VIDEO സൗദിയിൽ ഫുര്‍സാന്‍ സര്‍വീസിന് പുതിയ കപ്പല്‍; വന്‍വരവേല്‍പ്

ജിസാന്‍ - ജിസാനും ഫുര്‍സാന്‍ ദ്വീപിനും ഇടയില്‍ സര്‍വീസ് നടത്താന്‍ പുതിയ കപ്പല്‍ ഏര്‍പ്പെടുത്തി. അല്‍റിയാദ് എന്ന് പേരിട്ട കപ്പല്‍ ഇന്നലെ രാവിലെ ആദ്യ സര്‍വീസ് ആരംഭിച്ചു. ഇതോടെ ജിസാനും ഫുര്‍സാന്‍ ദ്വീപിനും ഇടയില്‍ സര്‍വീസ് നടത്തുന്ന കപ്പലുകളുടെ എണ്ണം മൂന്നായി. ഫാരിസുസ്സലാം, ഫുര്‍സാന്‍ എന്നീ കപ്പലുകള്‍  നേരത്തെ മുതല്‍ ഫുര്‍സാന്‍ സര്‍വീസ് നടത്തുന്നുണ്ട്.
മൂന്നാമത് ഒരു കപ്പല്‍ കൂടി ഏര്‍പ്പെടുത്തിയതോടെ ജിസാന്‍, ഫുര്‍സാന്‍ യാത്ര കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമായി. അത്യാധുനിക രീതിയില്‍ നിര്‍മിച്ച പുതിയ കപ്പലില്‍ 600 ലേറെ സീറ്റുകളുണ്ട്. 70 കാറുകളും കപ്പലില്‍ കയറ്റാന്‍ സാധിക്കും. രാവിലെ ആറു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് അല്‍റിയാദ് കപ്പല്‍ ജിസാനും ഫുര്‍സാനും ഇടയില്‍ സര്‍വീസുകള്‍ നടത്തുന്നത്.
ജിസാന്‍, ഫുര്‍സാന്‍ കപ്പല്‍ സര്‍വീസ് സൗജന്യമാണ്. ജിസാന്‍, ഫുര്‍സാന്‍ സര്‍വീസിന് കൂടുതല്‍ കപ്പലുകള്‍ ഏര്‍പ്പെടുത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നാമത് ഒരു കപ്പല്‍ കൂടി ഗതാഗത മന്ത്രാലയം ഏര്‍പ്പെടുത്തിയത്. ജിസാനിലെത്തിയ പുതിയ കപ്പലിനെ ദേശീയ പതാകകളേന്തി ബോട്ടുകളില്‍ അകമ്പടി സേവിച്ച് ആഹ്ലാദാരവങ്ങളോടെ പ്രദേശവാസികള്‍ സ്വീകരിച്ചു.

 

Latest News