Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ല -ഫാറൂഖ് അബ്ദുള്ള

പ്രതിപക്ഷ കക്ഷി യോഗം 21ന്

ന്യൂദൽഹി- രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയാകാനില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. സ്ഥാനാർഥി നിർണയത്തിനായി പ്രതിപക്ഷ കക്ഷികളുടെ യോഗം 21ന് ദൽഹിയിൽ ചേരാനിരിക്കെയാണ് ഫാറൂഖ് അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയത്. പതിനേഴ് പ്രതിപക്ഷ കക്ഷികളാണ് യോഗം ചേരുന്നത്. സ്ഥാനാർഥി നിർണയത്തിനായി കഴിഞ്ഞ ദിവസം ദൽഹിയിൽ ചേർന്ന യോഗത്തിൽ എൻ.സി.പി നേതാവ് ശരദ് പവാറിന്റെ പേരാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നോട്ട് വെച്ചത്. എന്നാൽ, താൻ മത്സരിക്കാനില്ലെന്ന് പവാർ വ്യക്തമാക്കി. അതോടെ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ഗാന്ധിജിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് മമത മുന്നോട്ട് വെച്ചത്. എന്നാൽ, ഒരു പേരിനെ ചുറ്റിപ്പറ്റി മാത്രം ചർച്ച വേണ്ടെന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ മകനും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുള്ള പറഞ്ഞത്. ഗോപാൽ കൃഷ്ണ ഗാന്ധിയുടെ കാര്യത്തിൽ സി.പി.എമ്മിനും സി.പി.ഐക്കും അനുകൂല നിലപാടാണുള്ളത്. 
    രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള യോഗം മമത ബാനർജി മുൻകൈ എടുത്ത് വിളിച്ച് ചേർത്തതിൽ ചില കക്ഷികൾ കഴിഞ്ഞ തവണ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. യോഗത്തിൽ മമത ബാനർജി തയാറാക്കിയ മൂന്ന് പേജുള്ള പ്രമേയം അവതരിപ്പിക്കാനും മറ്റു കക്ഷികൾ സമ്മതിച്ചില്ല. ഒടുവിൽ അതിൽനിന്ന് രണ്ടുവരി മാത്രം എടുത്ത് പ്രമേയമായി അവതരിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ ഭരണഘടനയും മതേതര സ്വഭാവവും കാത്തു സൂക്ഷിക്കുന്ന ഒരാളെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കണം എന്നായിരുന്നു പ്രമേയം. മമത വിളിച്ച് ചേർത്ത യോഗത്തിൽ നിന്ന് ടി.ആർ.എസും ആം ആദ്മി പാർട്ടിയും വിട്ടുനിന്നു. കോൺഗ്രസുമായി ഒരു വേദിയും പങ്കിടാനാകില്ലെന്ന് പറഞ്ഞാണ് തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറും പാർട്ടിയും പങ്കെടുക്കാതിരുന്നത്. ജൂൺ 21നു നടക്കുന്ന യോഗത്തിലേക്കും ഈ രണ്ടു കക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്.
    അതിനിടെ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അഭിപ്രായം തേടി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാന പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. അതോടെ സർക്കാർ ഒരു പൊതുസമ്മതനെ രാഷ്ട്രപതിയായി നിർത്തുമെന്ന അഭ്യൂഹങ്ങളും ഉയർന്നു. എന്നാൽ, ഭരണപക്ഷത്തിന്റെ രാഷ്ട്രപതി ആരെന്നതിൽ ഇതുവരെയും സൂചനകൾ ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് ഒരു സ്ഥാനാർഥിയേയും രാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ടുവെച്ചിട്ടില്ലാത്ത കോൺഗ്രസ് പ്രതിപക്ഷ കക്ഷികളുടെ പൊതുസമ്മതനെ പിന്തുണക്കും.
 

Latest News