Sorry, you need to enable JavaScript to visit this website.

പ്ലസ് ടു വിജയശതമാനം 83.87; കൂടുതൽ എ പ്ലസ് മലപ്പുറത്ത്

തിരുവനന്തപുരം-  പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷാഫലം ഉച്ചയ്ക്ക് 12 മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ലഭ്യമാകും.

പ്ലസ് ടുവിന് 83.87 തമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 87.94 %  ആയിരുന്നു. വിഎച്ച്എസ്ഇക്ക് 78.26 ശതമാനമാണ് വിജയം.

പ്ലസ് ടുവിന് വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോടും (87.79 %) കുറവ് വയനാടുമാണ് (75.07%).

78 സ്കൂളുകൾ നൂറുമേനി വിജയം നേടി. മുൻ വർഷം 136 സ്കൂളുകളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറത്തും ഏറ്റവും കുറവുപേർ പരീക്ഷ എഴുതിയത് വയനാട്ടിലുമാണ്.

മൂല്യ നിർണയത്തിന് ശേഷം 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിക്കുന്നത്. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. സേ, ഇംപ്രൂവ്മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം.

പ്ലസ് ടുവിന് റഗുലർ വിഭാഗത്തിൽ 3,61,091  പരീക്ഷ എഴുതിയതിൽ 3,02,865 പേർ വിജയിച്ചു. സയൻസ് വിഭാഗത്തിൽ 86. 14 %പേരും ഹുമാനിറ്റീസിൽ 75.61 % പേരും ടെക്നിക്കൽ വിഭാഗത്തിൽ 68.71 %പേരും ആർട്സ് വിഭാഗത്തിൽ 86.57 % പേരും വിജയിച്ചു.

28450 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടുതൽ കുട്ടികൾ എ പ്ലസ് നേടിയത് മലപ്പുറത്താണ്, 4283 പേർ.

സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളിൽ 86.02 %പേരും അൺ എയ്ഡഡ് സ്കൂളുകളില്‍ 81.12 %പേരും വിജയിച്ചു. ഓപ്പൺ സ്കൂളിൽ പരീക്ഷ എഴുതിയ  21, 185 പേർ വിജയിച്ചു. 47.19 %ആണ് വിജയം.

വിഎച്ച്എസ്ഇയിൽ പരീക്ഷ എഴുതിയ 29,711 പേരിൽ 23,251 പേർ വിജയിച്ചു. വിജയശതമാനം കൂടുതൽ കൊല്ലത്തും കുറവ് കാസർഗോഡുമാണ്. 178 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്കില്ല . കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഇല്ല.

2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലാണ് പരീക്ഷ നടത്തിയത്. കൂടാതെ മെയ് മൂന്ന് മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്തിയത്.

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ പരീക്ഷാഫലം അറിയാം

www.keralaresults.nic.in

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

ഈ സൈറ്റുകൾക്ക് പുറമേ സഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്.

 'പിആര്‍ഡി ലൈവ്' മൊബൈല്‍ ആപ്പിലൂടെ ഉച്ചയ്ക്ക് 12 മുതല്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പർ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പിആര്‍ഡി ലൈവ്' ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

Latest News