹാരാഷ്ട്രയെയാണ്. നാടകീയ സംഭവങ്ങളാണ് സംസ്ഥാനത്ത് അര്‍ധരാത്രിയിലും നടന്നുകൊണ്ടിരിക്കുന്നത്.
ശിവസേന എം.എല്‍.എ ഏകനാഥ് ഷിന്‍ഡെ കൂറുമാറിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇദ്ദേഹത്തെ ബി.ജെ.പി എം.എല്‍.എമാരോടൊപ്പം ഗുജറാത്തിലെ സൂറത്തില്‍ കൊണ്ടുപോയി പാര്‍പ്പിച്ചിരിക്കുകയാണ്. രാത്രി തന്നെ അവരെ അസമിലേക്ക് മാറ്റുമെന്നാണ് സൂചന. അദ്ദേഹവുമായി ഫോണില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസാരിച്ചു. 10 മിനിറ്റ് നേരമേ സംസാരം നീണ്ടുള്ളു. ഷിന്‍ഡെയും എം.എല്‍.എമാരും തിരിച്ചെത്തുമെന്ന പ്രതീക്ഷയും ഉദ്ദവ് പ്രകടിപ്പിച്ചു.
ഷിന്‍ഡെയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹം മടങ്ങിവരും. എല്ലാ എം.എല്‍.എമാരും മടങ്ങിയെത്തും.- മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിയുമായി സഖ്യം പുനസ്ഥാപിക്കണമെന്നാണ് ഷിന്‍ഡെയുടേയും ഒപ്പമുള്ള 21 എം.എല്‍.എമാരുടേയും ആവശ്യം. എന്നാല്‍ അത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരോടൊപ്പമായിരുന്നു നാം. അതിന് നമ്മള്‍ വേണ്ടത്ര അനുഭവിച്ചു. ഇനി അതെങ്ങനെ സാധ്യമാകും.
കൂറുമാറ്റ സംഭവത്തിന്റെ സൂത്രധാരനായ ദേവേന്ദ്രഫട്‌നാവിസ് ദല്‍ഹിയിലാണ്. പാര്‍ട്ടി നേതാവ് അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഷിന്‍ഡെയെ സൂറത്തിലേക്ക് മാറ്റിയത് ഫട്‌നാവിസാണ്.