Sorry, you need to enable JavaScript to visit this website.
Saturday , August   13, 2022
Saturday , August   13, 2022

ചരിത്ര സ്‌മരണകളുമായി മസ്‌മക് കോട്ട

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് വിവിധ രൂപത്തിലും വലിപ്പത്തിലും നിറങ്ങളിലും അംബരചുംബികളായ ബഹുനില കെട്ടിടങ്ങളാൽ സമ്പന്നമായ ആധുനിക നഗരം. എന്നാൽ ഈ ആധുനിക നഗരത്തെ ഉൾക്കൊള്ളുന്ന സൗദി അറേബ്യ എന്ന രാജ്യത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ച രാജ്യത്തിന്റെ ചരിത്ര ഏടുകളിൽ തങ്കലിപികളാൽ കുറിച്ചിട്ട ഒരു ചരിത്ര സ്മാരകമുണ്ട്  റിയാദിന്റെ ഹൃദയഭാഗത്ത്. മണ്ണ് കൊണ്ട് നിർമിച്ച് മണ്ണിന്റെ നിറമുള്ള അൽ മസ്‌മക് കോട്ട.
 സൗദി അറേബ്യയുടെ ചരിത്രപരമായ അടയാളങ്ങളിൽ അഭിമാനകരമായ ഓർമപ്പെടുത്തലായി ഇന്നും ഈ കോട്ട നിലകൊള്ളുന്നു. 
സൗദിയുടെ ചരിത്രം പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾക്ക്  ഏറെ പ്രിയപ്പെട്ടൊരിടം കൂടിയാണ് ഇന്ന് മസ്‌മക് കൊട്ടാരം.  കാരണം സൗദി അറേബ്യയുടെ രൂപീകരണത്തിന്റെ ഒരു നേർക്കാഴ്ച ഇന്നും തനിമ വിടാതെ ഇവിടെ അടുക്കിലും ചിട്ടയിലും ക്രമീകരിച്ച് 157 വർഷം പഴക്കമുള്ള കോട്ട പുനഃസ്ഥാപിച്ച് ഒരു മ്യൂസിയമാക്കി പൊതുജനങ്ങൾക്കായി  തുറന്നു വെച്ചിരിക്കുകയാണ്.  റിയാദ് ബത്ഹയിൽ ഇമാം തുർക്കി ഇബ്‌നു അബ്ദുള്ള റോഡിൽ ചരിത്രപ്രസിദ്ധമായ റിയാദിലെ വാണിജ്യ കേന്ദ്രത്തിലാണ്  അൽമസ്മക് കൊട്ടാര മ്യൂസിയം നിലകൊള്ളുന്നത്.
അൽമസ്‌മക്  എന്നാൽ അറബിയിൽ ഉയർന്നതും ശക്തവും കട്ടിയുള്ളതുമായ കെട്ടിടം എന്നാണ്. പേരിനെ അന്വർത്ഥമാക്കുന്നത് തന്നെയാണ് ഇന്നും കോട്ടയുടെ സവിശേഷത. പൂർണമായും കളിമണ്ണിൽ നിർമിച്ച കോട്ടയെ നാല് കോണുകളിലെ നിരീക്ഷണ ഗോപുരങ്ങളാൽ ഉറപ്പിച്ചതാണ്. ഗോപുരങ്ങൾക്ക് ഏകദേശം 18 മീറ്റർ ഉയരം വരും.
കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന കവാടത്തിലൂടെയാണ് അകത്തേക്ക് പ്രവേശിക്കുന്നത്.
പ്രവേശന കവാടം ഉൾപ്പെടെ മസ്ജിദ്, മജ്‌ലിസ്, കിണർ, നടുമുറ്റം എന്നിങ്ങനെ വ്യത്യസ്ത ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് മസ്‌മക്  കോട്ട. നടുമുറ്റം ചുറ്റും മുറികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഭരണാധികാരിയുടെ വസതിയും ഗസ്റ്റ് ഹൗസും എല്ലാം ഇതിൽ ഉൾപ്പെടുന്നു.
12 അടിയോളം ഉയരമുള്ള പ്രവേശന കവാടം ഈത്തപ്പനയുടെ തടികൊണ്ട് നിർമിച്ചതാണ്. പ്രവേശന വാതിലിൽ തന്നെ പോരാട്ടത്തിന്റെ പ്രതീകങ്ങൾ ഇന്നും മായാതെ നിൽക്കുന്നുണ്ട്.
രണ്ടാം സൗദി സ്‌റ്റേറ്റിന് ഭരണം നഷ്ടപ്പെട്ട് കുവൈത്തിലേക്ക് പലായനം ചെയ്ത അബ്ദുൽ അസീസ്ബ്‌നു അബ്ദുൽ റഹ്മാൻ അൽ സൗദ് 1902 ൽ തിരിച്ചെത്തി കോട്ടയും നഗരവും തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടയിൽ ഫഹദ് ബ്‌നു ജലാവി, അൽ റാഷീദി ഗവർണർ അജ്‌ലാന് നേരെ എറിഞ്ഞ കുന്തം ഉന്നം തെറ്റി കോട്ടയുടെ കവാടത്തിൽ പതിച്ചു. ആ കുന്തത്തിന്റെ അറ്റം ഇന്നും കോട്ടയുടെ പ്രധാന കവാടത്തിൽ കാണാം. 
അബ്ദുൽ അസീസ് രാജാവിന്റെയും 63 പോരാളികളുടെയും പേരാട്ട വിജയത്തിന് ശേഷം  സൗദി അറേബ്യയുടെ ഏകീകരണത്തിന് തുടക്കം കുറിച്ചത് ഈ കോട്ടയിൽ നിന്നാണ്.
രണ്ടാം സൗദി ഭരണകൂടത്തിന്റെ പതനത്തിന്റെ പത്ത് വർഷത്തിന് ശേഷമാണ് മൂന്നാം സൗദി രാഷ്ട്രം പുനഃസ്ഥാപിച്ചത്. 
തുടർന്ന്  1932 ൽ ഒരു രാജ്യമായി മാറിയതിലും വിവിധ പ്രവിശ്യകളുടെ ഏകീകരണത്തിലും ചരിത്രപരമായ പ്രാധാന്യമാണ് ഈ കോട്ടക്കുള്ളത്. 
രണ്ടാം സൗദി ഭരണകൂടത്തിന്റെ കാലത്ത് നജ്ദ് അമീറായിരുന്ന അബ്ദുള്ള ബിൻ ഫൈസൽ 1865 ൽ ആണ് കോട്ടയുടെ നിർമാണം ആരംഭിച്ചത്.  
പിൽക്കാലത്ത് റിയാദിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനും സൈനിക കോട്ടയായും യുദ്ധോപകരണങ്ങളുടെ സംഭരണ ശാലയായും അൽ മസ്‌മക് കൊട്ടാരം വർത്തിച്ചിട്ടുണ്ടായിരുന്നു.
അന്ന് യുദ്ധങ്ങൾക്കായി ഉപയോഗിച്ചിരുന്ന പീരങ്കികൾ, വാളുകൾ, തോക്കുകൾ, കഠാരകൾ തുടങ്ങിയ ആയുധശേഖരം ഇവിടെ  പ്രദർശനത്തിനായി വെച്ചിട്ടുണ്ട്. 1912 മുതൽ 1937 വരെയുള്ള സൗദിയുടെ ഭൂപടങ്ങളും ഫോട്ടോകളും സൗദിയുടെ ചരിത്രങ്ങളിലേക്കുള്ള നേർക്കാഴ്ച കൂടിയാണ്.
കൂടാതെ അന്നത്തെ വസ്ത്രങ്ങൾ, കാർഷികോപകരണങ്ങൾ, ചരിത്രപരമായ പുരാവസ്തുക്കൾ, കിണർ, മണ്ണ് കൊണ്ടും ലോഹങ്ങൾ കൊണ്ടും ഉണ്ടാക്കിയ പാത്രങ്ങൾ, കലാസൃഷ്ടികൾ തുടങ്ങിയവയും പഴയപടി  കോട്ടക്കുള്ളിൽ ഇന്നും നിലകൊള്ളുന്നു. അബ്ദുൽ അസീസ് രാജാവ് കോട്ട പിടിച്ചടക്കുന്നത് പുനരാവിഷ്‌കരിച്ച വീഡിയോ ഡോക്യുമെന്ററിയും സന്ദർശകർക്കിവിടെ കാണാൻ കഴിയും.
1979 ൽ റിയാദ് മുനിസിപ്പാലിറ്റി കോട്ടയുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചതിനെ തുടർന്ന് 1995 മുതലാണ് മസ്‌മക്  കോട്ടയെ സൗദി അറേബ്യൻ പൈതൃകത്തിന്റെ പ്രധാന അടയാളപ്പെ ടുത്തലുകൾ സൂക്ഷിക്കുന്ന മ്യൂസിയമാക്കി മാറ്റിയത്. മ്യൂസിയത്തിലേക്കുള്ള പ്രവേശനം  സൗജന്യമാണ്. വെള്ളിയാഴ്ചകളിൽ വൈകിട്ട് 4 - 8  വരെയും മറ്റു ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി  9 മണി വരെയുമാണ് പ്രവർത്തന സമയം.
 

Latest News