ബെയ്‌റൂത്ത്- ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ ലോകത്തെ നടുക്കി വീണ്ടും രാസായുധ പ്രയോഗം. തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള ദൂമയിൽ കുട്ടികളും സ്ത്രീകളുമടക്കം നാൽപതോളം പേർ കൊല്ലപ്പെട്ടത് രാസായുധ പ്രയോഗത്തിലാണെന്ന് സംശയമുണർന്നു. സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിയാത്ത വിധം പ്രദേശം വലയം ചെയ്തിരിക്കുകയാണ് സിറിയൻ സൈന്യം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ സിറിയൻ പ്രസിഡന്റ് ബശാർ അൽ അസദിന്റെ മനുഷ്യത്വ രഹിത നടപടിയിൽ നടുക്കം പ്രകടിപ്പിച്ചു. സംഭവത്തെ സൗദി അറേബ്യ അപലപിച്ചു. യു.എൻ രക്ഷാസമിതി ഇന്ന് വിഷയം ചർച്ച ചെയ്‌തേക്കും.
ക്ലോറിനും ഇനിയും തിരിച്ചറിയാൻ കഴിയാത്ത മറ്റൊരു വാതകവുമാണ് വിമത നിയന്ത്രണത്തിലുള്ള ദൂമയിൽ അസദ് സൈന്യം പ്രയോഗിച്ചതെന്നാണ് സംശയിക്കുന്നത്. നൂറിലധികം പേർ ആരോഗ്യനില തകരാറിലായി ചികിത്സയിലാണ്. സിറിയൻ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക കുറ്റപ്പെടുത്തി. എന്നാൽ രാസായുധാക്രമണം നടന്നെന്ന വാർത്ത സിറിയൻ സർക്കാരും റഷ്യയും ഇറാനും നിഷേധിച്ചു.
തലസ്ഥാനമായ ദമാസ്‌കസിനടുത്താണ് ദൂമ. വൈറ്റ് ഹെൽമറ്റ് എന്ന സംഘടനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ നിരവധി കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ജനം പരിഭ്രാന്തിയിലാണ്. പലരും സുരക്ഷിതയിടങ്ങളിലേക്ക് മാറി. വിമത കേന്ദ്രങ്ങൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ശക്തമായ ആക്രമണമാണ് സിറിയൻ സൈന്യം സമീപ ദിവസങ്ങളിൽ നടത്തുന്നത്.
മേഖലയിൽ തങ്ങൾക്ക് നിയന്ത്രണമുള്ള ഏക പ്രദേശമായ ദൂമ വിട്ടുപോകാൻ വിമതർ സമ്മതിച്ചതായി സിറിയയിലെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. സർക്കാർ സേനയുടെ നിരന്തരവും ശക്തവുമായ വ്യോമാക്രമണവും ഷെല്ലാക്രമണവും ദ ആർമി ഓഫ് ഇസ്‌ലാം വിമതരെ സ്ഥലം വിടാൻ പ്രേരിപ്പിച്ചെന്നും ദേശീയ വാർത്താ ഏജൻസിയായ സന പറഞ്ഞു. എന്നാൽ ഇക്കാര്യം വിമതർ സ്ഥിരീകരിച്ചിട്ടില്ല.
ദൂമയിലെ വീടുകളിലും അഭയകേന്ദ്രങ്ങളിലും ശ്വാസം മുട്ടി മരണാസന്നരായ നിലയിൽ ചില സന്നദ്ധ സംഘടനകളിലെ വളണ്ടിയർമാരാണ് ആളുകളെ കണ്ടെത്തിയത്. വായിൽനിന്ന് പത വരുന്നുണ്ടായിരുന്നു. എന്ത് വാതകമാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്നും എന്നാൽ ക്ലോറിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്നും ഇവരെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് രാസായുധ പ്രയോഗം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നു തുടങ്ങിയത്.
വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ 42 പേരെ കണ്ടെത്തിയെന്നാണ് വൈറ്റ് ഹെൽമറ്റ്‌സ് അറിയിക്കുന്നത്. രൂക്ഷമായ ഗന്ധം മൂലം തിരച്ചിൽ നടത്താനാവുന്നില്ലെന്നും സംഘടനയുടെ വക്താവ് സിറാജ് മഹ്മൂദ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിറങ്ങിയവർക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
അഞ്ഞൂറോളം പേരെ വിവിധ മെഡിക്കൽ സെന്ററുകളിൽ അവശനിലയിൽ എത്തിച്ചതായി സിറിയൻ സിവിൽ ഡിഫൻസ്, സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റി എന്നിവ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.