പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഡോര്‍  പൂട്ടിയിട്ടത്, കള്ളന്റെ കുറിപ്പ് വൈറലായി 

കുന്ദംകുളം -കടയില്‍ മോഷ്ടിക്കാന്‍ കയറിയിട്ട് ഒന്നും കിട്ടാതെ വന്നപ്പോള്‍ 'പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടത്' എന്ന് കുറിപ്പെഴുതിവച്ചുപോയ കള്ളന്‍ പിടിയില്‍. നാല്‍പ്പതുകാരനായ പുല്‍പ്പള്ളി ഇരുളം കളിപറമ്പില്‍ വിശ്വരാജാണ് കള്ളന്‍. കുന്നംകുളത്തെ വ്യാപാര സമുച്ചയത്തില്‍ പൂട്ട് തകര്‍ത്ത് കയറിയിട്ടും സ്ഥാപനത്തില്‍ നിന്നും ഒന്നും കിട്ടാത്തതിന്റെ നിരാശയിലാണ് ഇയാള്‍ കുറിപ്പ് എഴുതിയത്.
വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളിലാണ് ഇയാള്‍ കയറിയത്. കടകളുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ കള്ളന് ഒരു കടയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. എന്നാല്‍ മൂന്നാമത്തെ കടയില്‍ നിന്ന് പണമൊന്നും കിട്ടിയില്ല. ഒരു ജോഡി ഡ്രസ് മാത്രമാണ് കള്ളന്‍ ഇവിടെ നിന്നും എടുത്തത്.
ഈ കടയ്ക്ക് ചില്ലുവാതിലായിരുന്നു. ഇത് തകര്‍ത്താണ് കള്ളന്‍ അകത്തു കയറിത്. കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. ഇതോടെയാണ് നിരാശനായ കള്ളന്‍ ഒരു ജോഡി ഡ്രസ് മാത്രമെടുത്ത ശേഷം ചില്ലു കഷണത്തില്‍ സന്ദേശം എഴുതിയത്.
'പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു'. ചില്ലുകഷ്ണത്തില്‍ കള്ളന്‍ എഴുതി.കള്ളന്റെ കുറിപ്പ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ 53 ഓളം കേസുകളില്‍ പ്രതിയാണ്. കല്‍പ്പറ്റ, കൊയിലാണ്ടി, ഫറോക്ക്, ഗുരുവായൂര്‍, കണ്ണൂര്‍, കാസര്‍കോട്, ബത്തേരി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
 

Latest News