Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കിരീടാവകാശി ഫ്രാൻസിൽ; മാക്രോണുമായി ഇന്ന് ചർച്ച

ഔദ്യോഗിക സന്ദർശനാർഥം ഫ്രാൻസിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പാരീസ് എയർപോർട്ടിൽ ഫ്രഞ്ച് വിദേശ മന്ത്രി ജീൻ യീവ്‌സ് ലെ ഡ്രിയാൻ സ്വീകരിക്കുന്നു. 

റിയാദ്- മൂന്നാഴ്ചത്തെ വിജയകരമായ അമേരിക്കൻ സന്ദർശനത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെത്തി. ഫ്രഞ്ച് ഗവൺമെന്റിന്റെ ക്ഷണത്തെ തുടർന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശ പ്രകാരമാണ് സന്ദർശനം. ബുധനാഴ്ച വരെ ഫ്രാൻസിൽ തുടരുന്ന കിരീടാവകാശി പിന്നീട് സ്‌പെയിനിലേക്ക് പോകും.  ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും മധ്യപൗരസ്ത്യ ദേശത്തെയും ഗൾഫ് മേഖലയിലെയും പ്രതിസന്ധി സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്യും. മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളുമായും ഇന്ന് തന്നെ കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യീവ്‌സ് ലെ ഡ്രിയാന്റെ നേതൃത്വത്തിൽ ഊഷ്മള വരവേൽപാണ് കിരീടാവകാശിക്ക് നൽകിയത്. 
ഫ്രാൻസിലേക്ക് തിരിക്കുന്നതിന് മുമ്പ് മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ് ബുഷ് സീനിയറിനേയും മകൻ ജോർജ് ഡബ്ല്യൂ. ബുഷിനേയും കിരീടാവകാശി സന്ദർശിച്ചു. ഹൂസ്റ്റണിൽ സീനിയർ ബുഷിന്റെ വസതിയിൽ നടന്ന സൗഹൃദ സംഭാഷണത്തിൽ മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജെയിംസ് ബേക്കറും സംബന്ധിച്ചു. 
ഹൂസ്റ്റണിലെ സൗദി അറാംകോയുടെ ആസ്ഥാനം കിരീടാവകാശി സന്ദർശിച്ചു. ഗവേഷണ രംഗത്തും ഗ്ലോബൽ നെറ്റ് വർക്കിംഗ് മേഖലയിലും കമ്പനി കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം അദ്ദേഹം വീക്ഷിച്ചു. കൂടാതെ ഹോളോഗ്രാം സാങ്കേതികവിദ്യ, കമ്പനി വികസിപ്പിച്ച ഉന്നത നിലവാരമുള്ള കാർ എൻജിനുകൾ എന്നിവയെക്കുറിച്ചുള്ള പ്രസന്റേഷനുകളും അറാംകൊ അധികൃതർ കിരീടാവകാശിക്ക് മുമ്പാകെ പ്രദർശിപ്പിച്ചു. അറാംകൊ പ്രസിഡന്റ് എൻജി. അമീൻ നാസർ, ഊർജ വ്യവസായ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 
ഹാർവി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ഹൂസ്റ്റണിലെ പ്രദേശങ്ങളിലും കിരീടാവകാശി സന്ദർശനം നടത്തി. സൗദി സന്നദ്ധ പ്രവർത്തകർ പുനർനിർമിച്ച, പ്രകൃതി ദുരന്തത്തിൽ തകർന്ന വീടുകളും അദ്ദേഹം സന്ദർശിച്ചു. എല്ലാം നഷ്ടമായ അവസ്ഥയിൽ തങ്ങൾക്കൊപ്പം നിന്ന സൗദി അറേബ്യയുടെ മനുഷ്യത്വപരമായ സമീപനത്തിനും സഹായത്തിനും പ്രദേശവാസികൾ കിരീടാവകാശിക്ക് നന്ദി രേഖപ്പെടുത്തി. മാതൃകായോഗ്യമായ പ്രവർത്തനം കാഴ്ചവെച്ച സൗദി സന്നദ്ധ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരനും പ്രതിനിധി സംഘാംഗങ്ങളും കിരീടാവകാശിയെ അനുഗമിച്ചിരുന്നു. തന്ത്രപ്രധാനമായ കരാറുകളിൽ ഒപ്പുവെച്ച് വിജയകരമായി അമേരിക്കൻ പര്യടനം പൂർത്തിയാക്കാൻ സാധിച്ചതിലും ഹൃദ്യമായ സ്വീകരണം ഒരുക്കിയതിലുമുള്ള നന്ദി സൂചകമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കമ്പി സന്ദേശം അയച്ചു. 


 

Latest News