ഉദ്ധവിന്റെ കാറില്‍നിന്ന് ഇറങ്ങാന്‍ മകന്‍ ആദിത്യയോട് ആവശ്യപ്പെട്ട് മോഡിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍

മുംബൈ- മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കാറില്‍നിന്ന് ഇറങ്ങാന്‍ മകനും സംസ്ഥാന മന്ത്രിയുമായ ആദിത്യ താക്കറെയോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.  ചൊവ്വാഴ്ചയാണ് സംഭവം.  യാത്ര ചെയ്യുന്നവരുടെ പട്ടികയില്‍ ആദിത്യയുടെ പേര് ഇല്ലാതിരുന്നതാണ് കാരണം.

മുംബൈയില്‍ പ്രധാനമന്ത്രി മോഡിയെ സ്വീകരിക്കാന്‍ നിശ്ചയിച്ചിട്ടുള്ള വി.ഐ.പികളുടെ പട്ടികയില്‍ ആദിത്യയുടെ പേരില്ലെന്ന് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) അറിയിക്കുകയായിരുന്നു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയില്‍ പോകുന്നതിനിടയിലാണ് സംഭവം.

തീരുമാനത്തില്‍ ഉദ്ധവ് താക്കറെ അസ്വസ്ഥനായിരുന്നുവെന്നും ആദിത്യ തന്റെ മകന്‍ മാത്രമല്ല, ഔദ്യോഗിക പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രധാനമന്ത്രി മോഡിയെ സ്വീകരിക്കാന്‍ അര്‍ഹതയുള്ള ഒരു കാബിനറ്റ് മന്ത്രിയാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. തുടര്‍ന്ന് യാത്ര ചെയ്യാന്‍ ആദിത്യയെ അനുവദിക്കുകയായിരുന്നു.

 

 

Latest News