Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഗ്‌നിപഥ്' സ്‌കീം നിര്‍ത്തിവെക്കണമെന്ന് മോഡിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം- ഇന്ത്യന്‍ സേനയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ കൊണ്ടുവരുന്ന 'അഗ്‌നിപഥ്' സ്‌കീം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.

നാലു കൊല്ലത്തേക്കുള്ള ഈ താത്കാലിക നിയമന പദ്ധതിക്കെതിരെ യുവജനങ്ങളുടെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ദേശീയ സുരക്ഷാ വിദഗ്ധരും സേനയില്‍നിന്ന് വിരമിച്ച പ്രമുഖരും 'അഗ്‌നിപഥിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ വിമര്‍ശനങ്ങളെ കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചു.

രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്നമാണ് സൈനിക ഉദ്യോഗം. രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുകയെന്ന വലിയ കര്‍ത്തവ്യമാണ് അവര്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴില്‍ സുരക്ഷിതത്വവും വേതനവും വിമുക്തഭട സംവരണവും മറ്റ് ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്.

വളരെ ചുരുങ്ങിയ തൊഴില്‍ കാലാവധിയെന്നത് സൈനികോദ്യോഗത്തിന്റെ പ്രൊഫഷണലിസത്തെ ബാധിക്കുമെന്ന്  വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ട്രെയിനിംഗ് കാലാവധിയില്‍ നേടുന്ന വൈദഗ്ധ്യം വലിയ കാലയളവിലേക്കുള്ളതാണ്. നാലുകൊല്ലമെന്ന ചുരുങ്ങിയ കാലാവധി രാജ്യസുരക്ഷയെ തന്നെ ബാധിച്ചേക്കും. ഉന്നതവിദ്യാഭ്യാസത്തിനും മറ്റു തൊഴില്‍ നൈപുണ്യം നേടുന്നതിനും ഉപയോഗിക്കേണ്ട കാലയളവുകൂടിയാണ് ഈ നാലുകൊല്ലം. 'അഗ്‌നിപഥ്' പദ്ധതിയിലെ നാലുവര്‍ഷ കാലത്തെ സേവനത്തിനു ശേഷം ഈ യുവാക്കളുടെ തൊഴില്‍ ലഭ്യതക്കുള്ള സാധ്യതകളും ചുരുങ്ങും. ഈ വിഷയങ്ങള്‍ക്കൊക്കെ കേന്ദ്രസര്‍ക്കാര്‍ തൃപ്തികരമായ മറുപടി നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. അതോടൊപ്പം നിലവിലെ സേനാ റിക്രൂട്‌മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ പലരുടെയും ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതുമുണ്ട്.

രാജ്യത്ത് നിലവില്‍ സ്ഥിരം തൊഴിലവസരങ്ങള്‍ കുറയുകയും കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളില്‍ നികത്തപ്പെടാത്ത ഒഴിവുകള്‍ കൂടിവരികയും ചെയ്യുകയാണ്. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ അനുവദിക്കപ്പെട്ട തസ്തികകളില്‍ 22.76 ശതമാനം 2018 19 ല്‍ ഒഴിഞ്ഞുകിടക്കുകയാണ്. 2020 മാര്‍ച്ച് 1 വരെയുള്ള കണക്കുകള്‍ പ്രകാരം 8,72,243 തസ്തികകള്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ നികത്താന്‍ ബാക്കിയുണ്ട്. രാജ്യത്തെ തൊഴിലന്വേഷകരുടെ വികാരം മാനിച്ചും വിദഗ്ധരുയര്‍ത്തിയ വിമര്‍ശനങ്ങളെ പരിഗണിച്ചും 'അഗ്‌നിപഥ്' നിര്‍ത്തലാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

 

Latest News