ആളുമാറി പോലീസ് സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; നാട്ടുകാര്‍ വളഞ്ഞുവെച്ചു

file picture

കാസര്‍കോട്- രോഗിയായ സി.പി.എം പ്രവര്‍ത്തകനെ പോലീസ് സ്‌ക്വാഡ് അംഗങ്ങള്‍ ആളുമാറി കസ്റ്റഡിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി.  പോലീസാണെന്ന് അറിയാതെ സ്‌ക്വാഡ് അംഗങ്ങളെ നാട്ടുകാര്‍ വളഞ്ഞുവെക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ബന്തിയോട്ടാണ് സംഭവം. തലക്കും മുഖത്തും പരിക്കേറ്റ ബന്തിയോട് പള്ളിക്ക് സമീപം മദ്രസാ റോഡിലെ അബ്ദുല്‍ ഹാരിസിനെ(32) കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷിറിയയിലെ മുഹമ്മദ് റഫീഖിനെ തേടിയെത്തിയ കാസര്‍കോട് പോലീസിലെ സ്‌ക്വാഡ് അംഗങ്ങള്‍ ബന്തിയോട് ഹോട്ടലിന് പുറത്ത് ഇരിക്കുകയായിരുന്ന ഹാരിസിനോട് നിനക്കെതിരെ എത്ര കേസ് ഉണ്ടന്ന് ചോദിക്കുകയായിരുന്നു. തനിക്ക് കേസൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഹാരിസിനെ മര്‍ദ്ദിക്കുകയും കാറില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. അതിനിടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി സ്‌ക്വാഡിനെ വളഞ്ഞത്. പോലീസ് ആണെന്ന് പറഞ്ഞപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. അതിനിടെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറിങ്ങിയ റഫീഖിനെ സ്‌ക്വാഡ് അംഗങ്ങള്‍ പിടികൂടുകയും ഹാരിസിനെ വിട്ടയക്കുകയായിരുന്നു. ഹാരിസ് രോഗിയാണെന്നും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ നടത്തി വരികയാണെന്നും പറയുന്നു. ഹാരിസിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ആള് മാറി ചോദ്യം ചെയ്തത് മാത്രമാണെന്നും പോലീസ് പറഞ്ഞു. മര്‍ദ്ദനം സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഹാരിസിന്റെ ബന്ധുക്കള്‍ പറഞ്ഞു.
കൊലക്കേസടക്കം അഞ്ചോളം കേസുകളില്‍ പ്രതിയായാണ് പോലീസ് പിടികൂടിയ ഷിറിയ സ്വദേശി മുഹമ്മദ് റഫീഖ് എന്ന അപ്പി റഫീഖ്(29). ഉപ്പളയിലെ പെയിന്റിംഗ് തൊഴിലാളി മുഹമ്മദ് അല്‍ത്താഫിനെ കാറില്‍ തട്ടിക്കൊണ്ടു പോയി കര്‍ണാടകയില്‍വെച്ച് കൊലപ്പെടുത്തിയ കേസിലും മറ്റ് നാല് കേസുകളിലും പ്രതിയാണ് റഫീഖ് എന്ന് പോലീസ് പറഞ്ഞു.

 

Latest News