മഡ്രീഡ്- സ്പാനിഷ് ലീഗ് ഫുട്‌ബോളിൽ റയൽ മഡ്രീഡിന് ജയം. വില്ലാറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. രണ്ടു ഗോളിന് പിറകിൽനിന്ന ശേഷമായിരുന്നു മഡ്രീഡിന്റെ വിജയം. ഗോളുകൾ ഒഴിഞ്ഞുനിന്ന ആദ്യ പകുതിക്ക് ശേഷമാണ് അഞ്ചുഗോളുകൾ പിറന്നത്.
അൻപതാം മിനിറ്റിൽ ട്രിഗ്യൂറോസാണ് വില്ലാറയലിന്റെ ആദ്യഗോൾ സ്വന്തമാക്കിയത്. ഏഴുമിനിറ്റിന് ശേഷം ബകാംബു രണ്ടാം ഗോളും നേടി. അറുപത്തിനാലാം മിനിറ്റിൽ ഗാരെത് ബെയ്ൽ മഡ്രീഡിന്റെ ആദ്യഗോൾ നേടി. പത്തുമിനിറ്റിശേഷം പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിനെ ഒപ്പമെത്തിച്ചു. കളി തീരാൻ ഏഴ് മിനിറ്റ് ശേഷിക്കെ മൊറാട്ട ഹെഡറിലൂടെ ഒരു ഗോൾ കൂടി നേടി റയലിന് വിജയം സമ്മാനിച്ചു. ഇതോടെ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ റയൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ അത്‌ലറ്റികോ മഡ്രീഡിനെ തോൽപ്പിച്ച് ബാഴ്‌സ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു.






