സാംഗ്ലി- മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സഹോദരന്മാരായ അധ്യാപകനും മൃഗഡോക്ടറും ഇവരുടെ ഏഴ് കുടുംബാംഗങ്ങളുമാണ് തിങ്കളാഴ്ച സാംഗ്ലി ജില്ലയിലെ മഹൈസാല്‍ ഗ്രാമത്തിലെ രണ്ട് വീടുകളില്‍ ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ വീടുകളില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെടുത്തിരുന്നു.
രണ്ട് സഹോദരന്മാരും നിരവധി പേരില്‍നിന്നായി വന്‍തോതില്‍ പണം കടം വാങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
ഈ പണം തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്നതായി ആത്മഹത്യാ കുറിപ്പുകളില്‍ പറയുന്നുണ്ടെന്ന് സംഗ്ലി പോലീസ് സൂപ്രണ്ട് ദീക്ഷിത് ഗെദം മാധ്യമങ്ങളോട് പറഞ്ഞു. കടത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടതാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബിസിനസ്സിനുവേണ്ടിയാണ് വായ്പ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബം പണം കൈപ്പറ്റിയ 25 പേര്‍ക്കെതിരെ ഇതിനകം കേസെടുത്തിട്ടുണ്ട്. ഇവര്‍ കുടുംബത്തെ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
25 പേരില്‍ 13 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ക്കെതിരെ പണമിടപാടുമായി ബന്ധപ്പെട്ട കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മറ്റ് പ്രതികളെ കണ്ടെത്താന്‍ പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ എന്തെങ്കിലും അന്ധവിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് കടബാധ്യതയാണ് സംഭവത്തിന് പിന്നിലെ പ്രഥമദൃഷ്ട്യാ കാരണമെന്നും എന്നാല്‍ എല്ലാ കോണുകളില്‍ നിന്നും അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.