റിയാദ്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. മക്ക, റിയാദ്, അഫ്ലാജ്, അസീർ, താഇഫ്, അൽജൗഫ്, കിഴക്കൻ പ്രവിശ്യ, അൽബാഹ, താഇഫ് എന്നിവിടങ്ങളിലാണ് ഇടിയുടെ അകമ്പടിയിൽ മഴയുണ്ടായത്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. താഇഫിൽ അൽഹദ ചുരം റോഡ് ഏറെ നേരം അടച്ചിട്ടു. മലയോര ഭാഗങ്ങളിലേക്ക് ആരും പോകരുതെന്നും വീടുകളിൽ തന്നെ കഴിഞ്ഞുകൂടണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. മക്കയുടെ കിഴക്ക് ഭാഗത്തെ മലയോര പ്രദേശങ്ങളായ സദർ, ശറാഇഅ്, ബുജൈദി, സൈമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴയുണ്ടായത്.
അഫ്ലാജിൽ കനത്ത മഴ വർഷിച്ചതോടെ മലയോര പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. അൽബാഹയിലെ ബൽജർശി, ബനീ ഫർവ തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. പലയിടങ്ങളിലും മലവെള്ളപ്പാച്ചിൽ ഉണ്ടായതായും മതിലിടിഞ്ഞ് രണ്ടു വീടുകൾ തകർതായും അൽബാഹ സിവിൽ ഡിഫൻസ് വക്താവ് കേണൽ ജംആൻ ദായസ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
താഇഫിലെ കറാ മലയിലും അൽഹദാ ഭാഗങ്ങളിലുമുണ്ടായ കനത്ത മഴ കാരണം മക്കയുടെയും താഇഫിന്റെയും ഇടയിലുള്ള അൽഹദ ചുരം റോഡ് അടച്ചു. മഴ കാരണം പാറകൾ വീണ് ഗതാഗതം തടസ്സപ്പെടുമെന്ന കാരണത്താലാണ് അടച്ചതെന്ന് ഗതാഗത വിഭാഗം അറിയിച്ചു. റിയാദ് നഗരത്തിലും സുൽഫി, അൽഗാത്ത് എന്നിവിടങ്ങളിലും മഴയുണ്ടായി. റിയാദിൽ ഇടിമിന്നലോടു കൂടിയായിരുന്നു മഴ പെയ്തത്.
അതേ സമയം ഗൾഫ് രാജ്യങ്ങളിലും സിറിയയിലും ഇറാഖിലും അടുത്ത ഏതാനും ദിവസങ്ങൾ മഴ തുടരുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി അറിയിച്ചു. സൗദി അറേബ്യയിൽ മക്ക, മദീന, അൽബാഹ, അസീർ, ഖസീം, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽജൗഫ്, തബൂക്ക്, റിയാദ്, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടായേക്കും.






