ലൈംഗിക പീഡനം; മലപ്പുറത്തെ അധ്യാപകനെതിരെ പരാതികള്‍ വര്‍ധിക്കുന്നു

മലപ്പുറം-നഗരത്തിലെ സെന്റ്ജമ്മാസ് സ്‌കൂളില്‍ വര്‍ഷങ്ങളായി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡനത്തിനിരയാക്കിയ അധ്യാപകനെതിരെ പോലീസില്‍ പരാതികള്‍ വര്‍ധിക്കുന്നു. സ്‌കൂളില്‍ നിന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ച അധ്യാപകനും മലപ്പുറം നഗരസഭാ കൗണ്‍സിലറുമായിരുന്ന കെ.വി.ശശികുമാറിനെതിരെ ഏഴു പരാതികളാണ് ഇതുവരെ പോലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ റിമാന്റിലാണ്.
ആഴ്ചകള്‍ക്ക് മുമ്പാണ് അധ്യാപകനെതിരെ പരാതികള്‍ വന്നു തുടങ്ങിയത്.സ്‌കൂളില്‍ നിന്ന് വിമരിച്ചതിന് ശേഷം ശശികുമാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ കമന്റുകളായാണ് ഇയാളുടെ ലൈംഗിക പീഡനങ്ങലെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്ന് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന ശശികുമാറിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. പോലീസില്‍ മെയ് 13 ന് ആദ്യ പരാതി എത്തിയതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. മലപ്പുറം നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം ഇയാള്‍ രാജിവെക്കുകയും ചെയ്തു. വയനാട്ടിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി.ഇതിന് പിന്നാലെയാണ് പുതിയ പരാതി എത്തിയത്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനില്‍ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് ശശികുമാറിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

 

Latest News