മുട്ടയില്‍ കോഴിയുടെ ആര്‍ത്തവരക്തം; മേനക ഗാന്ധിയുടെ വിചിത്രവാദം ചോദ്യം ചെയ്ത് ഡോക്ടര്‍മാര്‍

ഹൈദരാബാദ്- കോഴിയുടെ ആര്‍ത്തവ രക്തംകൊണ്ടാണ് മുട്ട  ഉണ്ടാകുന്നതെന്ന ബി.ജെ.പി നേതാവും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മേനക ഗാന്ധിയുടെ വാദത്തെ ചോദ്യം ചെയ്ത് ഡോക്ടര്‍മാരും വിദഗ്ധരും.
ഹൈദരാബാദില്‍  ജയിന്‍ സേവാ സംഘ് സംഘടിപ്പിച്ച പരിപാടിയിലാണ് മേനകാ ഗാന്ധി വിചിത്ര വാദം ഉന്നയിച്ചത്.
മുട്ട ഭക്ഷ്യയോഗ്യമല്ലെന്നും പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
ശാസ്ത്രത്തെ പിറകോട്ട് കൊണ്ടുപോകാനുള്ള ബി.ജെ.പി നേതാക്കളുടെ നീക്കം ഇതാദ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ മേനക ഗാന്ധിയുടെ വാദങ്ങളെ ചോദ്യം ചെയ്യുന്നത്. ഇത് പൂര്‍ണമായും അടിസ്ഥാനരഹിതമായ വാദമാണെന്ന് ശിശുരോഗ വിദഗ്ധയും പൊതുജനാരോഗ്യ പ്രവര്‍ത്തകയുമായ ഡോ. വന്ദന പ്രസാദ് പറഞ്ഞു. ചില മൃഗങ്ങള്‍ക്ക് മാത്രമാണ് ആര്‍ത്തവമുള്ളതെന്നും കോഴികള്‍ അതില്‍വരുന്നില്ലെന്നും അവര്‍ പറഞ്ഞു. ആര്‍ത്തവ രക്തം ചീത്തയാണെന്ന പൊതുധാരണ കൂടി അരക്കിട്ടുറപ്പിക്കാനാണ് മന്ത്രി ശ്രമിച്ചിരിക്കുന്നതെന്നും ഡോ. വന്ദന പറഞ്ഞു. ആര്‍ത്തവം സാധാരണ ശാരീരിക പ്രവര്‍ത്തനമാണെന്ന് ബോധ്യപ്പെടുത്താനാണ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ശ്രമിച്ചുവരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുട്ടയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ നിര്‍ത്തിവെക്കണമെന്നും സദസില്‍ നിന്നുള്ള ചോദ്യത്തിന് മറുപടിയായി മേനക ഗാന്ധി പറഞ്ഞിരുന്നു.
ഒരു മുട്ടയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ രണ്ട് സ്പൂണ്‍ പരിപ്പില്‍ ഉണ്ട്. കൂടാതെ, മുട്ട ശരീരത്തിലെ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു- മേനക ഗാന്ധി വാദിച്ചു.

 

Latest News