തിരുവനന്തപുരം- മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏകോപനത്തില്‍ വരുത്തിയ വീഴ്ചയെത്തുടര്‍ന്നാണ് നടപടി. മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്നും മന്ത്രി വെളിപ്പെടുത്തി. പുറത്തുനിന്നെത്തിയവര്‍ വൃക്ക അടങ്ങിയ പെട്ടിയെടുത്ത് ഓടുകയായിരുന്നു. ഓപ്പറേഷന്‍ തിയറ്റര്‍ എവിടെയെന്ന് ഇവര്‍ക്ക് അറിയാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
കാരക്കോണം സ്വദേശി സുരേഷ് (54) ആണ് മരിച്ചത്. കൊച്ചിയില്‍നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയെന്നു പരാതി ഉയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് രണ്ടു ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.