Sorry, you need to enable JavaScript to visit this website.

നൂപുര്‍ ശര്‍മക്കെതിരായ കേസ് കോള്‍ഡ് സ്‌റ്റോറേജില്‍, ചീഫ് ജസ്റ്റിസ് ഇടപെടണം

ഹൈദരാബാദ്-പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയെ  അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തെലങ്കാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കി.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നടത്തിയ അപകീര്‍ത്തികരവും പ്രകോപനപരവുമായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും, പ്രത്യേകിച്ച് തെലങ്കാന സംസ്ഥാനത്തിന്റെയും പ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടെന്ന് ഖാജാ ഐജാസുദ്ദീന്‍ ഹരജിയില്‍ അഭ്യര്‍ത്ഥിച്ചു. 'മുഹമ്മദ് പ്രവാചകനെതിരെ നൂപുര്‍ ശര്‍മ്മ ഉപയോഗിച്ച മോശം ഭാഷ  ഇന്ത്യയിലെ 20 കോടിയിലധികം മുസ്ലിംകളുടെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലിംകളുടെയും വികാരങ്ങളെ അപമാനിച്ചുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. ലോകമെമ്പാടും സംപ്രേഷണം ചെയ്ത ടൈംസ് നൗ ടെലിവിഷന്‍ ചാനലിലെ ടി.വി ചര്‍ച്ചയില്‍ മെയ് 27  നാണ് പ്രവാചകന്‍ മുഹമ്മദിനെതിരെ ബിജെപി നേതാവ് നൂപൂര്‍ ശര്‍മ്മ വിവാദ പരാമര്‍ശം നടത്തിയത്.
മുഹമ്മദ് നബി ഇസ്‌ലാമിന്റെ പ്രവാചകനാണെന്നും മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ അധ്യാപനങ്ങളും തത്വങ്ങളുമാണ് പിന്തുടരുന്നതെന്നും പരാതിയില്‍ പറഞ്ഞു. പ്രവാചകനെതിരെയുള്ള ഏതെങ്കിലും തരത്തിലുള്ള അപകീര്‍ത്തികരമായ വാക്കുകള്‍ മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷാ നടപടിക്ക് അര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമവാഴ്ച ഉറപ്പാക്കാന്‍ ഇത്തരം കുറ്റവാളികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യേണ്ടത് സര്‍ക്കാരുടെ ബാധ്യതയാണ്. ഹൈദരാബാദ് സിറ്റി പോലീസ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷനില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും  പ്രതിയായ നൂപൂര്‍ ശര്‍മ്മയെ അറസ്റ്റുചെയ്യുന്നതിന് നടപടി സ്വീകരിച്ചില്ല. ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് പ്രതിയുടെ അറസ്റ്റ് അത്യന്താപേക്ഷിതമാണ്. എഫ്‌ഐആറുമായി നിയമാനുസൃതമായി മുന്നോട്ടുപോകാതെ കോള്‍ഡ് സ്‌റ്റോറേജില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അഭിഭാഷകന്‍ ഹരജിയില്‍ പറഞ്ഞു.

നൂപുര്‍ ശര്‍മ്മയെ  അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും സമഗ്രമായി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കണമെന്നും സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയമിക്കണമെന്നും ഖാജ ഐജാസുദ്ദീന്‍ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു.  ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ ലോകമെമ്പാടം ഇന്ത്യയുടെ പ്രതിച്ഛായ സംരക്ഷിക്കുമെന്നും ഇന്ത്യയില്‍ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News