മുംബൈ-കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിൽ 20 വർഷങ്ങൾക്കിപ്പുറം കോടതി ശിക്ഷിച്ച ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ കഴിഞ്ഞ ദിവസമാണ് ജാമ്യം നേടി ജയിൽ മോചിതനായത്. ജയിലിലേക്ക് പോകുമ്പോഴും മടങ്ങുമ്പോഴും സൽമാന്റെ നിഴലായി കൂടെ ഒരാളുണ്ടായിരുന്നു. ബോഡി ഗാർഡ് എന്ന പദത്തിന് എല്ലാ അർത്ഥത്തിലും അനുയോജ്യനായ ഷേര ആയിരുന്നു അത്. എന്നാൽ സൽമാന്റെ വെറുമൊരു ബോഡി ഗാർഡ് എന്ന പദത്തിൽ ഒതുക്കി നിറുത്തപ്പെടേണ്ട ആളല്ല ഷേര. അതിനുമപ്പുറം വർഷങ്ങളായി സല്ലുവിന്റെ സുരക്ഷയും സംരക്ഷണ കവചവുമാണ് ഈ ആജാനുബാഹു. കൃത്യമായി പറഞ്ഞാൽ 23 വർഷമായി സൽമാന്റെ നിഴൽ തന്നെയാണ് ഷേര. ലോകപ്രശസ്ത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തിയപ്പോൾ സുരക്ഷ ഒരുക്കുന്നതിന് സംഘാടകർക്ക് ഷേരയല്ലാതെ മറ്റൊരു ഓപ്ഷനേ ഉണ്ടായിരുന്നില്ല.
ഗുർമീത് സിംഗ് ജോളി എന്നാണ് ഷേരയുടെ യഥാർത്ഥ പേര്. പഞ്ചാബിലാണ് ജനിച്ചതെങ്കിലും മുംബൈയിലായിരുന്നു ഷേര വളർന്നത്. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം പഠനത്തിന് തന്നെ പൂർണ വിരാമം നൽകി തന്റെ ഇഷ്ട വിഭവമായ ബോഡി ബിൽഡിംഗിലേക്ക് തിരിയുകയായിരുന്നു ഷേര. 1987 ൽ നടന്ന മിസ്റ്റർ ഇന്ത്യ ജൂനിയർ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു ഷേര. മനസ്സിൽ സിനിമാ മോഹവും മോഡലിംഗുമൊക്കെ കലശലായി ഉണ്ടായിരുന്നെങ്കിലും തന്റെ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കാത്തതിനെ തുടർന്ന് പിതാവിന്റെ ഗാരേജ് ഏറ്റെടുത്ത് നടത്താൻ ഷേര തീരുമാനിക്കുകയായിരുന്നു. അതോടൊപ്പം 1993 ൽ ടൈഗർ സെക്യൂരിറ്റി എന്ന പേരിൽ ഒരു സെക്യൂരിറ്റി സ്ഥാപനവും ആരംഭിച്ചു. ഹോളിവുഡിൽ നിന്ന് മുംബൈയിലേക്കെത്തുന്ന താരങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുകയായിരുന്നു ടൈഗർ സെക്യൂരിറ്റിയുടെ ചുമതല. തുടർന്ന് 1995 ൽ സൽമാന്റെ സഹോദരനും നടനുമായ സൊഹൈൽ ഖാൻ വഴിയാണ് ഷേര സൽമാനെ പരിചയപ്പെടുന്നത്. ജ്യേഷ്ഠന് സുരക്ഷ ഒരുക്കുന്നതിന് സൊഹൈൽ തന്നെയാണ് ഷേരയെ സമീപിച്ചത്. പിന്നീടങ്ങോട്ട് ഷേര എന്ന യുവാവ് സൽമാന്റെ നിഴലായി മാറുകയായിരുന്നു.