വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കേസില്‍ കുടുങ്ങിയ ഹോസ്പിറ്റല്‍ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്-വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്  നല്‍കിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം  കസ്റ്റഡിയിലെടുത്തിരുന്ന  റെയില്‍വേ ഹോസ്പിറ്റല്‍ ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ഞങ്ങാട് സ്വദേശിയും  മംഗലാപുരത്ത് കോര്‍ട്ടേഴ്‌സില്‍  താമസക്കാരനുമായ  മംഗലാപുരം റെയില്‍വേ ഹോസ്പിറ്റലിലെ  ഫാര്‍മസിസ്റ്റ്  വിജയനെ(52) നേത്രാവതി പാലത്തിനു സമീപത്തെ  പൂക്കോട്ട് റെയില്‍വേ സ്‌റ്റേഷന് അടുത്താണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് .
ഉച്ചയ്ക്ക് രണ്ടര മണിയോടെ  മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനാണ്  ഇയാളെ തട്ടിയത്. സംഭവസ്ഥലത്തുതന്നെ മരിച്ചു.  സൗത്ത് വെസ്റ്റ് റെയില്‍വേ, കൊങ്കണ്‍ റെയില്‍വേ, ദക്ഷിണ റെയില്‍വേ എന്നിവ കളിലെ ട്രെയിനുകളില്‍   ജോലി ചെയ്യുന്നതിന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്  പണം വാങ്ങി  നല്‍കിയെന്നാരോപിച്ച്  സി. ബി. ഐ സംഘം  മംഗലാപുരം റെയില്‍വേ ഹോസ്പിറ്റലിലെ  ഡോക്ടറെയും  ഫാര്‍മസിസ്റ്റിനെയും ഈയിടെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വെണ്ടര്‍മാര്‍, ക്‌ളീനിംഗ് സ്റ്റാഫ്, ചായ വില്‍പനക്കാര്‍, റെയില്‍വേ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ട്രെയിനില്‍ ജോലി ചെയ്യുന്നതിന് വ്യാജമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയെന്നാണ് ആരോപണം. ഇങ്ങനെ ആയിരത്തോളം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന പരാതിയാണ് സി. ബി. ഐ അന്വേഷിക്കുന്നത്. കസ്റ്റഡിയില്‍ എടുത്ത ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.
അന്വേഷണം ഊര്‍ജിതമായി നടക്കുന്നതില്‍ റെയില്‍വേ ആശുപത്രി ജീവനക്കാര്‍ ആശങ്കയിലായിരുന്നു. അതിനിടെയാണ് വിജയന്‍ ട്രെയിന്‍ തട്ടി മരിച്ചത്. സംഭവം സംബന്ധിച്ച് കര്‍ണ്ണാടക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Latest News