പ്രധാനമന്ത്രിയെയും ടെന്‍ഡര്‍ വിളിച്ച് എടുക്കുമോ... അഗ്നിപഥില്‍ പരിഹസിച്ച് ഉദ്ദവ് താക്കറെ

മുംബൈ- അഗ്‌നിപഥ് പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗത്തും കത്തിപ്പടരുമ്പോള്‍ പദ്ധതിക്കെതിരേ രൂക്ഷ വിമര്‍ശമുന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇനി രാജ്യത്ത് ഒരു വാടക സര്‍ക്കാര്‍ മതിയെന്ന് നാളെ നിങ്ങള്‍ പറഞ്ഞേക്കുമെന്നും പ്രധാനമന്ത്രിക്കായും മുഖ്യമന്ത്രിക്കായും ടെന്‍ഡര്‍ നോട്ടീസ് ഇറക്കുമോയെന്നും താക്കറെ ചോദിച്ചു.

ചെറുപ്പക്കാരെ തെരുവിലിറക്കിയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? നാല് വര്‍ഷത്തിന് ശേഷം എന്ത് ജോലിയാണ് നിങ്ങള്‍ക്കവര്‍ക്ക് നല്‍കാന്‍ കഴിയുകയെന്നും താക്കറെ ചോദിച്ചു. വലിയ പേരില്‍ പദ്ധതികള്‍ കൊണ്ടുവരികയും വാക്ക് പാലിക്കാതിരിക്കുകയും ചെയ്യുകയാണ്. വര്‍ഷത്തില്‍ രണ്ടു കോടി ജോലി നല്‍കുമെന്ന് പറഞ്ഞു. ഒന്നുമുണ്ടായില്ല.

നോട്ട് നിരോധ സമയത്തും രണ്ടാമത് കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതിയിലും അതിശക്തമായ പ്രതിഷേധം കണ്ടു. ആദ്യത്തേത് ജനങ്ങള്‍ സഹിച്ചു. രണ്ടാമതില്‍ അതുണ്ടായില്ല. ഒടുവില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഇപ്പോള്‍ അഗ്‌നിപഥിന്റെ പേരില്‍ കേന്ദ്രം പുതിയ പ്രശ്‌നമുണ്ടാക്കുകയാണെന്നും താക്കറെ പറഞ്ഞു.

 

Latest News