അഗ്നിവീരന്മാരെ ബി.ജെ.പി ഓഫീസ് സെക്യുരിറ്റിയാക്കും- കൈലാഷ് വിജയ വര്‍ഗിയ

ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ വ്യാപക പ്രതിഷേധമുയരുന്നതിനിടെ വിവാദ പരാമര്‍ശങ്ങളുമായി ബി.ജെ.പി നേതാക്കള്‍. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയയും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയുമാണ് വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്.

അഗ്‌നിവീരന്മാര്‍ക്ക് സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ബി.ജെ.പി ഓഫീസുകളില്‍ സുരക്ഷാ ജീവനക്കാരായി ജോലി ലഭിക്കുമെന്ന രീതിയിലായിരുന്നു കൈലാഷ് വിജയ വര്‍ഗിയയുടെ വാക്കുകള്‍. ബി.ജെ.പി ഓഫീസിന് സുരക്ഷാ ജീവനക്കാരെ ആവശ്യമാണെങ്കില്‍ അഗ്‌നിവീരന്മാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

സൈനിക പരിശീലനം നേടി നാലുവര്‍ഷത്തിന് ശേഷം അഗ്‌നിവീരന്മാര്‍ സര്‍വീസില്‍നിന്ന് പിരിയുമ്പോള്‍ അവര്‍ക്ക് 11 ലക്ഷം രൂപയും അഗ്‌നിവീര്‍ പദവിയും ലഭിക്കും. ബി.ജെ.പി ഓഫീസിന്റെ സുരക്ഷക്കായി കൂലിക്ക് ആളെ എടുക്കണമെങ്കില്‍ ഞാന്‍ അഗ്‌നിവീരന് മുന്‍ഗണന നല്‍കും- വിജയ വര്‍ഗിയ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി നേതാവിന്റെ പരാമര്‍ശം വിവാദമായതോടെ ആം ആദ്മി പാര്‍ട്ടിയും ശിവസേനയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. രാജ്യത്തെ സൈനികരെയും യുവാക്കളെയും അവഹേളിക്കരുതെന്ന്  ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൈലാഷ് വിജയ വര്‍ഗിയയോട് ആവശ്യപ്പെട്ടു.

 

Latest News