കുഞ്ഞിന്റെ തല വേര്‍പെടുത്തി മതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഉപേക്ഷിച്ചു

കറാച്ചി- പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ നവജാത ശിശുവിന്റെ തല വേര്‍പെടുത്തി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉപേക്ഷിച്ചു. പരിചയമില്ലാത്ത ജീവനക്കാര്‍ പ്രസവമെടുത്തതിനെ തുടര്‍ന്നാണ് ശരീരഭാഗം വേര്‍പെട്ട് തല കുടുങ്ങിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതിയെ പിന്നീട് മറ്റൊരു ആശുപത്രിയില്‍ എത്തിച്ചാണ് ഗര്‍ഭപാത്രത്തില്‍നിന്ന്  ശസ്ത്രക്രിയയിലൂടെ തല പുറത്തെടുത്തത്.
സംഭവത്തില്‍ സിന്ധ് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജുമാന്‍ ബഹോട്ടോ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു.
ഗുരുതരമായ മെഡിക്കല്‍ അശ്രദ്ധയെ തുടര്‍ന്ന് 32 കാരിയുടെ ജീവന്‍ അപകടാവസ്ഥയിലായിരുന്നു.
താര്‍പാര്‍ക്കര്‍ ജില്ലയിലെ വിദൂര ഗ്രാമത്തില്‍ നിന്നുള്ള സ്ത്രീ ആദ്യം പോയത്  പ്രദേശത്തെ  റൂറല്‍ ഹെല്‍ത്ത് സെന്ററിലായിരുന്നു. വനിതാ ഗൈനക്കോളജിസ്റ്റിന്റെ അഭാവത്തിലാണ് പരിചയമില്ലാത്ത ജീവനക്കാര്‍ പ്രസവമെടുത്തത്. ഇത് സ്ത്രീയുടെ ജീവന്‍ തന്നെ അപകടാവസ്ഥയിലാക്കിയെന്ന് ജാംഷോറോയിലെ ലിയാഖത്ത് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് ഗൈനക്കോളജി വിഭാഗം തലവന്‍ റഹീല്‍ സിക്കന്ദര്‍ പറഞ്ഞു.
യുവതിയുടെ ജീവന് ഭീഷണിയായപ്പോള്‍  മിഥിയിലെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്നാണ് ലിയാഖത്ത് യൂണിവേഴ്‌സിറ്റിയിലേക്ക് കൊണ്ടുവന്നതെന്നും  നവജാതശിശുവിന്റെ ബാക്കി ശരീരം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തെടുത്തുവെന്നും റഹീല്‍ സിക്കന്ദര്‍ പറഞ്ഞു.
കുഞ്ഞിന്റെ തല അകത്ത് കുടുങ്ങിയതായും  ഗര്‍ഭപാത്രം പൊട്ടിയതായും ശസ്ത്രക്രിയയിലൂടെ വയറ് തുറന്ന് തല പുറത്തെടുക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.  
എന്താണ് സംഭവിച്ചതെന്ന് അന്വേഷണ സമിതികള്‍ കണ്ടെത്തുമെന്ന് സിന്ധ് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജുമാന്‍ ബഹോട്ടോ പറഞ്ഞു.  ചക്രോയിലെ ആര്‍എച്ച്‌സിയില്‍ ഗൈനക്കോളജിസ്റ്റിന്റെയും വനിതാ ജീവനക്കാരുടെയും അഭാവവും അന്വേഷിക്കും.
ഗൈനക്കോളജി വാര്‍ഡില്‍വെച്ച് മൊബൈല്‍ ഫോണില്‍ സ്ത്രീയുടെ ഫോട്ടോകള്‍ എടുക്കുകയും വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.  സ്‌ട്രെച്ചറില്‍ കിടന്നപ്പോള്‍ വീഡിയോ എടുത്തതിന്റെ ആഘാതമാണ് യുവതിക്ക് അനുഭവിക്കേണ്ടി വന്നതെന്ന റിപ്പോര്‍ട്ടുകളും അന്വേഷണ സമിതി പരിശോധിക്കുമെന്ന് ഡോ.ജുമാന്‍ പറഞ്ഞു.

 

 

Latest News