മോന്‍സന്‍ പ്രതിയായ പീഡന  കേസില്‍  അനിത പുല്ലയിലിനെ ചോദ്യം ചെയ്തു

കൊച്ചി- പീഡന കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ മോന്‍സന്‍ മാവുങ്കല്‍ മുഖ്യ സൂത്രധാരനായ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. മോന്‍സന് എതിരായ ബലാത്സംഗ കേസിലെ ഇരയുടെ പേരാണ് വെളിപ്പെടുത്തിയത്. ഇരയാണെന്നു അറിഞ്ഞില്ലെന്നാണ് അനിതയുടെ മൊഴി. അനിതയുടെ മൊഴി പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
മോണ്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയില്‍ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തില്‍ എത്തി. പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിന് പരിസരത്ത് മുഴുവന്‍ സമയവും അവര്‍ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങള്‍ ചുറ്റും കൂടിയപ്പോള്‍ നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു.
പ്രവാസി സംഘനാ പ്രതിനിധി എന്ന നിലയില്‍ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയില്‍. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോണ്‍സണ്‍ മവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോണ്‍സന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോള്‍ സൗഹൃദത്തില്‍ പിന്‍മാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേര്‍ത്തിട്ടില്ല. കള്ളപ്പണ ഇടപാടില്‍ ഇഡിയുടെ അന്വേഷണ പരിധിയിലും ഇവരുണ്ട്. സാഹചര്യം ഇതായിരിക്കെയാണ് ലോക കേരള സഭയില്‍ അതിഥി പോലും അല്ലാതിരുന്നിട്ടും സമ്മേളനം നടന്ന മുഴുവന്‍ സമയവും അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തിന് അകത്ത് ചെലവഴിച്ചത്.
വ്യവസായികള്‍ക്ക് ഒപ്പം നിന്ന് സംസാരിച്ചും ഫോട്ടോ എടുത്തും അനിത സജീവമായിരുന്നു. കര്‍ശന നിയന്ത്രമാണ് ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ഛയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ പാസിന് പുറമെ പേരു മുന്‍കൂട്ടി ചോദിച്ച് പ്രത്യേക പാസ് നല്‍കിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം. ഓപ്പണ്‍ ഫോറത്തിന് പോലും ക്യാമറ അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ പാസ് പോലും ഇല്ലാതൊരു വ്യക്തി എങ്ങനെ അകത്ത് കയറിയെന്ന് ചോദിച്ചാല്‍ ക്ഷണിതാവല്ലെന്ന് മാത്രമാണ് നോര്‍ക്കക്ക് പറയാനുള്ളത്.

Latest News