മോഡി യുവാക്കളെ തൊഴിലില്ലായ്മയുടെ അഗ്നിപാതയിലൂടെ നടത്തിക്കുന്നു- രാഹുല്‍

ന്യൂദല്‍ഹി-പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറും വാഗ്ദാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി മോഡി യുവാക്കളെ തൊഴിലില്ലായ്മയുടെ അഗ്നിപാതയിലാണ് എത്തിച്ചതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

എട്ട് വര്‍ഷത്തിനുള്ളില്‍ 16 കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നാണ് മോഡി  പറഞ്ഞത്. എന്നാല്‍ യുവാക്കള്‍ക്ക് പക്കോഡ വറുക്കുന്നതിനെക്കുറിച്ച് മാത്രമാണ് അറിവ് ലഭിച്ചതെന്ന് രാഹുല്‍ പറഞ്ഞു.
അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എം.പിമാരും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളും ജന്തര്‍ മന്തറില്‍ സത്യഗ്രഹം ആരംഭിച്ചിരിക്കെയാണ് അദ്ദേഹത്തിന്റെ ആക്രമണം.
രാജ്യത്തിന്റെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി പ്രധാനമന്ത്രി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചിരുന്നു.  തെരുവില്‍ പ്രതിഷേധിക്കുന്ന യുവാക്കളോടൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലകൊള്ളണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.

പല സംസ്ഥാനങ്ങളിലും പ്രതിപക്ഷം പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ രംഗത്തുവന്നിരിക്കെ, അക്രമാസക്തമായ പ്രതിഷേധത്തെ ശമിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.  അഗ്‌നിപഥില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിലെയും അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും ഒഴിവുകളില്‍ 10 ശതമാനം സംവരണം ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ കേന്ദ്രം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പദ്ധതി തന്നെ പിന്‍വലിക്കാനുള്ള സമ്മര്‍ദം ശക്തമാക്കിയിരിക്കയാണ് വിവിധ പാര്‍ട്ടികള്‍.

 

Latest News