Sorry, you need to enable JavaScript to visit this website.
Friday , August   12, 2022
Friday , August   12, 2022

ഇവിടെയിരുന്ന് വിദേശ വിപണിയിലും നിക്ഷേപിക്കാം

നിക്ഷേപ പാതയിലൂടെ -4

നമ്മൾ സൗദി ഓഹരി വിപണിയെ കുറിച്ചും ഇന്ത്യൻ ഓഹരി വിപണിയെ കുറിച്ചുമാണ് കഴിഞ്ഞ ആഴചകളിൽ ചർച്ച ചെയ്തത്, എന്നാൽ ഇതോടൊപ്പം പ്രവാസികൾക്ക് അമേരിക്കയടക്കമുള്ള വിദേശ ഓഹരി വിപണിയിലും ഇവിടെ ഇരുന്നുകൊണ്ട് നിക്ഷേപം നടത്താം. ഗൂഗിൾ, ആപ്പിൾ, ആമസോൺ പോലുള്ള അറിയപ്പെടുന്ന, നല്ല അടിത്തറയുള്ള കമ്പനികളിൽ ബിസിനസ് പങ്കാളികളാവാം. അതും അതാതു രാജ്യത്തിന്റെ നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തികൊണ്ട്. ഒട്ടുമിക്ക പ്രവാസികൾക്കും വിദേശ നിക്ഷേപ സാധ്യതകളെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം. വളരെ എളുപ്പത്തിൽ, വലിയ ചെലവില്ലാതെ ട്രേഡിങ് അക്കൗണ്ടുകൾ തുടങ്ങാനും ഓഹരി വാങ്ങാനും വിൽക്കാനും കഴിയും. അക്കൗണ്ട് തുടങ്ങുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ചുള്ള വീഡിയോ ഉടനെ  ഫിനാൻഷ്യൽ ഫ്രീഡം ബൈ ഫസ്്‌ലിൻ എന്ന ചാനലിൽ ഉൾപ്പെടുത്തുന്നതാണ്.
ഇപ്പോൾ ആഗോളതലത്തിൽ ഓഹരി വിപണി ഇടിവ് നേരിടുകയാണ്. അതിനുള്ള അടിസ്ഥാന കാരണം നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ ഉക്രൈനിലെ റഷ്യയുടെ അധിനിവേശവും അതേത്തുടർന്നുണ്ടായ പണപ്പെരുപ്പവുമാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനായി ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളും അവരുടെ പലിശനിരക്ക് പലവട്ടം കൂട്ടിയിരുന്നു.  അതേത്തുടർന്നു ഓഹരി വിപണികൾ ഇടിഞ്ഞു. 16,000 ഉണ്ടായിരുന്ന നാസ്താഖ് 10,800 എത്തി, ഡൗജോൺസ് 36,300 ൽനിന്നും 29,900 ലേക്കും നിഫ്റ്റി 18500 ൽനിന്നും 15,200 ലേക്കും സെൻസെക്‌സ് 61700 ൽനിന്നും 51360 ലേക്കും സൗദി ദതാവുൽ 13,975 ൽനിന്നും 11824 ലേക്കും വീണു.
ഒരുപാട് നല്ല നല്ല കമ്പനികളുടെ ഓഹരികൾ വളരെ കുറഞ്ഞ വിലയിൽ എത്തി നിൽക്കുകയാണ്. ഇപ്പോൾ നിരവധി പേർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇതാണോ വാങ്ങാൻ പറ്റിയ സമയം? ഓരോ ഇടിവിലും വാങ്ങുന്നതല്ലേ നല്ലതെന്ന്. ഓരോ ഇടിവിലും വാങ്ങി വാങ്ങി പണം തീർന്നു, ഇപ്പോൾ വീണ്ടും ഇടിഞ്ഞു എന്ത് ചെയ്യും? അവരോട് പറയാൻ ഒന്നേയുള്ളൂ.
ഓഹരി വിപണിയിൽ ഓരോരോ തന്ത്രങ്ങളാണ് നിക്ഷേപകർ പിന്തുടരുന്നത്. നന്നായി പഠിച്ച് മനസ്സിലാക്കി നിക്ഷേപം നടത്തിയാൽ, നമ്മൾ പേടിക്കേണ്ട ആവശ്യമില്ല. കാരണം നല്ല അടിത്തറയുള്ള കമ്പനിയുടെ ഷെയർ തീർച്ചയായും കയറിവരും എന്നുള്ളതിന് വിദൂരതയിൽ അല്ലാതെ സംഭവിച്ച ഉദാഹരണം നമ്മുടെ മുൻപിലുണ്ട് -'കോവിഡ്'. എത്ര പെട്ടെന്നാണ് കോവിഡ് പ്രതിസന്ധിയെ ഓഹരി വിപണി തരണം ചെയ്തു   മുന്നേറിയത്്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഓഹരി നിക്ഷേപകരോട് പറയാനുള്ളത് ഒന്നു മാത്രം. ഓഹരി വിപണി തീർച്ചയായും തിരിച്ചു വരിക തന്നെ ചെയ്യും. ചരിത്രം പരിശോധിച്ചാൽ നമുക്കത് മനസ്സിലാക്കാം. ആദ്യം ഓഹരി വിപണിയിൽ വിശ്വാസമർപ്പിക്കുക. ക്ഷമയോടെ കാത്തിരിക്കുക. നല്ല കമ്പനികളിൽ മാത്രം നിക്ഷേപിക്കുക. ചില നിക്ഷേപകർ പലപ്പോഴും അവരുടെ പോർട്ട്‌ഫോളിയോ എനിക്ക് ഷെയർ ചെയ്യാറുണ്ട്്. അതിൽ മിക്കപ്പോഴും കാണുക കേട്ടുകേൾവി പോലുമില്ലാത്ത ചില ഓഹരികളാണ്. ആരൊക്കെയോ എവിടെയോ പറഞ്ഞത് കേട്ട് വാങ്ങിച്ചിട്ടുള്ള ഓഹരികൾ. ചില കമ്പനികൾക്ക് വെബ്‌സൈറ്റുകൾ പോലുമില്ല എന്നതാണ്  സത്യം. ഞാനടക്കമുള്ള മലയാളികൾക്ക് ക്ഷമയോടെ കാത്തിരിക്കുന്നതിനേക്കാൾ പെട്ടെന്ന് കാശുണ്ടാക്കാനാണ് കൂടുതൽ താൽപര്യം. അപ്പോൾ അബദ്ധങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഓഹരി വിപണി നഷ്ടത്തിന്റെ മാത്രം കഥ പറയുന്ന ഒന്നായി മലയാളിക്ക് മാറുന്നത് അതുകൊണ്ടാണ്.
നല്ല കമ്പനികളിൽ നിക്ഷേപിച്ചു ക്ഷമയോടെ കാത്തിരിക്കുക. ഇപ്പോൾ ഈ ഇടിവിൽ പണം ഇറക്കാൻ ഇരിക്കുന്നവർക്കായി ഒരു നല്ല തന്ത്രം കൂടി പങ്കുവെച്ച് ഈ പക്തി തൽക്കാലത്തേക്ക് നിർത്താം.
ഓഹരി വിപണിയിൽ നിന്ന് വരുന്ന വാർത്തകളെല്ലാം തന്നെ അത്ര ശുഭകരമല്ല.  ശുഭകരമായ വാർത്തകൾ വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക  ഓഹരി വിപണിയിൽ മൂന്നു തരത്തിലുള്ള പ്രവണതകളാണ് (ട്രെൻഡ്‌സ്) ഉണ്ടാവാറ്. അതിൽ ഞാൻ ചെയ്യാറുള്ള ചില പൊടിക്കൈകൾ ആദ്യമായി മലയാളം ന്യൂസ് വായനക്കാർക്കായി പങ്കുവെക്കുന്നു. (വിലയിരുത്തി തീരുമാനങ്ങളെടുക്കുക).ട്രെൻഡ് 1:100% ഉറപ്പുള്ള മുകളിലേക്കു പോവാനുള്ള പ്രവണത (confirmed uptrend) എല്ലാ ഘടകങ്ങളും അനുകൂലമായി വരുന്ന സാഹചര്യം. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ  ഏറ്റവും യോജിച്ച സമയം അതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനായി കാത്തിരിക്കുക.
ട്രെൻഡ് 2: മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന  പ്രവണത (uptrend under pressure). സമ്മർദത്തിൽ ഇരുന്നുകൊണ്ട് മുകളിലേക്ക് പോവാനുള്ള ഒരു സാധ്യത. വളരെ സൂക്ഷിച്ച് ചെറിയ ഗഡുക്കളായി മാത്രം നിക്ഷേപിക്കേണ്ട സമയം. കൈയിലുള്ള മുഴുവൻ പണവും  ഈ സമയത്ത് നിക്ഷേപിക്കാതിരിക്കുക.
ട്രെൻഡ് 3: തിരുത്തൽ വിധേയമാവുന്ന പ്രവണത (market in correction). എല്ലാ സാഹചര്യങ്ങളും പ്രതികൂലമായി വന്നുചേരുക, ഭൂരിപക്ഷം വരുന്ന ഓഹരികളും ഇടിവ് രേഖപ്പെടുത്തുക എന്നതാണ് ഇതിന്റെ സൂചനകൾ. ഈ അവസ്ഥയിൽ സൂചനകൾ മനസ്സിലാക്കി, തിരുത്തൽ  എത്ര ശതമാനം വരെ വരാം എന്ന് മനസ്സിലാക്കി തീരുമാനം എടുക്കണം.
ഉദാഹരണത്തിന്, ഉക്രൈൻ റഷ്യ വിഷയം തുടങ്ങിയപ്പോൾ തന്നെ ഓഹരിവിപണി ഇടിയാനുള്ള എല്ലാ സൂചനകളും നമുക്ക് ലഭിച്ചിരുന്നു. 2-3 ശതമാനം ഒരു സ്‌റ്റോപ്പ് ലോസ് ഇട്ടുവെച്ച എത്ര പേരുണ്ടാവും നമ്മുക്കിടയിൽ? വളരെ ഒരു ചെറിയ ശതമാനമേ കാണൂ. കാരണം ഇനിയെങ്ങാനും ഓഹരി വിപണി പ്രതീക്ഷിച്ചതിനു വിപരീതമായി  കയറിപ്പോയാൽ ഉണ്ടായേക്കാവുന്ന കിട്ടാനിരുന്ന ലാഭത്തിന്റെ, നഷ്ടപ്പെടലിനെ കുറച്ചു ചിന്തിച്ചപ്പോൾ നാം അതിന് മുതിർന്നില്ല എന്നതാണ് സത്യം. അത് തന്നെയാണ് മനുഷ്യ മനഃശാസ്ത്രവും. അതിനെ നിയന്ത്രിച്ചാൽ ഞാനും നിങ്ങളും നല്ലൊരു നിക്ഷേപകനായി. ദീർഘകാല നിക്ഷേപത്തിന് ഇതൊന്നും ശ്രദ്ധിക്കേണ്ട ആവശ്യവുമില്ല. നല്ല കമ്പനികൾ തെരഞ്ഞെടുക്കുക എന്നതിൽ മാത്രം ശ്രദ്ധിക്കുക. കാരണം, നല്ല കമ്പനികൾ എല്ലാ പ്രതിസന്ധികളെയും  തരണം ചെയ്തു മുന്നോട്ടു പോവുക തന്നെ ചെയ്യും. നല്ലൊരു നിക്ഷേപകനായി എല്ലാവരും മാറട്ടെ എന്ന ആശംസയോടെ നിർത്തുന്നു. (അവസാനിച്ചു)

Latest News