കേരളത്തിലിപ്പോൾ ഫയലുകൾക്ക് ജീവൻ വെക്കേണ്ട കാലം 

ഇനിയും ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ ആവശ്യമായി വരരുത് എന്നു കൂടി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഫയലുകളിൽ ജീവിതം കുരുങ്ങിക്കിടക്കുന്നവരുടെ ദയനീയ സ്ഥിതി അധികാരമേറ്റയുടൻ മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദത്തിലെ രണ്ടാം ഘട്ടത്തിലും അതു തന്നെ ആവർത്തിക്കേണ്ടിവരുന്നുവെന്നത്  ദയനീയമായ അവസ്ഥയാണ്.

മുഖ്യമന്ത്രി പിണറായി വിജയനും ഭരണ സംവിധാനവും പ്രഖ്യാപിച്ചതനുസരിച്ച് കാര്യങ്ങൾ നടക്കുകയാണെങ്കിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ  കേരളത്തിൽ ഫയലുകൾക്ക് ജീവൻ വെക്കേണ്ട കാലമാണ്. ഫയൽ തീർപ്പാക്കൽ കാലത്തിന്റെ പ്രഖ്യാപന ദിനത്തിൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ഇങ്ങനെ 
 ''ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സർക്കാർ ഓഫീസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂർവവും സുതാര്യവും വേഗത്തിലും ആക്കേണ്ടതുണ്ട്. കോവിഡിന്റെ പ്രത്യാഘാതം സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ഗണ്യമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ സാധാരണ നിലയിലേക്ക് നാം തിരിച്ചുവരികയാണ്. ഈ ഘട്ടത്തിലാണ് ഫയൽ തീർപ്പാക്കൽ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്നു മുതൽ (ജൂൺ 15) സെപ്റ്റംബർ 30 വരെ തീവ്രയജ്ഞ പരിപാടിയായാണ് ഇത് നടപ്പിലാക്കുന്നത്. ഇക്കാര്യത്തിൽ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെയും സർവീസ് സംഘടനകളുടെയും സഹകരണം സർക്കാർ പ്രതീക്ഷിക്കുകയാണ്. നിലവിൽ സർക്കാർ ഓഫീസുകളിലെ ഫയലുകളിൽ ഭൂരിഭാഗവും ഇ-ഓഫീസ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ, ജീവനക്കാരുടെ സഹകരണമുണ്ടായാൽ ഇത് നടപ്പാക്കാനാവും.''

സർക്കാർ  നയപരിപാടികൾ നടപ്പാക്കുന്നത് ജീവനക്കാരിലൂടെയാണ്. കാര്യക്ഷമവും ശുഷ്‌കാന്തിയുള്ളതുമായ സിവിൽ സർവീസ് ഏതൊരു ഭരണത്തിന്റെയും പ്രതിഛായ നിശ്ചയിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ജീവനക്കാരെ ആവർത്തിച്ച് ഓർമപ്പെടുത്തിയിട്ടുണ്ട്.  നിങ്ങളുടെ പ്രവൃത്തികളാണ് ജനങ്ങളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം എന്നദ്ദേഹം സന്തം ജീവനക്കാരെ ആവർത്തിച്ച്  ഉണർത്തിയ ശേഷവും എന്ത് തരം മാറ്റമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്ന് കേരളം ഉറ്റു നോക്കുകയാണ്. സെക്രട്ടറിയേറ്റിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നത് ഭയപ്പെടുത്തുന്ന സത്യമാണ്. ഇവയിലെത്രയെണ്ണത്തിന് ഫയൽ തീർപ്പാക്കലിന്റ കാലത്ത് മോചനം ലഭിക്കും?  ഉദ്യോഗസ്ഥർ ആത്മാർഥമായി രംഗത്ത് വരികയാണെങ്കിൽ ഇക്കാലത്ത് ഇതൊക്കെ സാധ്യമാകും. കാരണം ഭൂരിഭാഗം ഓഫീസുകളും ഇ -ഓഫീസ് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളിലെപ്പോഴോ തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂനിയൻ ഹാളിലെ ഒരു ചടങ്ങിൽ  കെ.എം. മാണി നടത്തിയ ഒരു പ്രസംഗം ഓർമ വരുന്നു. കടലാസ് ഫയലുകൾ മാറി കംപ്യൂട്ടറിൽ നിന്ന് കംപ്യൂട്ടറിലേക്ക് സഞ്ചരിക്കുന്ന ഫയലുകൾ വരുമെന്നും വീട്ടിലിരുന്ന് ഫയലിന്റെ നീക്കം അറിയാനാവുമെന്നും അന്നദ്ദേഹം താൻ സന്ദർശിച്ച വിദേശ നാടുകളിലെ അനുഭവം വെച്ച് പറയുകയായിരുന്നു.  ഇന്ന് കൈവരിച്ച കംപ്യൂട്ടർ സാധ്യതകളൊന്നും അന്ന് കേരളത്തിന്റെ സമീപ പരിസരത്തു പോലുമുണ്ടായിരുന്നില്ല. കെ.എം. മാണി അന്ന് പ്രവചിച്ച വഴിയിലാണിപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. സെക്രട്ടറിയേറ്റിലേക്ക് പോയ ഫയൽ ദുരൂഹമായി കാണാതായിപ്പോകുന്ന സ്ഥിതിയൊന്നും ഇനി ആരു വിചാരിച്ചാലും നിലനിർത്താനാകില്ല.  
സെക്രട്ടറിയേറ്റ് മുതൽ വില്ലേജ് ഓഫീസ് വരെയുള്ള മുഴുവൻ സർക്കാർ ഓഫീസുകളിലും അതത് ഓഫീസ് മേധാവിമാരുടെ ചുമതലയിൽ ഫയൽ തീർപ്പാക്കൽ ഫലപ്രദമായി നടക്കണം എന്നാണ് ഫയൽ തീർപ്പാക്കൽ കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രാദേശികമായ ഓഫീസുകളുടെ പ്രവർത്തന പുരോഗതി ജില്ല-മേഖല ഓഫീസുകൾ വിലയിരുത്തേണ്ടതാണെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.  വകുപ്പിന്റെ മൊത്തത്തിലുള്ള പുരോഗതി വകുപ്പ് മേധാവി  ഇടവേള നിശ്ചയിച്ച് വിലയിരുത്തും. സെക്രട്ടറിയേറ്റിലെ തീർപ്പാക്കലിന്റെ ചുമതല ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്കായിരിക്കും. സംസ്ഥാന തലത്തിൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനത്തിന്റെ മേൽനോട്ടം ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനായിരിക്കും. ഇക്കാര്യം ചീഫ് സെക്രട്ടറിയും വകുപ്പ് മന്ത്രിമാരും മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് അവലോകനം ചെയ്യും. മന്ത്രിസഭയിലും ഇത് വിലയിരുത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.  സർക്കാർ ഇതിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. വീഴ്ച വരുത്താതിരിക്കണം, ഗൗരവമായി വിജയിപ്പിക്കുന്നതിന് ശ്രദ്ധിക്കണം -മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാൻ അദ്ദേഹത്തിന്റെ സംഘടനയിൽപെട്ട ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ നടക്കും. കാരണം അവരാണ് സർവീസിലെ ഭൂരിപക്ഷം. 
 
വകുപ്പുതലത്തിലുള്ള തീർപ്പാക്കലിനോടൊപ്പം, ജില്ലാതലത്തിലും ഇതിന് മേൽനോട്ട സംവിധാനമുണ്ടാകും. എല്ലാ വകുപ്പുകളിലെയും പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്ന് ജില്ല കലക്ടറുടെ നേതൃത്വത്തിൽ ജില്ല/ മേഖല  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിക്കും. ഓരോ ജില്ലക്കും മന്ത്രിമാർക്ക് ചുമതലയുണ്ടാകും.

ഫയലുകൾ യാന്ത്രികമായി തീർപ്പാക്കുന്ന സ്ഥിതി വരാൻ സാധ്യതയുണ്ട്. ഫയലിൽ വെറുതെ ക്വറികൾ എഴുതി വെച്ച് ഉത്തരവാദിത്തമൊഴിയൽ ഫയൽ തീർപ്പാക്കലായി സർക്കാർ പരിഗണിക്കില്ല. ഓരോ ഓഫീസിലും നിലവിലുള്ള പെന്റിംഗ് ഫയലുകളുടെ എണ്ണം ആദ്യം തയാറാക്കണം.  ഓരോ മാസവും കൂട്ടിച്ചേർക്കുന്ന ഫയലുകളുടെ എണ്ണവും തീർപ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് ഓരോ മാസവും വിലയിരുത്തണം. ഇതിനായി ഒരു പദ്ധതിയും ആക്ഷൻ പ്ലാനും ഉൾപ്പെടെ തയാറാക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ജൂൺ നാലിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എല്ലാ ഓഫീസുകളും കൃത്യമായി പാലിക്കാൻ നിർബന്ധിതരാകും. 

നിലവിലുള്ള ചട്ടങ്ങളുടെയോ നടപടിക്രമങ്ങളുടെയോ സങ്കീർണത കാരണം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കാലതാമസമോ തടസ്സമോ ഉണ്ടാകുന്നുണ്ടെങ്കിൽ അവ വകുപ്പുതലത്തിൽ തയാറാക്കി സമാഹരിച്ച് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തണം. ഭരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ഭാഗത്തുനിന്നും ഇത്തരം നിർദേശങ്ങൾ ഉരുത്തിരിഞ്ഞുവരുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കും. ജനങ്ങൾക്ക് സേവനം വേഗത്തിൽ ലഭ്യമാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഒരു മാസത്തിൽ ഒരു അവധി ദിവസം പൂർണമായി ഫയൽ തീർപ്പാക്കലിനായി മാറ്റിവെക്കുന്നതും ഗൗരവമായി ആലോചിക്കാവുന്നതാണെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാകുമോ എന്ന് കാത്തിരുന്നു കാണാം. 
 ഒരു ഉദ്യോഗസ്ഥൻ എത്ര ഫയലുകൾ തീർപ്പാക്കി എന്നതു മാത്രം അവ രുടെ കാര്യക്ഷമതക്ക് മാനദണ്ഡമാവില്ല. ഉദാഹരണത്തിന്, സങ്കീർണമായ വിഷയങ്ങൾ അടങ്ങുന്ന ഫയലുകൾ യാന്ത്രികമായ ചോദ്യങ്ങളോ സംശയങ്ങളോ ഉന്നയിച്ച് കീഴ്ത്തട്ടിലേക്കോ മുകൾത്തട്ടിലേക്കോ അയക്കുന്നത്  വിപരീത ഫലം ചെയ്യും. ഉദ്യോഗസ്ഥ ശ്രേണിയിലുള്ള ഒരാൾ ഇങ്ങനെ ചെയ്താൽ ഫയലിൽ തീരുമാനമെടുക്കുന്നതിനെ അത് പ്രതികൂലമായി ബാധിക്കും. ഇങ്ങനെ  ജനവിരുദ്ധമായി തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർ ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥിതി വന്നാൽ ഉദ്യോഗസ്ഥ സംവിധാനത്തിന്  ഉൾഭയം വരും. 
 
 ഇനിയും ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ ആവശ്യമായി വരരുത് എന്നു കൂടി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഫയലുകളിൽ ജീവിതം കുരുങ്ങിക്കിടക്കുന്നവരുടെ ദയനീയ സ്ഥിതി അധികാരമേറ്റയുടൻ മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദത്തിലെ രണ്ടാം ഘട്ടത്തിലും അതു തന്നെ ആവർത്തിക്കേണ്ടിവരുന്നുവെന്നത്  ദയനീയമായ അവസ്ഥയാണ്. സ്വന്തം മുഖ്യമന്ത്രിയുടെ വാക്കിന് വിലയുണ്ടാക്കാൻ മുന്നിട്ടിറങ്ങി പ്രവർത്തിക്കേണ്ടത് സിവിൽ സർവീസിലെ മുഴുവൻ ജീവനക്കാരുമാണ്. സംഘ ശക്തിയിൽ മുന്നിട്ടു നിൽക്കുന്ന ഭരണ കക്ഷി യൂനിയൻകാരുടെ ഉത്തരവാദിത്തം കൂടുതലാകുന്നത് സ്വാഭാവികം.
 

Latest News