കോട്ടയം- നിയമസഭാ തെരഞ്ഞെടുപ്പ് ദിനം സമദൂരം വെടിഞ്ഞ് ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് പരസ്യമായി നിലപാട് സ്വീകരിച്ച എന്‍.എസ്.എസ് സമദൂര നിലപാട് ആവര്‍ത്തിച്ചു വീണ്ടും. ചങ്ങനാശേരിയില്‍ നടന്ന എന്‍.എസ്.എസ് ബജറ്റ് സമ്മേളനത്തിലാണ് തങ്ങള്‍ സമദൂര നിലപാടിലാണെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ദിനത്തില്‍ വിശ്വാസ സംരക്ഷണം ഉയര്‍ത്തി സമദൂരം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഇത് വിവാദമാകുകയും ചെയ്തു. ഇടതുമുന്നണി 99 സീറ്റു നേടി അധികാലത്തില്‍ തിരിച്ച് എത്തിയതോടെ എന്‍.എസ്.എസ് ശരിക്കും വെട്ടിലായി.
സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതുപോലെ മത, സാമുദായിക സംഘടനകള്‍ക്കുമുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ടീയ പാര്‍ട്ടികളോടും സമദൂരനിലപാട് തുടരും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടില്ല. എന്‍.എസ്.എസിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാന്‍ രാഷ്ട്രീയപാര്‍ട്ടികളെ അനുവദിക്കുകയുമില്ല. തങ്ങളുടെ നിലപാട് ഇടതുസര്‍ക്കാര്‍ അംഗീകരിച്ചതായി എയ്ഡഡ് സ്‌കൂള്‍ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ പ്രതികരണം ചൂണ്ടിക്കാട്ടി സുകുമാരന്‍ നായര്‍ പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ചിലരുടെ നീക്കത്തിനെതിരേ എന്‍.എസ്.എസ് പ്രതികരിച്ചു. ഇതോടെ സര്‍ക്കാരിന്, അങ്ങനെയൊരു ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കേണ്ടിവന്നു. എയ്ഡഡ് സ്‌കൂള്‍ മേഖലയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് ഒപ്പം സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്‍.എസ്.എസിനുമുണ്ട്. അതുകൊണ്ടു തന്നെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കുന്നതിനെ സംഘടന എന്നും നഖശിഖാന്തം എതിര്‍ക്കാറുണ്ട്.
എന്‍.എസ്.എസ് സ്ഥാപനങ്ങളുടെ നവീകരണത്തിനും വികസനത്തിനും കാര്‍ഷികവളര്‍ച്ചക്കും ഊന്നല്‍ നല്‍കുന്നതാണ് സംഘടനയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 138 കോടി രൂപ വരവും അത്രയും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ അവതരിപ്പിച്ചത്. മരാമത്തു പണികള്‍ക്കായി ജനറല്‍ ഭരണം വിഭാഗത്തില്‍ പതിനാലുകോടി രൂപ അനുവദിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ മരാമത്തുപണികള്‍ക്കായി 2.31 കോടി രൂപയും ഫര്‍ണിച്ചറിനും സാധനസാമഗ്രികള്‍ക്കുമായി 15.60 ലക്ഷവും ലൈബ്രറിക്ക് നാലുലക്ഷവും നീക്കിവെച്ചു. ലബോറട്ടറിക്ക് 10.14 ലക്ഷവും രൂപയും എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ക്കായി രണ്ടുലക്ഷവും അനുവദിച്ചു. മരാമത്ത് വികസനത്തില്‍ പെരുന്നയിലെ എന്‍.എസ്.എസ്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ പണികളും ഉള്‍പ്പെടുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പന്തളം ആശുപത്രിക്ക് 56 ലക്ഷം രൂപയും, പെരുന്ന ആശുപത്രിക്ക് പത്തുലക്ഷം രൂപയും കറുകച്ചാല്‍ ആശുപത്രിക്ക് 25 ലക്ഷം രൂപയും വക കൊള്ളിച്ചു.
എന്‍.എസ്.എസ് പ്രസിഡന്റായി ഡോ. എം. ശശികുമാറിനെ തെരഞ്ഞെടുത്തു. 25 ാമത്തെ പ്രസിഡന്റാണ്. അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണിത്. എന്‍.എസ്.എസിന്റെ ലീഗല്‍ സെക്രട്ടറി അഡ്വ.എന്‍.വി. അയ്യപ്പന്‍പിള്ളയെ ട്രഷററായും തെരഞ്ഞെടുത്തു.