മുസ്ലിംകൾ ഇന്ത്യ വിട്ടു പോകേണ്ടതില്ല എന്നും പ്രത്യേക ആനുകൂല്യങ്ങളോ അവകാശങ്ങളോ ഇല്ലാത്ത രണ്ടാം തരം പൗരന്മാരായി ഇന്ത്യയിൽ ജീവിക്കാമെന്നുമുള്ള എന്ന സവർക്കറുടെ നിലപാടാണ് ബി.ജെ.പി നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം ഇതാണെന്നു സവർക്കർ അന്നേ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അനുയായികൾ അതു നടപ്പാക്കുന്നു. ഇത്തരത്തിൽ കുതിച്ചുപായുന്ന കാവിരഥത്തെ പിടിച്ചുകെട്ടാനാവുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ഇന്ത്യയുടെ ഭാവി.
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ജനാധിപത്യത്തിനു നേരെ അവസാന പ്രഹരമേൽപിക്കാനുളള നീക്കത്തിലാണ് സംഘപരിവാർ ശക്തികൾ. അതിലൂടെ നൂറു വർഷത്തിനുളളിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന തങ്ങളുടെ ലക്ഷ്യം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഊർജിതമാക്കിയിരിക്കുന്നതെന്നും കരുതാം. രണ്ടു തരത്തിലാണ് ഇപ്പോൾ ആ ലക്ഷ്യം നേടാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുന്നത്. ഒന്ന്, തങ്ങളെ എതിർക്കുന്ന ശക്തികളെ എല്ലാവിധ കേന്ദ്ര ഏജൻസികളും ഭരണകൂട സ്ഥാപനങ്ങളും ഉപയോഗിച്ച് തകർക്കുക. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ഇ.ഡിയെ ഉപയോഗിച്ച് ഇപ്പോൾ നടത്തുന്ന നീക്കം അതിന്റെ ഭാഗമാണ്. മറ്റൊന്ന് ഏറെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലിം വിരോധം ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നതു തന്നെ. അതാണ് ഇപ്പോൾ ബുൾഡോസർ രാഷ്ട്രീയത്തിൽ എത്തിയിരിക്കുന്നത്. അതിനിടയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗതമായിരിക്കുന്നത്.
ഏറെ ദുർബലമാണെങ്കിലും രാജ്യത്ത് എല്ലാ മേഖലകളിലും സ്വാധീനമുള്ള ഏക പ്രതിപക്ഷ പാർട്ടി കോൺഗ്രസാണല്ലോ. മാത്രമല്ല, പല സംസ്ഥാനങ്ങളിലും ശക്തരായ പല പ്രാദേശിക പാർട്ടികളും കോൺഗ്രസുമായി സഖ്യത്തിലുമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ നേരിയ സ്വാധീനം പോലും ഇല്ലാതാക്കുന്നത് തങ്ങളുടെ ലക്ഷ്യം നേടാൻ അനിവാര്യമാണെന്ന് അവർക്കറിയാം. അതാണ് കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം തന്നെ രൂപം കൊണ്ടത്. ഇക്കാര്യത്തിൽ സംഘപരിവാർ നേരിടുന്ന പ്രധാന വെല്ലുവിളി നെഹ്റു കുടുംബത്തിനും സോണിയക്കും രാഹുലിനുമൊക്കെ ഇപ്പോഴും നിലനിൽക്കുന്ന പിന്തുണയും പ്രതിഛായയുമാണ്. അതു തകർക്കാതെ രാജ്യത്തെ കോൺഗ്രസ് മുക്തമാക്കാനാകില്ല എന്നവർക്ക് വ്യക്തമായിട്ടുണ്ട്. അതിനാലാണ് ഇപ്പോൾ ഇ.ഡിയെ രംഗത്തിറക്കിയിട്ടുള്ളത്. ഇ.ഡിയും സി.ബി.ഐയും ഗവർണറുമൊക്കെ സംഘപരിവാറിന്റെ വെറും ചട്ടുകങ്ങളായി മാറിയ സ്ഥാപനങ്ങളാണല്ലോ.
ആയിരത്തോളം സ്വാതന്ത്ര്യ സമര സേനാനികളെ ഓഹരിയുടമകളാക്കി ജവാഹർലാൽ നെഹ്റു പത്രപ്രസിദ്ധീകരണത്തിനായി ആരംഭിച്ച സ്ഥാപനമാണ് അസോസിയേറ്റ് ജേണൽസ് ലിമിറ്റഡ്. പത്രപ്രസിദ്ധീകരണം നിലച്ചതിനു പിന്നാലെ, ഇതിന്റെ ഉടമാവകാശം സോണിയക്കും രാഹുലിനും കൂടി 76 ശതമാനം ഓഹരി പങ്കാളിത്തമുള്ള യംഗ് ഇന്ത്യൻ എന്ന സന്നദ്ധ സംഘടന നിസ്സാര വിലയ്ക്കു സ്വന്തമാക്കിയതിനു പിന്നിൽ വൻ ക്രമക്കേടാരോപിച്ച് ഡോ. സുബ്രഹ്മണ്യൻ സ്വാമി നൽകിയ കേസിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. 2010 നവംബർ മൂന്നിന് സ്ഥാപിക്കപ്പെട്ട യംഗ് ഇന്ത്യൻ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, കമ്പനി ആക്ട് പ്രകാരം നോട്ട് ഫോർ പ്രോഫിറ്റ് വിഭാഗത്തിൽ പെടുന്ന സ്ഥാപനമാണെന്നും കമ്പനിയിലെ ഒരു വ്യക്തിക്കും ഇതിന്റെ ലാഭത്തിൽ നിന്നു ഒരു രൂപ പോലും കൈപ്പറ്റാൻ കഴിയില്ലെന്നും വസ്തുവകകൾ കൈമാറ്റം ചെയ്യാനോ ഷെയർ വിൽക്കാനോ കഴിയാത്ത ഈ കമ്പനി ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ലാഭവിഹിതം ഉപയോഗിക്കുന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. 90 കോടി രൂപ നഷ്ടത്തിലായ ഐ.ജെ.എല്ലിന് യംഗ് ഇന്ത്യനിലൂടെ അത്രയും തുക പലിശരഹിത വായ്പയായി നൽകുന്നു. എ.ജെ.എൽ ആ പണം ജീവനക്കാരുടെ ശമ്പളത്തിനും ജീവനക്കാരുടെ റിട്ടയർമെന്റ് ബെനിഫിറ്റിനും മറ്റു ഉപയോഗിക്കുന്നു. കാലാവധിക്കുള്ളിൽ തിരിച്ചടവുകളൊന്നും നടത്താൻ കഴിയാതെ വന്നപ്പോൾ എ.ജെ.എല്ലിനെ യംഗ് ഇന്ത്യൻ ഏറ്റെടുക്കുന്നു. ഇതാണ് സംഭവിച്ചതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
2014 ൽ ഇ.ഡി അന്വേഷിച്ച് കേസ് നിലനിൽക്കുന്നതല്ല എന്ന് റവന്യൂ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് അന്നത്തെ ഇ.ഡി തലവൻ രാജൻ കട്ടോഘിനെ സ്ഥാനത്ത് നിന്ന് മാറ്റി കേസ് പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മൂന്നു ദിവസത്തിനു ശേഷവും രാഹുലിനെയും പിന്നീട് സോണിയയെയും ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം. ഒപ്പം അറസ്റ്റ് ചെയ്യാനും നീക്കമുണ്ടെന്നാണ് വാർത്ത. തീർച്ചയായും കേന്ദ്ര സർക്കാരിന്റെ ഈ നീക്കങ്ങൾ നിഷ്കളങ്കമാണെന്ന് കരുതാനാവില്ല.
ഇതേ സമയത്താണ് മറുവശത്ത് ബുൾഡോസർ രാഷ്ട്രീയവും അരങ്ങേറുന്നത്. മസ്ജിദിനും ബീഫിനും വസ്ത്രത്തിനുമൊക്കെ ശേഷം പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസർ വെച്ചു തകർക്കുന്ന അവസ്ഥയിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം എത്തിയിരിക്കുന്നു. ജനാധിപത്യ പ്രതിഷേധങ്ങളെ നേരിടാൻ ഗ്യാങ്സ്റ്റർ ആക്ട് എന്ന ഭീകര നിയമമാണ് യു.പി സർക്കാർ പ്രയോഗിച്ചത്. ഏതെങ്കിലും ഗ്യാങിലെ അംഗമാണ് കുറ്റവാളിയെന്ന് കണ്ടെത്തിയാൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും പിടികിട്ടാപ്പുള്ളിയാണെങ്കിൽ സ്ഥാവര വസ്തുക്കൾ തകർക്കാനും ജില്ല ഭരണകൂടത്തിന് ഈ നിയമം അധികാരം നൽകുന്നു. പൗരത്വ പ്രക്ഷോഭ സമരങ്ങളിൽ പങ്കെടുത്ത 274 പേരുടെ സ്വത്തുക്കൾ യു.പി സർക്കാർ കണ്ടുകെട്ടിയത് ഈ നിയമത്തിന്റെ പിൻബലത്തിലാണ്. 2022 ഫെബ്രുവരിയിൽ സുപ്രീം കോടതി ഈ കണ്ടുകെട്ടലുകൾ റദ്ദാക്കുകയും ജനകീയ സമരങ്ങളുടെ നേരേ ഗ്യാങ്സ്റ്റർ ആക്ട് പ്രയോഗിക്കരുതെന്ന് പരാമർശിക്കുകയും ചെയ്തതാണ്.
ഇതേ സമയത്തു തന്നെ കാശി, മഥുര ക്ഷേത്രരാഷ്ട്രീയവും സജീവമാക്കിയതും കൂട്ടിവായിക്കണം. ബാബ്രി മസ്ജിദിന്റെ മുറിവുകൾ ഉണങ്ങുന്നതിനു മുമ്പാണ് ഈ നീക്കം ആരംഭിച്ചിരിക്കുന്നത്. ഇന്ന് ഇന്ത്യയിലെമ്പാടും പ്രകടമായി കാണുന്ന മതവിദ്വേഷ രാഷ്ട്രീയത്തിന്റെ -മുസ്ലിം വിരുദ്ധതയുടെ- ഉറവ തന്നെ ക്ഷേത്രരാഷ്ട്രീയമാണ്. താജ്മഹലിനെയും ക്ഷേത്രമാക്കി മാറ്റാനുള്ള നീക്കം നടക്കുന്നു. ഇതോടൊപ്പം തന്നെ ഇന്ത്യ ദേശരാഷ്ട്രമല്ല, നാഗരിക രാഷ്ട്രമാണെന്ന വാദവും ശക്തമായി മുന്നോട്ട് വെക്കുന്നുണ്ട്. ഈ സങ്കൽപം മുന്നോട്ടു വെക്കുന്നവർ പറയുന്നത് ദേശരാഷ്ട്രം എന്ന പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ ആശയത്തേക്കാൾ മുന്നേ തന്നെ തങ്ങളുടെ ദേശത്ത് ഒരു രാഷ്ട്ര സങ്കൽപം നിലനിന്നിരുന്നു എന്നാണ്. ഇന്ത്യൻ നാഗരിക രാഷ്ട്രം അവരുടെ കാഴ്ചപ്പാടിൽ ഒരു ഹിന്ദു നാഗരിക രാഷ്ട്രം മാത്രമാണ്. പടിഞ്ഞാറ് ഗാന്ധാരവും വടക്ക് ഹിമാലയവും കിഴക്ക് കാമരൂപവും കടന്ന് ഇരാവതി നദിയും തെക്ക് മഹാസമുദ്രവും അതിരിടുന്ന ഈ വിശാല ഭൂമിക അവർ ഹിന്ദുനാഗരികതയായാണ് സങ്കൽപിക്കുന്നത്. അതിന്റെ ലക്ഷ്യവും നൂറാം വർഷ ലക്ഷ്യവുമായി കൂട്ടിവായിക്കണം. മുസ്ലിംകൾ ഇന്ത്യ വിട്ടു പോകേണ്ടതില്ല എന്നും പ്രത്യേക ആനുകൂല്യങ്ങളോ അവകാശങ്ങളോ ഇല്ലാത്ത രണ്ടാം തരം പൗരന്മാരായി ഇന്ത്യയിൽ ജീവിക്കാമെന്നുമുള്ള എന്ന സവർക്കറുടെ നിലപാടാണ് ഇതിലൂടെയെല്ലാം നടപ്പാക്കാൻ ശ്രമിക്കുന്നത് എന്നതും വ്യക്തം. ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം ഇതാണെന്നു സവർക്കർ അന്നേ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അനുയായികൾ അതു നടപ്പാക്കുന്നു.
ഇത്തരത്തിൽ കുതിച്ചുപായുന്ന കാവിരഥത്തെ പിടിച്ചുകെട്ടാനാവുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ഇന്ത്യയുടെ ഭാവി നിലനിൽക്കുന്നത്. എന്നാൽ പ്രത്യാശ നൽകുന്ന മറുപടിയൊന്നും അതിനു കിട്ടുന്നില്ല. സംഘപരിവാറിന്റെ മതരാഷ്ട്ര വാദത്തെ പ്രതിരോധിക്കാൻ മതേതര വാദികൾക്കാവുന്നില്ല. അവരിൽ പലരും ചെന്നെത്തുന്നത് മൃദുഹിന്ദുത്വ വാദത്തിലാണെന്നതാണ് വൈരുധ്യം.
മുഖ്യധാരയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിസ്സഹായരാകുന്ന കാഴ്ചയാണ് കൂടുതൽ നിരാശ പകരുന്നത്. രണ്ടു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പു വരുമെന്നറിഞ്ഞിട്ടും ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യനിര പടുത്തുയർത്താൻ അവർക്കാവുന്നില്ല. ഇപ്പോഴതിനാകുന്നില്ലെങ്കിൽ ഇനിയൊരിക്കലും അതാവശ്യം വരില്ല എന്നു പോലും അവർ മനസ്സിലാക്കുന്നില്ല. അതാണല്ലോ ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പോലും ശക്തനായ ഒരു പൊതുസ്ഥാനാർഥിയെ നിർത്തി ഒരു വെല്ലുവിളിയെങ്കിലും ഉയർത്താൻ അവർക്കാകാത്തത്. സത്യത്തിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഒരു സാധ്യതയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്ന് സംഘപരിവാറിനെ നേരിടാനുള്ള ഒരു റിഹേഴ്സലായെങ്കിലും ഈ അവസരത്തെ ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. അതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും ഒന്നിച്ചുനിൽക്കുന്നതിൽ അവർ വിജയിക്കുമോ എന്നാണ് ഓരോ ജനാധിപത്യ - മതേതര വാദിയും ഇപ്പോൾ ഉറ്റുനോക്കുന്നത്.






